'ദൃശ്യം 3' മുതൽ 'ടിക്കി ടാക്ക' വരെ; പനോരമ സ്റ്റുഡിയോസും ഫാർസ് ഫിലിമും കൈകോർക്കുന്നു, റിലീസിനൊരുങ്ങുന്നത് നാല് മലയാള സിനിമകൾ

അന്താരാഷ്ട്ര മാർക്കറ്റുകളിൽ മലയാള ചിത്രങ്ങളുടെ സ്വാധീനം വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം
ഫാർസ് ഫിലിം വിതരണം ചെയ്യുന്ന മലയാളം സിനിമകൾ
ഫാർസ് ഫിലിം വിതരണം ചെയ്യുന്ന മലയാളം സിനിമകൾ
Published on
Updated on

കൊച്ചി: മലയാള സിനിമയുടെ ആഗോള സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി പനോരമ സ്റ്റുഡിയോസ് തങ്ങളുടെ നാല് ചിത്രങ്ങളുടെ ഓവർസീസ് വിതരണത്തിനായി പ്രമുഖ വിതരണക്കാരായ ഫാർസ് ഫിലിമുമായി കരാറിലെത്തി. ലോകമെമ്പാടുമുള്ള പ്രധാന അന്താരാഷ്ട്ര മാർക്കറ്റുകളിൽ മലയാള ചിത്രങ്ങളുടെ സ്വാധീനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സഹകരണം.

ഫെബ്രുവരി ആറിന് റിലീസ് ചെയ്യുന്ന റഹ്മാൻ, ഭാവന എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'അനോമി' ആണ് ഈ കരാറിന് കീഴിൽ ആദ്യം പുറത്തിറങ്ങുന്ന ചിത്രം. ഇതിന് പിന്നാലെ ഏപ്രിൽ രണ്ടിന് ആഗോളതലത്തിൽ മോഹൻലാൽ ചിത്രം 'ദൃശ്യം 3' തിയേറ്ററുകളിലെത്തും. കൂടാതെ ആസിഫ് അലി നായകനാകുന്ന 'ടിക്കി ടാക്ക', കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും കേന്ദ്രകഥാപാത്രങ്ങളായ പനോരമ സ്റ്റുഡിയോസിന്റെ 'പ്രൊഡക്ഷൻ നമ്പർ 3' എന്നീ ചിത്രങ്ങളും ഫാർസ് ഫിലിം വിതരണത്തിനെടുത്തിട്ടുണ്ട്.

ഫാർസ് ഫിലിം വിതരണം ചെയ്യുന്ന മലയാളം സിനിമകൾ
അല്ലു അർജുൻ പ്രേക്ഷകരെ 'ഹാപ്പി' ആക്കിയിട്ട് 20 വർഷങ്ങൾ! ലൊക്കേഷൻ ചിത്രങ്ങളുമായി താരം

അഹമ്മദ് ഗോൾചിൻ സ്ഥാപിച്ച ഫാർസ് ഫിലിം, ഈ നാല് ചിത്രങ്ങളുടെയും വിദേശത്തുള്ള വിതരണവും പ്രദർശനവും പൂർണമായും നിയന്ത്രിക്കും. ഹോളിവുഡ്, ബോളിവുഡ് സിനിമകളുടെ വിതരണ രംഗത്തെ തങ്ങളുടെ വലിയ ശൃംഖല ഉപയോഗിച്ച് മലയാള സിനിമയെ കൂടുതൽ രാജ്യങ്ങളിലേക്ക് എത്തിക്കാനാണ് ഇവർ പദ്ധതിയിടുന്നത്.

"മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ വലിയ പ്രാധാന്യമുണ്ട്. കഥയ്ക്കും കഴിവുള്ള താരങ്ങൾക്കും മുൻതൂക്കം നൽകുന്ന ഞങ്ങളുടെ സിനിമകൾക്ക് ഫാർസ് ഫിലിമിന്റെ വിതരണ കരുത്ത് വലിയ മുതൽക്കൂട്ടാകും", പനോരമ സ്റ്റുഡിയോസ് ചെയർമാൻ കുമാർ മംഗത് പഥക് പറയുകയുണ്ടായി.

ഈ കരാറിലെ ഏറ്റവും ശ്രദ്ധേയമായ സിനിമ മോഹൻലാൽ നായകനാകുന്ന 'ദൃശ്യം 3' ആണ്. മലയാളത്തിലെ ഏറ്റവും വലിയ ത്രില്ലർ ഫ്രാഞ്ചൈസികളിലൊന്നായ 'ദൃശ്യ'ത്തിന് വിദേശ രാജ്യങ്ങളിൽ വലിയ ആരാധകവൃന്ദമുണ്ട്. ഫാർസ് ഫിലിമുമായുള്ള സഹകരണം 'ദൃശ്യം 3'ക്ക് വലിയ ബോക്സ് ഓഫീസ് മുന്നേറ്റം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

"പനോരമ സ്റ്റുഡിയോസ് സ്ഥിരമായി ഉയർന്ന നിലവാരമുള്ളതും ഉള്ളടക്ക സമ്പന്നവുമായ ഇന്ത്യൻ സിനിമകൾ അന്താരാഷ്ട്ര തലത്തിൽ മികച്ച രീതിയിൽ എത്തിച്ചുകൊണ്ടിരിക്കുകയാണ്. വൈവിധ്യമാർന്നതും ശക്തവുമായ ഈ യാത്രയിൽ അവരുമായി സഹകരിക്കുന്നതിലും ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് അർത്ഥവത്തായതും ഫലപ്രദവുമായ രീതിയിൽ അവ എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിലും ഞങ്ങൾ ആവേശഭരിതരാണ്," അഹമ്മദ് ഗോൾചിൻ വ്യക്തമാക്കി. ആഗോളതലത്തിൽ സ്വാധീനമുണ്ടാക്കാൻ ശേഷിയുള്ള ഇന്ത്യൻ സിനിമകൾക്കായി ശക്തമായ ഒരു വിതരണ ശൃംഖല കെട്ടിപ്പടുക്കുന്നതിലേക്കുള്ള ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു ചുവടുവയ്‌പ്പായാണ് ഇരു കമ്പനികളും ഈ പങ്കാളിത്തത്തെ നോക്കിക്കാണുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com