30ാമത് ഐഎഫ്എഫ്കെ: അതിജീവനത്തിന്റെ പാഠങ്ങളുമായി പലസ്തീൻ ചിത്രങ്ങൾ

പലസ്തീൻ ചിത്രങ്ങൾ ഐഎഫ്എഫ്കെയുടെ തിരശ്ശീലയിൽ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുമായി സംവദിക്കും
ഐഎഫ്എഫ്കെയിൽ പലസ്തീൻ ചിത്രങ്ങൾ
ഐഎഫ്എഫ്കെയിൽ പലസ്തീൻ ചിത്രങ്ങൾ
Published on
Updated on

തിരുവനന്തപുരം: അതിജീവനത്തിനായുള്ള പലസ്തീൻ ജനതയുടെ നിതാന്ത പോരാട്ടം ആഴത്തിൽ അടയാളപ്പെടുത്തുന്ന പലസ്തീൻ പാക്കേജ് സിനിമകളുമായി 30ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള (ഐഎഫ്എഫ്കെ). ശ്രദ്ധേയമായ മൂന്ന് ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശനത്തിനെത്തുന്നത്. പലസ്തീൻ ജനതയുടെ മൂന്ന് തലമുറകളിലൂടെ കഥ പറയുന്ന, ചെറിയൻ ഡാബിസ് എഴുതി സംവിധാനം ചെയ്ത 'ഓൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യൂ' ആണ് ഈ വിഭാഗത്തിലെ പ്രധാന ചിത്രം. 1948 മുതൽ ഇന്നുവരെയുള്ള പലസ്തീൻ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രം, തലമുറകളായി നേരിടേണ്ടി വരുന്ന ആഘാതങ്ങളും സ്വത്വ പ്രതിസന്ധികളും അന്വേഷിക്കുന്നു. 2025ലെ സൺഡാൻസ് ചലച്ചിത്രമേളയിൽ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രം, മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള ജോർദാന്റെ ഓസ്കാർ എൻട്രി ആയിരുന്നു. മലേഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള അവാർഡും നേടി.

മെഡിറ്ററേനിയൻ കടൽ കാണാൻ ആഗ്രഹിക്കുന്ന 12 വയസുള്ള പലസ്തീൻ ബാലൻ ഖാലിദിന്റെ കഥയാണ് ഷായ് കർമ്മേലി-പൊള്ളാക്കിന്റെ 'ദി സീ' കൈകാര്യം ചെയ്യുന്നത്. യാത്രാരേഖകളില്ലാതെ സൈനിക ചെക്ക്‌പോസ്റ്റുകൾ മറികടന്നുള്ള അവന്റെ സാഹസിക യാത്ര അതിജീവനത്തിന്റെയും നിസഹായതയുടെയും കഥയാണ്. ഈ ചിത്രം ഇസ്രയേലിലെ ഓഫിർ അവാർഡുകളിൽ മികച്ച ചിത്രമുൾപ്പെടെ അഞ്ച് പുരസ്‌കാരങ്ങൾ നേടുകയും 98ാമത് ഓസ്‌കറിനുള്ള ഇസ്രയേലിന്റെ എൻട്രിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ഐഎഫ്എഫ്കെയിൽ പലസ്തീൻ ചിത്രങ്ങൾ
ഐഎഫ്എഫ്കെയിൽ ലാറ്റിനമേരിക്കൻ സിനിമാ വസന്തം; മുഖ്യ ആകർഷണം ലോറ കസബെയുടെ ‘വിർജിൻ ഓഫ് ക്വാറി ലേക്ക്’

സഹോദരങ്ങളായ ടാർസൻ നാസറും അറബ് നാസറും ചേർന്ന് സംവിധാനം ചെയ്ത 'വൺസ് അപ്പോൺ എ ടൈം ഇൻ ഗാസ', 2007ലെ ഗാസ പശ്ചാത്തലമാക്കി സുഹൃത്തിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാൻ ശ്രമിക്കുന്ന യുവാവിന്റെ കഥ പറയുന്നു. 2025ലെ കാൻ ചലച്ചിത്രമേളയിലെ അൺ സർട്ടെയ്ൻ റിഗാർഡ് വിഭാഗത്തിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയിരുന്നു.

രാഷ്ട്രീയത്തിന്റെ അതിർവരമ്പുകൾ ഭേദിച്ചു കൊണ്ട് മനുഷ്യന്റെ തകരാത്ത പ്രതീക്ഷയുടെയും സ്വാതന്ത്ര്യത്തോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെയും കഥ പറയുന്ന ഈ പലസ്തീൻ ചിത്രങ്ങൾ ഐഎഫ്എഫ്കെയുടെ തിരശ്ശീലയിൽ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുമായി സംവദിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com