
ജെ.ആര്‍.ഡി. ടാറ്റയുടെ 121-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് ആമസോണ്‍ എംഎക്‌സ് പ്ലെയറും ഓള്‍മൈറ്റി മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്ന് 'മെയിഡ് ഇന്‍ ഇന്ത്യ - എ ടൈറ്റന്‍ സ്റ്റോറി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. നടന്‍ നസീറുദ്ദീന്‍ ഷായാണ് സീരീസില്‍ ജെ.ആര്‍.ഡി. ടാറ്റയായി എത്തുന്നത്. ആധുനിക ഇന്ത്യയുടെ വ്യാവസായിക ഭാവിയെ രൂപ്പെടുത്താന്‍ സഹായിച്ച ടാറ്റയുടെ പാരമ്പര്യത്തെ എടുത്ത് കാണിക്കുന്നതാണ് പരമ്പരയുടെ ലക്ഷ്യം.
റോബി ഗ്രെവാള്‍ സംവിധാനം ചെയ്യുന്ന സീരീസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് കരണ്‍ വ്യാസാണ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ബ്രാന്‍ഡുകളിലൊന്നായ ടൈറ്റന്റെ രൂപീകരണത്തെ കുറിച്ചാണ് പറഞ്ഞുവെക്കുന്നത്. ടൈറ്റന്റെ സ്ഥാപക മാനേജിംഗ് ഡയറക്ടറായ സര്‍ക്‌സസ് ദേശായിയായി ജിം സര്‍ഭാണ് അഭിനയിക്കുന്നത്. നമിത ദുബെ, വൈഭവ് തത്വവാദി, കാവേരി സേത്ത്, ലക്ഷവീര്‍ ശരണ്‍, പരേഷ് ഗണേത്ര എന്നിവരും സീരീസില്‍ അഭിനയിക്കുന്നു.
വിനയ് കാമത്തിന്റെ 'ടൈറ്റന്‍ : ഇന്‍സൈഡ് ഇന്ത്യാസ് മോസ്റ്റ് സക്‌സസ്ഫുള്‍ കണ്‍സ്യൂബര്‍ ബ്രാന്‍ഡ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സീരീസ് ഒരുങ്ങുന്നത്. 1980ല്‍ ടാറ്റയും ദേശായിയും തമ്മില്‍ ഉണ്ടായിരുന്ന പങ്കാളിത്തത്തെ കുറിച്ചാണ് സീരീസ് പറയുന്നത്. ഇന്ത്യന്‍ വാച്ച് വ്യവസായത്തില്‍ വിപ്ലവം സൃഷ്ടിച്ച ഒരു കമ്പനി കെട്ടിപ്പെടുക്കുന്നതിന് അവര്‍ എന്തൊക്കെ വെല്ലുവിളികളെയാണ് അതിജീവിച്ചതെന്ന് സീരീസിലൂടെ പറയുന്നു.
ജെ.ആര്‍.ഡി. ടാറ്റയുടെ പൈതൃകത്തിന്റെ കഥ പറയുന്നത് പ്രചോദനം നല്‍കുന്ന ഒരു യാത്രയായിരുന്നു എന്നാണ് സംവിധായകന്‍ ഗ്രെവാള്‍ പറഞ്ഞത്. "ബിസനസിനെ കുറിച്ച് മാത്രമല്ല, ലക്ഷ്യബോധമുള്ള സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ ഉള്‍പ്പെട്ടിരിക്കുന്നു. നസീറുദ്ദീന്‍ ഷായെ നായകനാക്കി ഈ കഥയില്‍ ആഴവും ആധികാരികതയും കൊണ്ടുവരാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്", എന്നും സംവിധായകന്‍ വ്യക്തമാക്കി.
ഓള്‍മൈറ്റി മോഷന്‍ പിക്ചറാണ് സീരീസ് നിര്‍മിച്ചിരിക്കുന്നത്. 2026ല്‍ സീരീസ് സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് സൂചന. പ്ലാറ്റ്‌ഫോമില്‍ സീരീസ് സൗജന്യമായി ലഭ്യമാകും.