

നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രമാണ് 'ദ പാരഡൈസ്'. സെപ്റ്റംബർ 24ന് തിയേറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് അത്ര നല്ല പ്രേക്ഷക - നിരൂപക പ്രതികരണമല്ല ലഭിച്ചത്. സിനിമയുടെ അവതരണം വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ ട്രോൾ ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ, ഒടിടിയിലേക്ക് എത്താൻ ഒരുങ്ങുകയാണ് ചിത്രം.
‘ദസറ’യ്ക്ക് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും ഒന്നിച്ച ചിത്രമാണ് ‘ദ പാരഡൈസ്’. ജദാൽ എന്ന കഥാപാത്രത്തെയാണ് നാനി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കായദു ലോഹർ ആണ് നായിക. രാഘവ് ജൂയൽ വില്ലൻ വേഷത്തിലെത്തുന്ന ചിത്രത്തിൽ സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ആഗോള തലത്തിൽ 173.64 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.
നെറ്റ്ഫ്ലിക്സ് ആണ് 'പാരഡൈസി’ന്റെ ഡിജിറ്റൽ സ്ട്രീമിങ് ആവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. "ജദാലിന്റെ ലോകത്തേക്ക് സ്വാഗതം" എന്ന് കുറിച്ചുകൊണ്ടാണ് ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടത്. ഒക്ടോബർ 22 മുതൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. തെലുങ്കിന് പുറമേ, മലയാളം, ഹിന്ദി, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം ലഭ്യമാകും.
രചന, സംവിധാനം: ശ്രീകാന്ത് ഒഡേല, നിർമാതാവ്: സുധാകർ ചെറുകുറി, ബാനർ: ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസ്, ഛായാഗ്രഹണം: സി എച്ച് സായ്, സംഗീതം: അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ്: നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല, ഓഡിയോ: സരിഗമ മ്യൂസിക്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ, പിആർഒ: ശബരി.