"എന്താണ് ഇതിന്റെ അര്‍ത്ഥം?"; എച്ച്ബിഒ സീരീസിനെ വിമര്‍ശിച്ച് ഹാരി പോട്ടര്‍ സിനിമാ സംവിധായകന്‍
ഹാരി പോട്ടര്‍ ഫ്രാഞ്ചൈസിയെ ബിഗ് സ്‌ക്രീനില്‍ അവതരിപ്പിച്ച സംവിധായകന്‍ ക്രിസ് കൊളംബസ് എച്ച്ബിഒയുടെ വരാനിരിക്കുന്ന ഹാരി പോട്ടര്‍ സീരീസിനെ വിമര്‍ശിച്ച് രംഗത്തെത്തി. ദി റെസ്റ്റ് ഈസ് എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കവെ നിക്ക് ഫ്രോസ്റ്റിനെ ഹാഗ്രിഡ് എന്ന കഥാപാത്രമായി അവതരിപ്പിക്കുന്ന ചിത്രങ്ങള്‍ കണ്ടതായും അതില്‍ സമാനതകള്‍ ശ്രദ്ധിച്ചതായും സംസാരിച്ചു.
"ഞാന്‍ ഈ ചിത്രങ്ങള്‍ കാണുകയാണ്. ഹാഗ്രിഡ് എന്ന കഥാപാത്രത്തിനായി ഞങ്ങള്‍ ഡിസൈന്‍ ചെയ്ത അതേ വസ്ത്രമാണ് നിക്ക് ഫ്രോസ്റ്റ് ധരിച്ചിരിക്കുന്നത്. എന്താണ് ഇതിന്റെ അര്‍ത്ഥം എന്നാണ് എനിക്ക് മനസില്‍ തോന്നിയത്. വസ്ത്രങ്ങളും എല്ലാം വ്യത്യസ്തമായിരിക്കുമെന്ന് ഞാന്‍ കരുതി. പക്ഷെ അത് സിനിമയിലെ അതു പോലെ തന്നെയുണ്ട്. എല്ലാം ഒരുപോലെയാകും", കൊളംബസ് പറഞ്ഞു.
2001-ലെ ദി സോര്‍സറേഴ്‌സ് സ്‌റ്റോണ്‍, 2002-ലെ ദി ചേംബര്‍ ഓഫ് സീക്രട്ട്‌സ് എന്നീ സിനിമകളില്‍ അന്തരിച്ച റോബി കോള്‍ട്രെനെ ഹാഗ്രിഡായി അവതരിപ്പിച്ച കൊളംബസ് ആ കാഴ്ച്ച ആഹ്ളാദകരവും അസ്വസ്ഥത ഉളവാക്കുന്നതുമാണെന്ന് സമ്മതിച്ചു. "ഇത് എനിക്ക് ആഹ്ളാദകരമാണ്. കാരണം ഞാന്‍ ഡിസൈന്‍ ചെയ്ത ഹാഗ്രിഡ് എന്ന കഥാപാത്രത്തിന്റെ വസ്ത്രം അതാണ്", അദ്ദേഹം വ്യക്തമാക്കി.
വെറൈറ്റിയുമായുള്ള മുന്‍ അഭിമുഖങ്ങളില്‍, ഹാരി പോട്ടര്‍ ലോകത്തെ വീണ്ടും സന്ദര്‍ശിക്കുന്നതില്‍ തനിക്ക് താല്‍പര്യമില്ലെന്ന് കൊളംബസ് വ്യക്തമാക്കിയിരുന്നു. "ഞാന്‍ സിനിമ ചെയ്തു. നിങ്ങള്‍ എന്റെ പതിപ്പ് കണ്ടു. പോട്ടറിന്റെ ലോകത്ത് എനിക്ക് ഇനി ഒന്നും ചെയ്യാനില്ല", എന്നാണ് കൊളംബസ് പറഞ്ഞത്.
"എനിക്ക് ഒരിക്കലും അസൂയയല്ല. തീര്‍ച്ചയായും ഞാന്‍ മുന്നോട്ട് പോകേണ്ട സമയമായി. ഫ്രാഞ്ചൈസിയുടെ ആശയവുമായി ബന്ധപ്പെട്ട് എനിക്ക് എപ്പോഴും പ്രശ്‌നങ്ങളുണ്ടായിരുന്നു. ഞാന്‍ ഉള്‍പ്പെട്ട ഹാരി പോട്ടര്‍ സിനിമകളെ കുറിച്ച് എനിക്ക് ശരിക്കും അഭിമാനമുണ്ട്. ഞാന്‍ ഇപ്പോള്‍ മുന്നോട്ട് പോവുകയാണ്", എന്നും അദ്ദേഹം പോഡ്കാസ്റ്റില്‍ സംസാരിക്കവെ പറഞ്ഞു.
സമ്മിശ്ര വികാരങ്ങള്‍ക്കിടയിലും എച്ച്ബിഒയുടെ സീരീസിന് ഒരു പ്രധാന നേട്ടമുണ്ടെന്ന് കൊളംബസ് വെറൈറ്റിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്റെ സിനിമകളില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്ത കാര്യങ്ങള്‍ സീരീസിന് സാധിക്കുമെന്നാണ് അദ്ദേഹം കരുതുന്നത്.