
നെറ്റ്ഫ്‌ളിക്‌സ് മുതല്‍ ഹോട്ട്‌സ്റ്റാര്‍ വരെ നീളുന്ന നിരവധി ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ വിവിധ തരത്തിലുള്ള കണ്ടന്റുകളാണ് ഈ ആഴ്ച്ച പ്രേക്ഷകരെ കാത്തിരിക്കുന്നത്. മലയാളം, തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ് എന്നീ ഭാഷകളിലായ സിനിമ, സീരീസ്, ഡോക്യുമെന്ററി തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങളില്‍ പെട്ട കണ്ടന്റുകള്‍ ഓഗസ്റ്റില്‍ പ്രേക്ഷകരിലേക്ക് എത്തുകയാണ്. നെറ്റ്ഫ്‌ളിക്‌സ് സീരീസായ വെനസ്‌ഡേ മുതല്‍ ടൊവിനോ തോമസിന്റെ നടികര്‍ വരെ ഈ ലിസ്റ്റില്‍ പെടുന്നു.
പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രം വെനസ്‌ഡേ ആഡംസ് നെവര്‍മോര്‍ അക്കാദമിയിലേക്ക് തിരിച്ചെത്തുകയാണ്. ജെന ഓര്‍ട്ടേഗയാണ് സീരീസിലെ കേന്ദ്ര കഥാപാത്രം. 2022ല്‍ ആദ്യ സീസണ്‍ പ്രീമിയര്‍ ചെയ്ത് മൂന്ന് വര്‍ഷത്തിന് ശേഷമാണ് സീസണ്‍ 2 പ്രേക്ഷകരിലേക്ക് എത്തുന്നത്. നെറ്റ്ഫ്‌ളിക്‌സ് സീരീസ് ഓഗസ്റ്റ് ആറിന് സ്ട്രീമിംഗ് ആരംഭിക്കും.
എഡി മര്‍ഫി, പീറ്റ് ഡേവിഡ്‌സണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് ദ പിക്ക് അപ്പ്. കോമഡി ആക്ഷന്‍ ചിത്രമായ പിക്ക്അപ്പ് സംവിധാനം ചെയ്തിരിക്കുന്നത് ടിം സ്റ്റോറിയാണ്. രണ്ട് ട്രക്ക് ഡ്രൈവര്‍മാരുടെ ജീവിതത്തിലൂടെയാണ് സിനിമ കടന്ന് പോകുന്നത്. ആമസോണ്‍ പ്രൈമില്‍ ഓഗസ്റ്റ് ആറിന് ചിത്രം ഡയറക്ട് റിലീസായി എത്തും.
1990കളിലെ ആന്ധ്രാ പ്രദേശിലെ രഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്നാണ് മായാസഭ വികസിക്കുന്നത്. തെലുങ്ക് പൊളിറ്റിക്കല്‍ ഡ്രാമ സീരീസായ മായാസഭ ദേവ കട്ട, കിരണ്‍ ജയ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് ഏഴിന് സീരീസ് സോണി ലിവ്വില്‍ സ്ട്രീമിംഗ് ആരംഭിക്കും.
തെലുങ്ക് കോമഡി ചിത്രം ബദ്മഷുലു മധ്യവയസ്‌കരായ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. ശങ്കര്‍ ചെഗുരിയാണ് ചിത്രം സംവിധാനം ചെയ്തത്. ഓഗസ്റ്റ് 7ന് ചിത്രം ഇടിവി വിന്‍ എന്ന ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീമിംഗ് ആരംഭിക്കും.
സയന്‍സ് ഫിക്ഷന്‍ ബ്ലാക് കോമഡിയായ മിക്കി 17 മാര്‍ച്ച് ഏഴിനാണ് തിയേറ്ററുകളില്‍ എത്തിയത്. റോബേര്‍ട്ട് പാറ്റിന്‍സണ്‍ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ബോംഗ് ജൂണ്‍ ഹോ സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥ നടക്കുന്നത് 2054 കാലഘട്ടത്തിലാണ്. ഓഗസ്റ്റ് ഏഴിന് ആമസോണ്‍ പ്രൈമില്‍ ചിത്രം സ്ട്രീം ചെയ്യും.
ലൗ ഹേര്‍ട്ട്‌സ് എന്ന അമേരിക്കന്‍ ആക്ഷന്‍ കോമഡി ചിത്രം ഫെബ്രുവരി ഏഴിനാണ് തിയേറ്ററുകളിലെത്തിയത്. കെ ഹുയ് ക്വാന്‍ പ്രധാന കഥാപാത്രമായി എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജൊനാതന്‍ യുസെബിയോ ആണ്. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. ജിയോ പ്ലസ് ഹോട്ട്‌സ്റ്റാറില്‍ ചിത്രം ഓഗസ്റ്റ് എഴ് മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും.
ബിന്‍ദിയ കി ബാഹുബലി എന്ന സീരീസിന്റെ കഥ നടക്കുന്നത് ബിഹാറിലാണ്. അവിടുത്തെ ദവാന്‍ കുടുംബത്തിന്റെ കഥയാണ് സീരീസ് പറയുന്നത്. രാജ് അമിത് കുമാര്‍ സംവിധാനം ചെയ്ത ഹിന്ദി സീരീസ് ഓഗസ്റ്റ് എട്ടിനാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ആമസോണ്‍ എംഎക്‌സ് പ്ലെയറിലാണ് സീരീസ് സ്ട്രീം ചെയ്യുക.
വിഷ്ണു വിശാല്‍ നിര്‍മിച്ച തമിഴ് ചിത്രം ഓഹോ എന്‍തെന്‍ ബേബി ജൂലൈ 11നാണ് തിയേറ്ററിലെത്തിയത്. കൃഷ്ണകുമാര്‍ രാമകുമാറാണ് സംവിധാനം. സംവിധായകനാകാന്‍ ആഗ്രഹിച്ച ഒരു വ്യക്തിയുടെ കഥയാണ് ചിത്രം പറയുന്നത്. കോമഡിക്കും പ്രണയത്തിനും പ്രാധാന്യം നല്‍കികൊണ്ടാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം തമിഴിലും മറ്റ് ഭാഷകളിലുമായി ഓഗസ്റ്റ് എട്ടിന് നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും.
നടന്‍ സൂരി കഥ എഴുതി കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് മാമന്‍. ഐശ്വര്യ ലക്ഷ്മി നായികയായ ചിത്രം മെയ് 16നാണ് തിയേറ്ററിലെത്തിയത്. പ്രശാന്ത് പാണ്ഡ്യരാജാണ് സംവിധാനം. ഫാമലി ഡ്രാമയായി ഒരുങ്ങിയ ചിത്രം സീ5ല്‍ ഓഗസ്റ്റ് എട്ടിന് ഒടിടി റിലീസായി എത്തും.
മത്സ്യതൊഴിലാളികളുടെ കഥ പറയുന്ന തെലുങ്ക് സീരീസാണ് അറേബ്യ കഡാലി. എട്ട് എപ്പിസോഡുകളിലായി റിലീസിന് ഒരുങ്ങുന്ന സീരീസിന്റെ സംവിധായകന്‍ വി വി സൂര്യ കുമാറാണ്. സീരീസ് തെലുങ്കിലും മറ്റ് ഭാഷകളിലുമായി ആമസോണ്‍ പ്രൈമില്‍ ഓഗസ്റ്റ് എട്ടിന് സ്ട്രീമിംഗ് ആരംഭിക്കും.
പാര്‍ഷി, അനിത എന്ന രണ്ട് ചെറുപ്പക്കാരുടെ കഥ പറയുന്ന തെലുങ്ക് സീരീസാണ് മോത്തേവാരി ലൗ സ്‌റ്റോറി. ശിവ കൃഷ്ണ ബുര, ദീക്ഷിത് ഉടുഗുല എന്നിവരാണ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. സീ5ല്‍ ഓഗസ്റ്റ് എട്ടിനാണ് സീരീസ് സ്ട്രീം ചെയ്യുക.
ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തിയ നടികര്‍ 2024 മെയ് മൂന്നിനാണ് തിയേറ്ററിലെത്തിയത്. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രം ഒരു വര്‍ഷത്തിന് ശേഷം ഒടിടിയിലേക്ക് എത്തുകയാണ്. ഓഗസ്റ്റ് എട്ടിന് സൈന പ്ലേയില്‍ സിനിമ സ്ട്രീം ചെയ്യും.
കന്നഡ ചിത്രമായ ഹെബ്ബുലി കട്ട് ജാതി വിവചേനത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ഒരു സ്‌കൂള്‍ കുട്ടിയുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്. ജൂലൈ നാലിനാണ് ചിത്രം തിയേറ്ററിലെത്തിയത്. ഭീംറാവു സംവിധാനം ചെയ്ത ചിത്രം യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രം സണ്‍ എന്‍എക്‌സ്ടിയില്‍ ഓഗസ്റ്റ് എട്ടിന് സ്ട്രീമിംഗ് ആരംഭിക്കും.
ഹിന്ദി സീരീസ് സലാകാര്‍ 1978 - 2025 കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. ചെറുപ്പക്കാരനായ ഒരു ഇന്ത്യന്‍ സ്‌പൈയുടെ കഥയാണ് സീരീസ്. ഫാറൂക് കബീര്‍ സംവിധാനം ചെയ്ത സീരീസ് ജിയോ പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ ഓഗസ്റ്റ് എട്ടിന് പ്രേക്ഷകരിലേക്ക് എത്തും.
മാര്‍ക്ക് ലീവിസ് സംവിധാനം ചെയ്ത സ്റ്റോളന്‍ : ഹെയ്‌സ്റ്റ് ഓഫ് ദ സെന്‍ച്വറി ഒരു ഇംഗ്ലീഷ് ഡോക്യമെന്ററിയാണ്. നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി ഓഗസ്റ്റ് എട്ട് മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും.
പെഡ്രോ പാസ്‌കല്‍ കേന്ദ്ര കഥാപാത്രമായ ഫ്രീക്കി ടെയില്‍സ് ഒരു അമേരിക്കന്‍ ആന്തോളജി ആക്ഷന്‍ കോമഡി ചിത്രമാണ്. ഏപ്രില്‍ നാലിനാണ് ചിത്രം തിയേറ്ററിലെത്തിയത്. റയാന്‍ ഫ്‌ളെക്, അന്ന ബോഡെന്‍ എന്നിവരാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ ഒടിടി റിലീസ് ഓഗസ്റ്റ് എട്ടിനാണ്. എച്ച്ബിഓ മാക്‌സിലാണ് സ്ട്രീം ചെയ്യുക
അഥീന റേച്ചല്‍ സാംഗരി സംവിധാനം ചെയ്ത ഹാര്‍വെസ്റ്റ് 2024 സെപ്റ്റംബറിലാണ് തിയേറ്ററിലെത്തിയത്. മാറ്റത്തെ കുറിച്ചും പാരമ്പര്യവും പുരോഗതിയും തമ്മിലുള്ള സംഘര്‍ഷത്തെ കുറിച്ചുമെല്ലാമാണ് ചിത്രം പറയുന്നത്. ഓഗസ്റ്റ് എട്ടിന് മുബിയിലാണ് ചിത്രം സ്ട്രീം ചെയ്യുക.
25 അത്‌ലെറ്റുകളുടെ കഥ പറയുന്ന നെറ്റ്ഫ്‌ളിക്‌സ് സീരീസാണ് ഫൈനല്‍ ഡ്രാഫ്റ്റ്. ഓഗസ്റ്റ് 12ന് സീരീസ് സ്ട്രീമിംഗ് ആരംഭിക്കും.
കൊമേഡിയന്‍ ജിം ജേഫറീസ് അവതരിപ്പിക്കുന്ന സ്റ്റാന്‍ഡ് അപ്പ് കോമഡി ഷോയാണ് ജിം ജേഫറീസ് : ടു ലിംബ് പോളിസി. നെറ്റ്ഫ്‌ളിക്‌സില്‍ ഓഗസ്റ്റ് 12 മുതല്‍ ഷോ സ്ട്രീം ചെയ്യും.
യുവാക്കളായ നാല് സുഹൃത്തുക്കളുടെ കഥ പറയുന്ന സീരീസാണ് യങ് മില്യണയേഴ്‌സ്. ഒരു ജാക്‌പോട്ട് വിജയിച്ചതിന് ശേഷം സമ്പന്നരാവുന്ന ഇവരുടെ ജീവിതത്തിലൂടെയാണ് സീരീസ് സഞ്ചരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സില്‍ ഓഗസ്റ്റ് 13ന് സീരീസ് സ്ട്രീം ചെയ്യും.
ഗൗരവ് ഷുക്‌ള സംവിധാനം ചെയ്ത ഹിന്ദി സീരീസാണ് സാരേ ജഹാന്‍ സേ അച്ചാ : ദ സൈലന്റ് ഗാഡിയന്‍സ്. പ്രതീക് ഗാന്ധി കേന്ദ്ര കഥാപാത്രമായി എത്തുന്ന സീരീസ് ഒരു ആക്ഷന്‍ ത്രില്ലറാണ്. നെറ്റ്ഫ്‌ളിക്‌സ് സീരീസായ സാരേ ജഹാന്‍ സേ അച്ചാ ഓഗസ്റ്റ് 13ന് സ്ട്രീമിംഗ് ആരംഭിക്കും.
അമേരിക്കന്‍ അഡള്‍ട് റൊമാന്റിക് കോമഡി ചിത്രമാണ് ഫിക്‌സ്ഡ്. ജൂണ്‍ 11നാണ് ചിത്രം തിയേറ്ററിലെത്തിയത്. ജെന്‍ഡി ടാര്‍ട്ടകോവ്‌സ്‌കി സംവിധാനം ചെയ്ത ഫിക്‌സ്ഡ് ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഓഗസ്റ്റ് 13നാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സിലെത്തുക.
2024 മാര്‍ച്ച് ഒന്‍പതിനാണ് സോങ്‌സ് ഫ്രം ദ ഹോള്‍ എന്ന ഡോക്യുമെന്ററി ആദ്യമായി പ്രേക്ഷകരിലേക്ക് എത്തുന്നത്. കോണ്ടെസ്സ ഗെയ്ല്‍സ് സംവിധാനം ചെയ്ത ഡോക്യുമെന്ററി ഓഗസ്റ്റ് 13 മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍ കാണാം.