കൊച്ചി: ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത 'കാന്താര ചാപ്റ്റർ വണ്ണിനും' സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്ന പങ്കാളി ജയറാമിനും ട്രിബ്യൂട്ടുമായി നടിയും നർത്തകിയുമായ പാർവതി. 'കാന്താര'യിലെ 'വരാഹ രൂപം' എന്ന് തുടങ്ങുന്ന ഗാനത്തിന് നടി ചുവടുവച്ചു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ നടി പങ്കുവച്ച നൃത്ത വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്.
"ഏറ്റവും പ്രിയപ്പെട്ട എന്റെ രാജാവ് രാജശേഖരന് - എന്റെ ഭര്‍ത്താവ് ജയറാമിന്, ആത്മാവില്‍ തങ്ങിനില്‍ക്കുന്ന ഈ മാന്ത്രികതയ്ക്ക് നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി" എന്നും പാര്‍വതി വീഡിയോയ്‌ക്ക് ഒപ്പം കുറിച്ചു.
"കാന്താര മുതൽ ഈ സംഗീതം എന്റെ ഉള്ളിൽ ജീവിക്കുന്നു... കാന്താര: എ ലെജൻഡ് - ചാപ്റ്റർ 1ല്‍ വേട്ടയാടുന്ന ദിവ്യവും അചഞ്ചലവുമായ ആ സംഗീതം വീണ്ടും ഉയർന്നുവന്നു," കാന്താരയിലെ അജനീഷ് ലോക്‌നാഥിന്റെ സംഗീതത്തെ പ്രകീർത്തിച്ചു കൊണ്ട് നടി എഴുതി. ഈ സംഗീതത്തെ ഒരു വിഷ്വൽ സിംഫണിയാക്കി മാറ്റിയതിന് അരവിന്ദ് എസ്. കശ്യപിനും ഋഷഭ് ഷെട്ടിക്കുമുള്ള സമർപ്പണമാണ് തന്റെ ഈ നൃത്താവിഷ്കാരം എന്നും നടി കൂട്ടിച്ചേർത്തു.
വിജയകരമായി പ്രദർശനം തുടരുന്ന 'കാന്താര 2'ലെ ജയറാം അവതരിപ്പിച്ച രാജശേഖരന്‍ എന്ന സാമന്തരാജാവിന്റ കഥാപാത്രം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. അടുത്തിടെ ഒരു അന്യഭാഷാ ചിത്രത്തില്‍ നടന് ലഭിച്ച ഏറ്റവും മികച്ച വേഷമാണിതെന്നാണ് ആരാധകർ വിലയിരുത്തുന്നത്.
അതേസമയം, 'കാന്താര ചാപ്റ്റർ 1' കേരളത്തിൽ നിന്ന് 55 കോടി രൂപ നേടിയതായി അണിയറപ്രവർത്തകർ സ്ഥിരീകരിച്ചു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് വിതരണം ചെയ്ത ഈ ചിത്രം, മലയാളമല്ലാത്ത ഒരു ചിത്രത്തിന് കേരളത്തിൽ ലഭിച്ച ഏറ്റവും വലിയ കളക്ഷൻ എന്ന റെക്കോർഡാണ് സ്വന്തമാക്കിയിരിക്കുന്നത്. ഋഷഭ് ഷെട്ടി രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത 'കാന്താര'യുടെ പ്രീക്വല്‍ ആയ 'കാന്താര: എ ലെജന്‍ഡ്- ചാപ്റ്റര്‍ 1' ഒക്ടോബർ 2 നാണ് പ്രദര്‍ശനത്തിനെത്തിയത്. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ ഞെട്ടിക്കുന്ന കളക്ഷനാണ് ചിത്രം എല്ലാ ഭാഷകളില്‍ നിന്നുമായി സ്വന്തമാക്കിയിരിക്കുന്നത്.