

തിരുവനന്തപുരം: പ്രശസ്ത തമിഴ് ചലച്ചിത്രകാരൻ ഭാരതിരാജയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരുടെ വ്യഥകളേയും വേവലാതികളേയും ദൃശ്യവൽക്കരിച്ച ചലച്ചിത്രകാരനായിരുന്നു ഭാരതിരാജയെന്ന് പ്രതിപക്ഷ നേതാവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സ്റ്റുഡിയോ ഫ്ലോറുകളിൽ നിന്നും പച്ചയായ മനുഷ്യജീവിത പരിസരങ്ങളിലേക്ക് സിനിമയെ പറിച്ചു നടാൻ മുൻപന്തിയിൽ നിന്ന സംവിധായകനാണ് ഭാരതീരാജ. പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരുടെ വ്യഥകളേയും വേവലാതികളേയും ദൃശ്യവൽക്കരിച്ച ചലച്ചിത്രകാരനായിരുന്നു അദ്ദേഹം.
കേരളവുമായും മലയാള ചലച്ചിത്ര ലോകവുമായും എക്കാലത്തും അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം, സമീപകാലത്ത് ഒരു നടനെന്ന നിലയിലും മലയാളി പ്രേക്ഷകരിലേക്കെത്തി.
കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ചലച്ചിത്ര ലോകത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു.
വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു ഭാരതിരാജയുടെ അന്ത്യം. മകൻ മനോജിന്റെ അകാല വിയോഗത്തിന് പിന്നാലെ ഭാരതിരാജയുടെ ആരോഗ്യംമോശമായിരുന്നു. 16 വയതിനിലെ, കിഴക്കേ പോകുമെയിൽ, സിഗപ്പു റോജകൾ, നിഴൽഗൽ, അലൈകൾ ഓയിവതില്ലൈ, മുതൽ മര്യാദൈ, കിഴക്കു ചീമയിലെ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങൾ. 2020-ൽ പുറത്തിറങ്ങിയ 'മീണ്ടും ഒരു മര്യാദൈ' ആണ് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. ആമസോൺ പ്രൈം വീഡിയോ ആന്തോളജി വെബ് സീരീസായ 'മോഡേൺ ലവ് ചെന്നൈ'യിൽ 'പറവൈ കൂട്ടിൽ വാഴും മാൻകൾ' എന്ന സെഗ്‌മെന്റ് സംവിധാനം ചെയ്തത് ഭാരതിരാജയാണ്.