
ഇന്ത്യയില്‍ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സുവര്‍ണകാലം കഴിഞ്ഞുവെന്നാണ് തനിക്ക് തോന്നുന്നതെന്ന് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. റേഡിയോ നഷയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനുരാഗ് ഇക്കാര്യം പറഞ്ഞത്.
'ഒടിടി ഇപ്പോള്‍ ടിവിയായി മാറിയിരിക്കുകയാണ്. ലോംഗ് ഫോര്‍മാറ്റ് സ്‌റ്റോറി ടെല്ലിംഗിന് എല്ലായിപ്പേഴും സാധ്യതകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നിലവില്‍ അതിന്റെ നിലവാരം നോക്കിയല്ല അല്‍ഗോരിതം നോക്കിയാണ് അത് നിര്‍ദേശിക്കപ്പെടുന്നത്. അതാണ് ഇവിടുത്തെ പ്രശ്‌നം. ടിആര്‍പി വന്നപ്പോള്‍ ടെലിവിഷന് സംഭവിച്ചതും ഇത് തന്നെയാണ്. എന്തു തരം കണ്ടന്റ് ഉണ്ടാക്കണമെന്നത് തീരുമാനിക്കുന്നത് ടിആര്‍പിയായി മാറിയിരുന്നു', അനുരാഗ് കശ്യപ് പറഞ്ഞു.
'പുതിയ സബ്‌സ്‌ക്രൈബര്‍മാരെ വേണ്ടപ്പോള്‍ അവര്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തും. അത് കഴിഞ്ഞാല്‍ അവര്‍ വീണ്ടും ടിവിയായി മാറുകയാണ് ചെയ്യുന്നത്. ഇതൊരു സൈക്കിളാണ്. 32 വര്‍ഷമായി ഞാന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടെന്നും' അനുരാഗ് കൂട്ടിച്ചേര്‍ത്തു.
നെറ്റ്ഫ്ളിക്‌സിന്റെ ആദ്യ ഇന്ത്യന്‍ ഒറിജിനല്‍ സീരീസായ സേക്രഡ് ഗെയിംസിന്റെ കോ ക്രിയേറ്റര്‍ ആയിരുന്നു അനുരാഗ് കശ്യപ്. ഹോട്ട്‌സ്റ്റാര്‍ സീരീസായ ബാഡ് കോപ്പിലും അനുരാഗ് കശ്യപ് കേന്ദ്ര കഥാപാത്രമാണ്.