'ദ വോയ്‌സ് ഓഫ് ഹിന്ദ് റജബി'ന്റെ സെൻസർ സർട്ടിഫിക്കേഷൻ വൈകിപ്പിക്കുന്നു; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ

പലസ്തീനിയായ അഞ്ച് വയസുകാരി ഹിന്ദ് റജബിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ച ചിത്രമാണ് 'വോയിസ് ഓഫ് ഹിന്ദ് റജബ്'
'ദ വോയ്സ് ഓഫ് ഹിന്ദ് റജബ്'
'ദ വോയ്സ് ഓഫ് ഹിന്ദ് റജബ്'
Published on
Updated on

ഓസ്കാർ നാമനിർദേശം ലഭിച്ച 'ദ വോയ്‌സ് ഓഫ് ഹിന്ദ് റജബ്' എന്ന സിനിമയ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകാത്തതിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ച് പ്രതിപക്ഷ എംപിമാർ. രേഖാമൂലമുള്ള ഉത്തരവില്ലാതെയാണ് സെൻസർ സർട്ടിഫിക്കേഷൻ തടഞ്ഞുവച്ചിരിക്കുന്നത് എന്നതിൽ എംപിമാർ ആശങ്ക രേഖപ്പെടുത്തി. അടിയന്തര ഇടപെടലാണ് വിഷയത്തിൽ എംപിമാർ ആവശ്യപ്പെടുന്നത്. 2024ൽ ഇസ്രയേൽ കൊലപ്പെടുത്തിയ അഞ്ച് വയസുകാരി ഹിന്ദ് റജബിന്റെ ജീവിതത്തിലെ അവസാന മണിക്കൂറുകളെ ആസ്പദമാക്കി നിർമിച്ച ഡോക്യു-ഫിക്ഷൻ ചിത്രമാണ് 'ദ വോയ്‌സ് ഓഫ് ഹിന്ദ് റജബ്' .

ജയറാം രമേശ്, ജോൺ ബ്രിട്ടാസ്, രാം ഗോപാൽ യാദവ്, മനോജ് കുമാർ ഝാ, രാജാത്തി, സർഫറാസ് അഹമ്മദ്, ഹാരിസ് ബീരാൻ, ജാവേദ് അലി ഖാൻ തുടങ്ങിയ എംപിമാരാണ് കേന്ദ്ര മന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. സിനിമയുടെ പ്രമേയം സെൻസിറ്റീവ് ആണെങ്കിലും, അത് കലാപരമായ സ്വാതന്ത്ര്യത്തിന്റെയും പൊതുചർച്ചകളുടെയും പരിധിയിൽ വരുന്നതാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. 1952ലെ സിനിമാറ്റോഗ്രാഫ് ആക്ട് സിനിമകളുടെ സർട്ടിഫിക്കേഷനായി വ്യക്തമായ നടപടിക്രമങ്ങൾ നിശ്ചയിച്ചിട്ടുണ്ടെന്നും, നിർവചിക്കപ്പെട്ട തത്വങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ ഔദ്യോഗികമായി അറിയിക്കണമെന്നും എംപിമാർ ഓർമിപ്പിച്ചു. നിയമപരമായ ചട്ടക്കൂടിന് പുറത്തുള്ള, ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനങ്ങളെ സ്വാധീനിക്കുന്നത് മോശമായ ഒരു മാതൃക സൃഷ്ടിക്കുമെന്നും കത്തിൽ കൂട്ടിച്ചേർക്കുന്നു.

'ദ വോയ്സ് ഓഫ് ഹിന്ദ് റജബ്'
'ലൂസിഫറി'നെ വെല്ലുന്ന ഐറ്റം വരുന്നു, മലയാളത്തിലെ ദൈർഘ്യമേറിയ ട്രെയ്‌ലറുകളിൽ ഒന്ന് ; 'പേട്രിയറ്റ്' പുത്തൻ അപ്ഡേറ്റ്

"അവ്യക്തമോ അനൗദ്യോഗികമോ ആയ സെൻസർഷിപ്പിലൂടെ കലാപരമായ ആവിഷ്കാരത്തെ തടയാനാവില്ല. വൈവിധ്യമാർന്ന ആശയങ്ങളെയും ആഖ്യാനങ്ങളെയും അടിച്ചമർത്തുന്നതിന് പകരം അവയുമായി തുറന്ന സംവാദത്തിന് അനുവദിക്കുന്നതിലാണ് ഇന്ത്യയുടെ ജനാധിപത്യ കരുത്ത് നിലനിൽക്കുന്നത്," എന്നാണ് വിഷയത്തിൽ ജോൺ ബ്രിട്ടാസ് എംപി പറഞ്ഞത്.

ടുണീഷ്യൻ സംവിധായക കൗത്തർ ബെൻ ഹനിയയാണ് 2024 ജനുവരിയിൽ ഗാസയിൽ വച്ച് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിന്ദ് റജബിന്റെ ജീവിതത്തെ ആസ്പദമാക്കി ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ആക്രമണത്തിൽ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടപ്പോൾ കാറിനുള്ളിൽ കുടുങ്ങിയ ഹിന്ദ്, സഹായത്തിനായി റെഡ് ക്രസന്റ് സൊസൈറ്റിയുമായി നടത്തിയ ഫോൺ സംഭാഷണമാണ് ചിത്രത്തിന്റെ കാതൽ. ഇതിൽ ഉപയോഗിച്ചിരിക്കുന്ന പെൺകുട്ടിയുടെ ശബ്ദം ഒറിജിനൽ റെക്കോർഡിങ്ങാണ്. ടുണീഷ്യൻ നിർമിതമായ ഈ ചിത്രം അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

'ദ വോയ്സ് ഓഫ് ഹിന്ദ് റജബ്'
കാത്തിരിപ്പിന് വിരാമം; 'കത്തനാർ' ടീസർ ട്രെയ്‌ലർ തീയതി പുറത്ത്

എന്നാൽ, സിനിമയ്ക്ക് പ്രദർശനാനുമതി നൽകുന്നത് ഇന്ത്യ - ഇസ്രയേൽ നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്ന ആശങ്കയാണ് സെൻസർ ബോർഡ് തങ്ങളോട് പങ്കുവച്ചതെന്നാണ് ചിത്രത്തിന്റെ ഇന്ത്യൻ വിതരണക്കാരായ ജയ് വിരാത്ര എന്റർടെയ്‌ൻമെന്റിന്റെ തലവൻ മനോജ് നന്ദ്‌വാന പറയുന്നത്. ചിത്രം "അങ്ങേയറ്റം സെൻസിറ്റീവ്" ആണെന്നാണ് ബോർഡിന്റെ നിലപാടെന്നും മനോജ് കൂട്ടിച്ചേർത്തു.

മാർച്ച് 16ന് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നതിനാൽ മാർച്ച് ആറിന് സിനിമ ഇന്ത്യയിൽ റിലീസ് ചെയ്യുകയായിരുന്നു വിതരണക്കാരുടെ ലക്ഷ്യം. ഫെബ്രുവരി 27ന് ചിത്രം സിബിഎഫ്‌സിക്ക് മുൻപാകെ സ്ക്രീനും ചെയ്തു. എന്നാൽ, ഇതിന് സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചില്ല. ഇതോടെയാണ്, ചിത്രത്തിന്റെ ഇന്ത്യയിലെ പ്രദർശനം പ്രതിസന്ധിയിലായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com