

കൊച്ചി: ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ടിന് നേതൃത്വം കൊടുക്കുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ 'സൂപ്പർമാൻ' എന്ന് വിശേഷിപ്പിച്ച് നടൻ ആസിഫ് അലി. തൃക്കാക്കര നിയോജക മണ്ഡലത്തിൽ എസ്എസ്എൽസി, സിബിഎസ്‌ഇ, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് പി.ടി. തോമസ് എഡ്യൂകേഷണൽ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു നടൻ. കാക്കനാട് രാജഗിരി എഞ്ചിനീയറിങ് കോളേജിൽ നടന്ന പരിപാടി രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്തത്.
"യുവതലമുറയെ കുറിച്ച് ഏറ്റവും കൂടുതൽ കരുതലോടെ പ്രവർത്തിക്കുന്ന സംസാരിക്കുന്ന ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ടിന്റെ ക്യാപ്റ്റൻ, കേരളത്തിന്റെ സ്വന്തം സൂപ്പർമാൻ ശ്രീ രമേശ് ചെന്നിത്തല, വേദിയിലിരിക്കുന്ന എല്ലാവർക്കും നമസ്കാരം," എന്ന് പറഞ്ഞു കൊണ്ടാണ് ആസിഫ് പ്രസംഗം ആരംഭിച്ചത്.
പി.ടി. തോമസിന്റെ പേരിൽ ഏർപ്പെടുത്തിയ ഒരു പുരസ്കാരം കുട്ടികൾക്ക് കൊടുക്കാനായി തന്നെ വിളിച്ചതിൽ വ്യക്തിപരമായി അഭിമാനമുണ്ടെന്ന് ആസിഫ് പറഞ്ഞു.
"പി.ടി എന്ന് ഞങ്ങൾ തൊടുപുഴക്കാർ സ്നേഹത്തോടെ വിളിക്കുന്ന പി.ടി. തോമസിന്റെ പേരിലുള്ള ഒരു എക്സല്ലൻസ് അവാർഡ് കൊടുക്കാൻ എന്നെ വിളിക്കുക എന്ന് പറയുന്നത് എന്റെ പേഴ്സണൽ ലൈഫിൽ വലിയൊരു അച്ചീവ്മെന്റ് തന്നെയാണ്. ഞാൻ പത്താം ക്ലാസിൽ ബോർഡിങ് സ്കൂളിൽ നിന്നാണ് പഠിച്ചത്. എല്ലാ ഹോസ്റ്റലിലും സംഭവിക്കുന്നതുപോലെ എനിക്ക് അവിടുന്ന് ഒരു ദിവസം ഒരു പനി കിട്ടി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ മഞ്ഞപ്പിത്തം ആണെന്ന് ഡോക്ടേഴ്സ് പറഞ്ഞു അങ്ങനെ ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി. ഒരാഴ്ചത്തോളം തൊടുപുഴ സെന്റ് മേരിസ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു.അന്ന് എന്റെ അച്ഛൻ തൊടുപുഴയിലെ മുൻസിപ്പൽ കൗൺസിലർ ആണ്. വളരെ ആവേശത്തോടുകൂടി വാപ്പ അകത്തേക്ക് കയറി വന്ന് ഡ്രിപ്പ് ഇട്ട് കിടക്കുന്ന എന്റെ അടുത്ത് വളരെ ആവേശത്തോടെ പറഞ്ഞു, 'പി.ടി. തോമസ് വരുന്നുണ്ട് നിന്നെ കാണാൻ'. ആ പ്രായത്തിൽ ഒരു രാഷ്ട്രീയക്കാരനെ ഞാൻ അത്രയും ശ്രദ്ധിച്ചിട്ടില്ല. വാപ്പയുടെ എക്സൈറ്റ്മെന്റ് കണ്ടപ്പോൾ ആ ക്ഷീണത്തിന്റെ ഇടയിലും ഞാൻ ആ പേര് ഓർത്തുവച്ചു. ഞാൻ ആശുപത്രിയിൽ കിടക്കുന്നതിന്റെ ടെൻഷനിലായിരുന്നു വാപ്പ. പക്ഷേ എല്ലാ പേടിയും ടെൻഷനും ഒരു 15 മിനുട്ട് ഇരുന്ന് സംസാരിച്ച് അദ്ദേഹം (പി.ടി) മാറ്റി കൊടുത്തു. എങ്ങനെ ഒരു നല്ല സ്റ്റുഡന്റ് ആയിട്ട് വളരാമെന്ന് ആ ബെഡിൽ കിടന്ന എന്നോട് ഉപദേശിക്കുകയും ചെയ്തു. ബെഡിന്റെ ഒരു സൈഡിൽ ഉമ ചേച്ചി ഉണ്ടായിരുന്നു. അന്നാണ് ഞാൻ ഉമ ചേച്ചിയെ ആദ്യമായിട്ട് കാണുന്നത്, നടൻ ഓർത്തെടുത്തു.
സ്കൂൾ- കോളേജ് കാലത്ത് തനിക്ക് എക്സലൻസ് അവാർഡ് ലഭിച്ചില്ലെന്നും സിനിമയിൽ നിന്ന് അത്തരമൊരു പുരസ്കാരം നേടാനാണ് ഇപ്പോൾ ആഗ്രഹിക്കുന്നതെന്നും ആസിഫ് നർമം കലർത്തി പറഞ്ഞു. "എന്റെ പ്രൊഫഷനായ സിനിമയിൽ നിന്ന് ഒരു എക്സല്ലൻസ് അവാർഡ് എന്നുള്ളതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. ഇന്ന് ഈ അവാർഡിന് അർഹരായി ഈ വേദിയിൽ എവിടെയോ ഇരിക്കുന്ന ഏതെങ്കിലും ഒരു കുട്ടിയുടെ കയ്യിൽ നിന്നായിരിക്കണം ആ അവാർഡ് ലഭിക്കേണ്ടത്," ആസിഫ് പറഞ്ഞു. കയ്യടികളോടെയാണ് സദസ് ആസിഫിന്റെ വാക്കുകളോട് പ്രതികരിച്ചത്.