"1800 ജൂനിയർ ആർട്ടിസ്റ്റുകൾ, ഡ്യൂപ്പില്ലാതെ ആക്ടേഴ്സ്, വിഷ്വലിൽ ഭ്രമിച്ച് ഞാൻ"; 'വേട്ടുവം' ഛായാഗ്രഹകൻ രൂപേഷ് ഷാജി | അഭിമുഖം

"ഒരു കസേരയിൽ ഇരുന്നിട്ട് സംവിധാനം ചെയ്യുന്ന ആളല്ല പാ രഞ്ജിത്ത്"
"1800 ജൂനിയർ ആർട്ടിസ്റ്റുകൾ, ഡ്യൂപ്പില്ലാതെ ആക്ടേഴ്സ്, വിഷ്വലിൽ ഭ്രമിച്ച് ഞാൻ"; 'വേട്ടുവം' ഛായാഗ്രഹകൻ രൂപേഷ് ഷാജി | അഭിമുഖം
Source: News Malayalam24x7
Published on: 
Updated on: 

വമ്പൻ സ്കെയിലിൽ പാ രഞ്ജിത്ത് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വേട്ടുവം'. ദിനേഷ്, ആര്യ, ശോഭിത ധുലിപാല, കലൈയരസൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ കഥാപരിസരം വെളിപ്പെടുത്തി അടുത്തിടെ അണിയറപ്രവർത്തകർ ഒരു ഗ്ലിംപ്സ് വീഡിയോ പുറത്തിറക്കിയിരുന്നു - World of Vettuvam. ഓരോ ഫ്രെയിമിലും കാണികൾ ഞെട്ടി. 'വേട്ടുവം' എന്താണെന്ന് അറിയാൻ ആവേശം കൊണ്ടു.

'വേട്ടുവ'ത്തിന്റെ ഈ ഫ്രെയിമുകൾക്ക് പിന്നിൽ ഒരു മലയാളിയാണ് - രൂപേഷ് ഷാജി. തമിഴ്, മലയാളം, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിൽ പ്രവർത്തിച്ച രൂപേഷ്, ആർട്ട്ഹൗസ് സിനിമകളുടെയും മുഖ്യധാരാ സിനിമകളുടെയും സൗന്ദര്യശാസ്ത്രം ഒരേപോലെ വഴങ്ങുമെന്ന് തെളിയിച്ച ഛായാഗ്രഹകനാണ്.

‘വേട്ടുവം’ സിനിമയെപ്പറ്റിയും പാ രഞ്ജിത്തിനൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങളും പങ്കുവയ്ക്കുകയാണ് രൂപേഷ് ഷാജി.

‘വേട്ടുവ’ത്തിന്റെ ലോകത്തിലേക്ക്

പാ രഞ്ജിത്ത് ‘വേട്ടുവ’ത്തിലേക്ക് എന്നെ വിളിച്ച സമയത്ത്, ഈ സിനിമ എന്താണെന്ന് ആർക്കും അറിയില്ല. എനിക്കും അറിയില്ലായിരുന്നു. ഇങ്ങനെയായിരിക്കും സിനിമ എന്ന് കുറച്ച് ഐഡിയകൾ മാത്രം പറഞ്ഞു. നാല് ക്ലാൻ ഉണ്ട്, അധികാരത്തിന് വേണ്ടിയിട്ടുള്ള ഒരു പോരാട്ടമാണിത് എന്നിങ്ങനെ ചെറിയ ഡീറ്റെയിൽസ് മാത്രം തന്നു; സിനിമയുടെ വിഷ്വൽ സ്റ്റൈലിനെപ്പറ്റി ചില ആശയങ്ങളും. അത് എങ്ങനെ വേണമെന്നുള്ള കാര്യം ഞാൻ അപ്പോഴും തീരുമാനിച്ചിട്ടില്ല; അദ്ദേഹവും. ഒരു സൈഫൈ എലമെന്റ് ഉണ്ട് സിനിമയിൽ. അതിനെപ്പറ്റി എനിക്ക് കൂടുതൽ ഇപ്പോൾ പറയാൻ പറ്റില്ല.

കഥ കേട്ടുകഴിഞ്ഞപ്പോൾ സംഭവം കൊള്ളാം എന്ന് തോന്നി. നല്ല രീതിയിലുള്ള പണിയുണ്ടെന്ന് മനസിലാകുകയും ചെയ്തു. ഇങ്ങനെ ഒരു സിനിമയുമായി ഇതിന് മുൻപ് ആരും എന്നെ സമീപിച്ചിട്ടില്ല. ഞാൻ എന്റെ ടീമുമായി ചേർന്ന് ആലോചിച്ചു. പ്ലാൻ ഉണ്ടാക്കാൻ കുറച്ചു സമയം എടുത്തു. ഈ ചിത്രം എങ്ങനെ ചെയ്യാം എന്നുള്ള ഐഡിയ ഉണ്ടായത് ഏകദേശം ഒരു മാസം കൊണ്ടാണ്.

ഈ സിനിമയിൽ ഞാൻ വളരെ സംതൃപ്തനാണ്. സാധാരണ ഒരു സിനിമ ചെയ്തു കഴിയുമ്പോഴും ചില ആശങ്കകൾ നമുക്കുണ്ടാകും. കുറച്ചുകൂടി നന്നായിട്ട് ചെയ്യാമായിരുന്നു എന്നൊരു തോന്നൽ വരും. ഇതിലും അങ്ങനെ തന്നെയാണ്. പക്ഷെ, ഇതുവരെ ചെയ്യാത്ത കാര്യങ്ങൾ ചെയ്യാൻ ഈ സിനിമയിലൂടെ സാധിച്ചു. അതിൽ എനിക്ക് നന്ദിയുണ്ട്.

പാ രഞ്ജിത്ത്, വല്ലാത്തൊരു അടിപൊളി മനുഷ്യൻ

പാ രഞ്ജിത്തുമായി ഞാൻ ആദ്യമായാണ് ഒരുമിച്ച് വർക്ക് ചെയ്യുന്നത്. മുൻപ് അദ്ദേഹം നിർമിച്ച രണ്ട് ചിത്രങ്ങളിൽ ക്യാമറ കൈകാര്യം ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ നല്ല പരിചയമുണ്ട്. അദ്ദേഹം സിനിമയെ സമീപിക്കുന്നത് എങ്ങനെയാണെന്ന് അറിയാം. ശക്തമായ വിഷ്വൽ സെൻസ് ഉള്ള വ്യക്തിയാണ്. അദ്ദേഹം വിഷ്വൽ കൺസ്ട്രക്ട് ചെയ്യുന്നത് കണ്ട് നിൽക്കാൻ തന്നെ രസമാണ്.

അദ്ദേഹം മനോഹരമായി സ്റ്റേജ് ചെയ്യും. എന്നിട്ട് ആ സീൻ മൊത്തം എങ്ങനെയാണ് നടക്കുക എന്ന് പല രീതിയിൽ നോക്കും. ഒരു സ്വീറ്റ് സ്പോട്ട് കണ്ടെത്തും. അതിനുശേഷമാകും ഷോട്ട് ഡിസൈൻ ചെയ്യുക. പെട്ടെന്നാകും അദ്ദേഹത്തിന് ഒരു ഐഡിയ വരിക. അത് നടപ്പാക്കാൻ ശ്രമിക്കും. അപ്പോഴെല്ലാം അദ്ദേഹം ഭയങ്കര കൂൾ ആയിരിക്കും.

ഷൂട്ടിങ്ങിനിടെ നമ്മൾ പറയുന്ന അഭിപ്രായങ്ങളും അദ്ദേഹം (പാ രഞ്ജിത്ത്) പരിഗണിക്കും. നമ്മൾ പറയുന്ന ആശയത്തെപ്പറ്റി ചിന്തിച്ച്, അതിനകത്തു നിന്ന് അദ്ദേഹം വേറൊരു സംഭവം കണ്ടെത്തി പറയും. അദ്ദേഹത്തിന്റെ ചിന്തകളിങ്ങനെ പൊയ്‌ക്കൊണ്ടേയിരിക്കും. ചില സമയത്ത് നമുക്ക് ഒപ്പം എത്താൻ പറ്റില്ല. ആ സമയങ്ങളിൽ നമുക്ക് പല രീതിയിലുള്ള ഇമോഷനുകൾ വരും. അപ്പോൾ അദ്ദേഹം തന്നെ നമ്മളെ ആശ്വസിപ്പിക്കും. വല്ലാത്തൊരു അടിപൊളി മനുഷ്യൻ!

പാ രഞ്ജിത്തിനൊപ്പം 'വേട്ടുവം' സെറ്റിൽ രൂപേഷ് ഷാജി
പാ രഞ്ജിത്തിനൊപ്പം 'വേട്ടുവം' സെറ്റിൽ രൂപേഷ് ഷാജി

തിരുവിഴ സീൻ ആണോ? തിരുവിഴ റെഡി!

വെറുതെ ഒരു സീൻ ബ്രേക്ക് ഡൗൺ ചെയ്ത് അതിനെ സമീപിക്കുന്ന സംവിധായകനല്ല പാ രഞ്ജിത്ത്. അദ്ദേഹം ഒരു ലോകം സൃഷ്ടിക്കും. ഉദാഹരണത്തിന് ഒരു അമ്പലത്തിലെ തിരുവിഴയാണ് (ഉത്സവമാണ്) ഷൂട്ട് ചെയ്യേണ്ടതെങ്കിൽ അദ്ദേഹം ശരിക്കും ആ പ്രതീതിയുണ്ടാക്കും. ഒരു ഉത്സവാന്തരീക്ഷം സൃഷ്ടിക്കും. ഒരു വേൾഡ് ബിൽഡിങ് നടക്കും. അതിനകത്തേക്ക് ക്യാമറയുമായി പ്രവേശിക്കുമ്പോൾ ആ ലോകത്തെത്തിയപോലാകും. എവിടേക്ക് തിരിഞ്ഞാലും ഒരു തിരുവിഴയുടെ ഫീൽ ലഭിക്കും. ഈ സിനിമയുടെ ആർട്ട് ഡയറക്ടർ എസ്.എസ്. മൂർത്തിക്ക് അതിൽ വലിയ പങ്കുണ്ട്. വിശ്വസനീയമായ രീതിയിലാണ് അദ്ദേഹം സെറ്റുകൾ ഒരുക്കുന്നത്.

അതേപോലെ, പാ രഞ്ജിത്ത് റെഫറൻസുകൾ കാണിക്കില്ല. റെഫറൻസുകൾ ഇല്ലെന്ന് തന്നെ പറയാം. എല്ലാം സ്വന്തം ഭാവനയാണ്. ഫൈൻ ആർട്സ് പശ്ചാത്തലമുള്ള ആളാണ്. ‘ഈ രാത്രി ഇങ്ങനെ ഇരിക്കണം’ എന്നാകും പറയുക. അപ്പോൾ ഞാൻ കുറേ ആശയങ്ങൾ പറയും. ചിലപ്പോൾ എന്തെങ്കിലും ടെസ്റ്റ് ഷൂട്ട് ചെയ്ത് കാണിക്കും. അതിൽ വിശദമായി സംസാരിക്കും. അങ്ങനെയാണ് ഓരോ സിറ്റുവേഷനും കൺസ്ട്രക്ട് ചെയ്തിരിക്കുന്നത്. ഓരോ സിറ്റുവേഷനും ഓരോ രൂപമാണ് സിനിമയിൽ ഞങ്ങൾ കൊടുത്തിരിക്കുന്നത്.

1800 ഓളം ജൂനിയർ ആർട്ടിസ്റ്റുകൾ, വിഷ്വലിൽ ഭ്രമിച്ച് ഞാൻ

ഒരു കസേരയിൽ ഇരുന്നിട്ട് സംവിധാനം ചെയ്യുന്ന ആളല്ല പാ രഞ്ജിത്ത്. അദ്ദേഹം ആൾക്കൂട്ടത്തെ നന്നായി ഉപയോഗിക്കും. ആദ്യത്തെ 10-25 ദിവസം 1800 ഓളം ജൂനിയർ ആർട്ടിസ്റ്റുകൾ ഉണ്ടായിരുന്നു. അതിൽ അധികവും അദ്ദേഹത്തിന് പരിചയം ഉള്ളവരാകും. എല്ലാവരുടെയും പേരെടുത്ത് തന്നെയാണ് വിളിക്കുക. ഇറങ്ങിച്ചെല്ലും. ഓരോ ആളുകളും നിൽക്കേണ്ടത് എവിടെയാണ്, ഏത് വഴിയാണ് നടക്കേണ്ടത്, എങ്ങനെയാണ് പോകേണ്ടത്? എന്നതിനൊക്കെ ഒരു ആക്ഷൻ ലൈൻ ഉണ്ടാകും. അദ്ദേഹം ഇറങ്ങിച്ചെന്ന് അത് സെറ്റ് ചെയ്യും. വലിയ ഒരു കാൻവാസാക്കി മാറ്റും. തിയേറ്ററിൽ കാണുമ്പോൾ നിങ്ങൾക്ക് അത് മനസിലാകും.

വിഷ്വലിൽ ഭ്രമിക്കുന്ന ഒരാളാണ് ഞാൻ. ഇത്രയും ആളുകളെ വച്ചിട്ടുള്ള ഒരു പരിപാടി ഞാനും ആദ്യമായിട്ടാണ് ചെയ്യുന്നത്. ആളുകൾ ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയല്ല. അവരുടെ ചലനങ്ങൾ ഒരു പാറ്റേൺ ആയിട്ടാണ് തോന്നുക. അതിനകത്ത് അദ്ദേഹം ഒരു നാടകീയതയൊക്കെ കൊണ്ടുവന്നിട്ടുണ്ട്. അത് ത്രില്ലിങ് ആയിരുന്നു.

ഡ്യൂപ്പില്ല; സേഫ്റ്റി നെറ്റോ, കേബിളോ ഇല്ല!

സിനിമയിലെ അഭിനേതാക്കൾ എല്ലാവരും പരസ്പരം പരിചയമുള്ളവരാണ്. എല്ലാവരും സഹകരിച്ച്, ഭയങ്കര ഇഷ്ടത്തോടെയാണ് ഈ ചിത്രം ചെയ്തത്. അവരുടെ പ്രകടനം എന്നെ അത്ഭുതപ്പെടുത്തി. പലപ്പോഴും ഒരു ഡ്യൂപ്പ് പോലുമില്ലാതെയാണ് ആക്ഷൻ ചെയ്യുന്നത്. ഒരു ഫൈറ്റ് സീനിൽ, ഓടികൊണ്ടിരിക്കുന്ന വണ്ടിക്കകത്ത് നിന്ന് കലൈയരസൻ വേറൊരു വണ്ടിയിലേക്ക് എടുത്ത് ചാടുന്നുണ്ട്. ഒരു സുരക്ഷാസംവിധാനവുമില്ലാതെ. അത്ഭുതത്തോടെയാണ് ഞാൻ അത് ഷൂട്ട് ചെയ്തത്. മല്ലഖമ്പ് രംഗങ്ങളുൾപ്പെടെ 90 ശതമാനവും സേഫ്റ്റി നെറ്റോ, കേബിളോ ഇല്ലാതെയാണ് ഷൂട്ട് ചെയ്തത്.

സംവിധായകരുമായി ചേർന്നുനിൽക്കുന്ന അഭിനേതാക്കളാണ് ഈ സിനിമയിലുള്ളത്. ഡയറക്ടർ എന്ത് പറഞ്ഞാലും അവർ റെഡിയാണ്. ആര്യയൊക്കെ ഞാൻ ചെറുപ്പം മുതൽ സിനിമയിൽ കാണുന്ന ആളാണ്. വളരെ ഇഷ്ടമുള്ള ആക്ടറാണ്. അദ്ദേഹം ഒരു ഡയലോഗ് പോലും ഇല്ലാതെ രണ്ടും മൂന്നും ദിവസം വെയിലത്ത് നിൽക്കുന്നത് കണ്ടിട്ടുണ്ട്. അതും ബാക്ക്ഗ്രൗണ്ടിൽ.

ആദ്യ സീനിന് 25 ദിവസം!

‘വേട്ടുവ’ത്തിന് ആദ്യ പ്ലാൻ ചെയ്തിരുന്നത് 80 ദിവസം ഷെഡ്യൂളായിരുന്നു. പക്ഷേ, സിനിമ വലുതായി. ഞങ്ങൾ 129 ദിവസമാണ് ഷൂട്ട് ചെയ്തത്. വൈകാരികമായ രംഗങ്ങൾ ഒരു നിശ്ചിത സമയം കൊണ്ട് ഷൂട്ട് ചെയ്തു. പിന്നങ്ങോട്ട് ഞാൻ ഏറ്റവും കൂടുതൽ അടുത്ത് പ്രവർത്തിച്ചത് സ്റ്റണ്ട് കൊറിയോഗ്രാഫർ ദിലീപ് സുബ്ബരായൻ മാസ്റ്ററുമായാണ്. അതും ദൈർഘ്യമേറിയ ഫൈറ്റ് സീക്വൻസുകൾക്കായി. ആഴ്ചകൾ കൊണ്ട് ചെയ്തുതീർത്ത ഫൈറ്റുകൾ ഉണ്ടായിരുന്നു. ആദ്യത്തെ സീൻ എടുക്കാൻ ഞങ്ങൾ ഏകദേശം 25 ദിവസത്തോളമാണ് എടുത്തത്.

മല്ലഖമ്പിൽ അനായാസം തലകുത്തിമറിയുന്ന ആക്ടേഴ്സ്

ആദ്യ ദിവസം ഞങ്ങൾ ഒരു ടെസ്റ്റ് ഷൂട്ട് വച്ചിരുന്നു. ഫുൾ സെറ്റപ്പിലാണ് ഷൂട്ട് ചെയ്യുന്നത്. ഇത് എങ്ങനെയിരിക്കും എന്നൊന്ന് കാണണം- അതാണ് ലക്ഷ്യം. ഞാൻ വിചാരിച്ചത് സാധാരണപോലെ ഒരു ഇൻഡസ്ട്രിയൽ ക്രെയിൻ വരും, അതിൽ ആക്ടേഴ്സിനെ കെട്ടിത്തൂക്കും, വലിച്ചു പൊക്കും എന്നൊക്കെയാണ്. പക്ഷേ, ഇവിടെ അങ്ങനത്തെ സംവിധാനങ്ങളൊന്നും വന്നില്ല.

ഞാൻ നോക്കുമ്പോൾ ആര്യ സിംപിൾ ആയി മല്ലഖമ്പിന് മുകളിൽ കയറി ഇടതു ചുമലുകൊണ്ട് താങ്ങി, കക്ഷത്തിൽ സപ്പോർട്ട് വച്ച് കൈ നിവർത്തി നിൽക്കുന്നു. ഞാൻ ശരിക്കും ഞെട്ടിപ്പോയി. ഞാനിത് പ്രതീക്ഷിച്ചിട്ടില്ല. കുറച്ചു കഴിയുമ്പോൾ ദിനേശ് വരുന്നു. എന്നിട്ട് മല്ലഖമ്പയിലൂടെ കറങ്ങിക്കറങ്ങി മുകളിലോട്ട് കേറുന്നു. കലൈ വന്ന് അതിന് മുകളിൽ തല കുത്തി നിൽക്കുന്നു. കൊച്ചു കുട്ടികൾ അതിനു മുകളിൽ കയറി, കറങ്ങി ചാടുന്നു. ശകലം പോലും പേടി അവരുടെ ബോഡി ലാംഗ്വേജിൽ തോന്നില്ല. വാശിയോടെയാണ് അവർ ചെയ്തുകൊണ്ടിരുന്നത്. ഭയങ്കര ട്രെയ്‌ൻഡായിരുന്നു അവർ.

ആക്ഷൻ പറഞ്ഞു കഴിഞ്ഞാൽ പിന്നെ അവർ വേറെ ആളുകളാണ്. ഇനി ഇങ്ങനെ ഒരു സെറ്റിൽ വർക്ക് ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.

News Malayalam 24x7
newsmalayalam.com