രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് കൂലി. ഓഗസ്റ്റ് 14ന് തിയേറ്ററിലെത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം ബോക്‌സ് ഓഫീസില്‍ നിന്നും നേടാനായില്ല. പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഇപ്പോഴിതാ തിയേറ്ററില്‍ റിലീസ് ചെയ്ത് 25 ദിവസം പിന്നിടുമ്പോള്‍ ചിത്രം ഒടിടിയില്‍ എത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയില്‍ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ചിത്രം ലഭ്യമാണ്.
ലോകേഷും രജനിയും തമ്മിലുള്ള ആദ്യ ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം തൊട്ടെ ആരാധകര്‍ വന്‍ പ്രതീക്ഷയിലായിരുന്നു. അതിന് ശേഷം വന്‍ താരനിര തന്നെ ചിത്രത്തിലുണ്ടെന്ന് നിര്‍മാതാക്കള്‍ അറിയിച്ചപ്പോള്‍ പ്രതീക്ഷ വീണ്ടും ഇരട്ടിയായി. അതോടെ 1000 കോടി ക്ലബില്‍ ചിത്രമെത്തുമെന്ന പ്രതീക്ഷ നിര്‍മാതാക്കള്‍ക്കും ആരാധകര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ 515 കോടിയാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍.
നാഗാര്‍ജുന, ഉപേന്ദ്ര, ആമിര്‍ ഖാന്‍ തുടങ്ങിയ പ്രമുഖര്‍ ചിത്രത്തിലുണ്ടായിരുന്നിട്ടും മികച്ച പ്രതികരണം നേടാന്‍ ചിത്രത്തിനായില്ല. അതോടൊപ്പം ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതും പ്രദര്‍ശനത്തെ ബാധിച്ചു. എന്നിരുന്നാലും 2025ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രമാണ് കൂലി.
ആക്ഷന്‍ ത്രില്ലറായ കൂലി ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ ഉള്‍പ്പെടുന്ന സിനിമയല്ല. ദേവ എന്ന കൂലിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍, കണ്ണ രവി, രചിത റാം എന്നിവരും അഭിനയിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സണ്‍ പിക്‌ചേഴ്‌സാണ് നിര്‍മാതാക്കള്‍.