"നാട്ടിലെ ക്ഷേത്രത്തിൽ ഇപ്പോഴും ഞങ്ങൾക്ക് പ്രവേശനമില്ല"; ജാതി വിവേചനത്തെപ്പറ്റി മനസുതുറന്ന് 'പഞ്ചായത്ത്' താരം

ഇരുണ്ട നിറം കാരണം തനിക്ക് പലവട്ടം അവസരം നഷ്ടമായിട്ടുണ്ടെന്ന് വിനോദ് സൂര്യവൻഷി പറയുന്നു
വിനോദ് സൂര്യവൻഷി
വിനോദ് സൂര്യവൻഷി
Published on
Updated on

'പഞ്ചായത്ത്' എന്ന ജനപ്രിയ വെബ് സീരിസിലൂടെ ശ്രദ്ധേയനായ നടനാണ് വിനോദ് സൂര്യവൻഷി. സെക്യൂരിറ്റി ഗാർഡിൽ നിന്നും ജൂനിയർ ആർട്ടിസ്റ്റായി സിനിമയിലെത്തിയ വിനോദ് സൂര്യവൻഷിയുടെ യാത്ര നിറയെ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. അടുത്തിടെ സിദ്ധാർഥ് കണ്ണന് നൽകിയ അഭിമുഖത്തിൽ താൻ നേരിട്ട ജാതിവിവേചനത്തെപ്പറ്റി മനസുതുറന്നിരിക്കുകയാണ് നടൻ.

കർണാടക സ്വദേശിയാണ് വിനോദ് സൂര്യവൻഷി. തന്റെ ഗ്രാമത്തിൽ ഇപ്പോഴും ജാതിവിവേചനം നിലനിൽക്കുന്നു എന്നാണ് നടൻ പറയുന്നത്. "ഗ്രാമത്തിന് രണ്ട് ഭാഗങ്ങളുണ്ട് - ഒന്ന് മേൽജാതിക്കാർക്കും മറ്റൊന്ന് കീഴ് ജാതിക്കാർക്കും. ഗ്രാമത്തിൽ നിന്ന് മാറിയാണ് ദളിതർ ജീവിക്കുന്നത്. ഒരിക്കൽ അച്ഛനൊപ്പം ഞാൻ ഗ്രാമത്തിലേക്ക പോയി. എനിക്ക് അന്ന് 12 വയസാണ്. ഒരു ഹോട്ടലിൽ കയറി ഞങ്ങൾ ഭക്ഷണം കഴിച്ചു. ഭക്ഷണത്തിന് പണം കൊടുത്തതിന് പുറമേ കഴിച്ച പ്ലേറ്റും ഞങ്ങൾക്ക് കഴുകി കൊടുക്കേണ്ടി വന്നു. ഇപ്പോഴും ഞങ്ങൾക്ക് പ്രവേശനമില്ലാത്ത ഒരു ക്ഷേത്രം എന്റെ നാട്ടിലുണ്ട്, നടൻ പറഞ്ഞു.

വിനോദ് സൂര്യവൻഷി
നിത്യാ മേനോന് ശേഷം അത്രയും കഴിവ് കണ്ടത് മമിതാ ബൈജുവിൽ, പാഴാക്കരുത്; പ്രശംസിച്ച് ധനുഷ്

ഇരുണ്ട നിറം കാരണം തനിക്ക് പലവട്ടം അവസരം നഷ്ടമായിട്ടുണ്ടെന്നും വിനോദ് സൂര്യവൻഷി. "ടിവി ഓഡിഷനുകളിൽ പോകുമായിരുന്നു. അവർക്ക് 'റിച്ച് ലുക്ക്' ആണ് വേണ്ടിയിരുന്നത്. എനിക്ക് അതില്ലെന്ന് പറഞ്ഞ് എന്നെ ഒഴിവാക്കിയിട്ടുണ്ട്. ഒരിക്കൽ ഒരു ജോലിക്കാരന്റെ വേഷത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പക്ഷേ, സെറ്റിലെത്തിയപ്പോൾ ക്രിയേറ്റീവ് ഡയറക്ടർ ഞാൻ ആരാണെന്ന് ചോദിച്ചു. കാര്യം പറഞ്ഞപ്പോൾ, 'ഞങ്ങൾക്ക് വെളുത്ത ഒരാളെ ആണ് വേണ്ടത്' എന്നാണ് പറഞ്ഞത്," നടൻ ഓർത്തെടുത്തു.

ബാല്യകാലത്ത് നേരിട്ട കഷ്ടപാടുകളും വിനോദ് അഭിമുഖത്തിൽ വിവരിക്കുന്നുണ്ട്. "എന്റെ അമ്മ വീട്ടുജോലിക്ക് പോകുമായിരുന്നു. അച്ഛൻ ഒരു മേസ്തിരിയായിരുന്നു. അച്ഛന് എല്ലാ ദിവസവും പണി ഉണ്ടാകില്ല. പണി ഇല്ലാത്ത ദിവസങ്ങളിൽ അദ്ദേഹം മദ്യപിച്ചായിരിക്കും വീട്ടിൽ വരിക. എന്റെ കുട്ടിക്കാലത്തെ സാഹചര്യം ഒട്ടും നല്ലതായിരുന്നില്ല. അദ്ദേഹം അമ്മയെ ചീത്ത വിളിക്കുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. ഇതെല്ലാം കണ്ടാണ് ഞാൻ വളർന്നത്. അത് വലിയ സങ്കടമായിരുന്നു. എനിക്ക് അച്ഛനോട് വെറുപ്പില്ലായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ പെരുമാറ്റം എനിക്ക് ഇഷ്ടമായിരുന്നില്ല," നടൻ പറഞ്ഞു.

വിനോദ് സൂര്യവൻഷി
'ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ വെള്ളപൂശുന്നു'; 'പള്ളിച്ചട്ടമ്പി'ക്ക് എതിരെ സന്ദീപ് വാര്യർ

അതേസമയം, 'പഞ്ചായത്ത്' അഞ്ചാം സീസൺ ചിത്രീകരണം ആരംഭിച്ചു. സീരീസിന്റെ ആറാം വാർഷികത്തോടനുബന്ധിച്ച് പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അണിയറപ്രവർത്തകർ ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ജിതേന്ദ്ര കുമാർ, നീന ഗുപ്ത, രഘുബീർ യാദവ്, ഫൈസൽ മാലിക്ക്, ചന്ദൻ റോയ്, സാൻവിക, ദുർഗേഷ് കുമാർ, സുനിത രാജ്‌വർ, പങ്കജ് ഝാ തുടങ്ങിയവരാണ് വെബ് സീരീസിലെ പ്രധാന താരങ്ങൾ. ദ വൈറൽ ഫീവർ (ടിവിഎഫ്) നിർമിക്കുന്ന 'പഞ്ചായത്ത് സീസൺ 5' ദീപക് കുമാർ മിശ്രയും ചന്ദൻ കുമാറും ചേർന്നാണ് സംവിധാനം ചെയ്യുന്നത്. ആമസോൺ പ്രൈം വീഡിയോയിലാണ് സീരീസ് സ്ട്രീം ചെയ്യുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com