
തെലുങ്ക് താരം വിഷ്ണു മഞ്ചു കേന്ദ്ര കഥാപാത്രമായി എത്തിയ കണ്ണപ്പ ഒടിടി റിലീസിന് ഒരുങ്ങുന്നു. ജൂണ്‍ 27നാണ് ചിത്രം തിയേറ്ററിലെത്തിയത്. വന്‍ താരനിരയോടെ തിയേറ്ററിലെത്തിയ ചിത്രം കൊമേഷ്യല്‍ ഹിറ്റായിരിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും പ്രതീക്ഷിച്ച രീതിയില്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കാന്‍ സിനിമയ്ക്കായില്ല. മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍ എന്നീ വമ്പന്‍ താരങ്ങള്‍ അണിനിരന്നിട്ടും ചിത്രം ബോക്‌സ് ഓഫീസില്‍ ഹിറ്റായിരുന്നില്ല.
ഭക്തിക്കും ആക്ഷനും ഒരുപോലെ പ്രാധാന്യം നല്‍കിയ ചിത്രം ഇനി ഒടിടിയിലേക്ക് എത്തുകയാണ്. ജൂലൈ 25ന് ചിത്രം ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് ആരംഭിക്കും. തിയേറ്ററില്‍ റിലീസ് ചെയ്ത് ഒരുമാസം പിന്നിടുന്നതിന് മുന്നെയാണ് ചിത്രത്തിന്റെ ഒടിടി റിലീസ്.
കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറഞ്ഞ ചിത്രം 1976ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് നിര്‍മിച്ചത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. മുകേഷ് കുമാര്‍ സിംഗ് സംവിധാനം ചെയ്ത ചിത്രം മോഹന്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എ വി എ എന്റര്‍ടൈന്‍മെന്റ്സ് എന്നീ ബാനറുകളിലാണ് നിര്‍മിച്ചിരിക്കുന്നത്.
ശരത് കുമാര്‍, മോഹന്‍ ബാബു, കാജല്‍ അഗര്‍വാള്‍, പ്രീതി മുകുന്ദന്‍, അര്‍പിത് രംഗ, കൗശല്‍ മന്ദ ദേവരാജ്, ഐശ്വര്യ, മധുബാല എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ കെച്ചയാണ്. സംഗീതം- സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍- ആന്റണി ഗോണ്‍സാല്‍വസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ചിന്ന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനയ് മഹേശ്വര്‍, ആര്‍ വിജയ് കുമാര്‍.