"മമ്മൂട്ടിയുടെ പ്രസ്താവന വൈകി, പ്രശ്നം വഷളായി"; 'കസബ' വിവാദത്തെപ്പറ്റി പാർവതി തിരുവോത്ത്

ആക്രമണങ്ങളും ഭീഷണികളും തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ മമ്മൂട്ടിയുമായി സംസാരിച്ചിരുന്നതായി പാർവതി
പാർവതി തിരുവോത്ത്, മമ്മൂട്ടി
പാർവതി തിരുവോത്ത്, മമ്മൂട്ടി
Published on
Updated on

'കസബ' സിനിമയുമായി ബന്ധപ്പെട്ട് നടി പാർവതി തിരുവോത്ത് നടത്തിയ വിമർശനാത്മകമായ നിരീക്ഷണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐഎഫ്എഫ്കെ ഓപ്പൺ ഫോറത്തിലാണ് മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് മമ്മൂട്ടി-നിതിൻ രൺജി പണിക്കർ ചിത്രത്തെ മുന്‍നിര്‍ത്തി നടി സംസാരിച്ചത്. ഇതിനു പിന്നാലെ, വലിയ തോതിലുള്ള സൈബർ ആക്രമണമാണ് പാർവതി നേരിട്ടത്. ഈ പരാമർശത്തിന്റെ പേരിൽ നടിയെ മലയാള സിനിമയിൽ നിന്ന് മാറ്റി നിർത്തുന്നു എന്നും ആരോപണം ഉയ‍ർന്നിരുന്നു. ഇപ്പോഴിതാ, അന്ന് താൻ നേരിട്ട മാനസികസംഘർഷത്തെപ്പറ്റി മനസുതുറക്കുകയാണ് നടി.

'കസബ' വിവാദം, ട്രോളുകളിൽ നിന്ന് 'ബലാത്സം​ഗ ഭീഷണി'കളിലേക്ക് കടന്നപ്പോൾ മമ്മൂട്ടിയെ വിളിച്ചിരുന്നതായും എന്നാൽ, നടന്റെ പ്രസ്താവന വന്നപ്പോഴേക്കും കാര്യങ്ങൾ വഷളായി തീർന്നിരുന്നുവെന്നും പാർവതി പറയുന്നു. 'ഷോഷാ' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

"ആക്രമണങ്ങളും ഭീഷണികളും തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ ഞങ്ങൾ (മമ്മൂട്ടിയുമായി) സംസാരിച്ചിരുന്നു. ഞങ്ങൾ സംസാരിക്കാതെ ഇരുന്നിട്ടില്ല. ഞാൻ മെസേജ് അയച്ചു. ഞങ്ങൾ ഫോണിൽ സംസാരിച്ചു. തിരുവനന്തപുരത്ത് നടന്ന ഐഎഫ്എഫ്കെയിൽ ഞാൻ ആ പ്രസ്താവന നടത്തിക്കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും അത് നിയന്ത്രിക്കാനാകാത്ത വിധം മാറി. അന്ന് എനിക്ക് 'പൊങ്കാല' എന്ന വാക്കിന്റെ അർത്ഥം അറിയില്ലായിരുന്നു. പക്ഷേ കേരളത്തിൽ ഓൺലൈൻ പൊങ്കാല എന്നാൽ നിങ്ങൾ ക്രൂരമായി ട്രോൾ ചെയ്യപ്പെടുന്നു എന്നാണ് അർത്ഥം.

പാർവതി തിരുവോത്ത്, മമ്മൂട്ടി
രഞ്ജിത്തിന്റെ അറസ്റ്റിൽ ഞെട്ടലില്ല, ശിക്ഷ എന്ന പേരിൽ നടക്കുന്നത് പെർഫോ‍മൻസ്: പാർവതി തിരുവോത്ത്

ആ ആക്രമണത്തിന്റെ വ്യാപ്തി അവിശ്വസനീയമായിരുന്നു. എനിക്ക് നേരെ കൊലവിളികളും ബലാത്സംഗ ഭീഷണികളും വരുന്നത് വരെ ഞാൻ അവ കാര്യമായി എടുത്തിരുന്നില്ല. ഇതൊക്കെ അവ​ഗണിക്കാം എന്നായിരുന്നു അതുവരെ ഞാൻ വിചാരിച്ചിരുന്നത്. പക്ഷേ, പിന്നീട് എനിക്ക് മനസിലായി, ഇവിടെ പ്രശ്നം ഞാനല്ല, ഞാൻ പ്രതിനിധീകരിച്ച വിഷയമാണ്. അതോടെ എനിക്ക് കരുത്ത് തോന്നി. ഒരു വ്യക്തി എന്ന നിലയിലല്ല, ഒരു കൂട്ടായ്മയുടെ പ്രതിനിധി എന്ന നിലയിലാണ് ഞാൻ സിസ്റ്റത്തോട് പോരാടുന്നത്. അങ്ങനയെ അത് സാധ്യമാകൂ.

ഞാൻ മമ്മൂട്ടി സാറിന്റെ നമ്പർ കണ്ടുപിടിച്ചു. ഞങ്ങൾ സംസാരിച്ചു. അദ്ദേഹം ശാന്തനായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ പ്രസ്താവന വന്നത് വളരെ വൈകിയാണ്. അപ്പോഴേക്കും പ്രശ്നം വഷളായിരുന്നു. വധ ഭീഷണികൾ കാരണം പുറത്തിറങ്ങാൻ വരെ ഞാൻ പേടിച്ചിരുന്നു. പിന്നീട് അത് എന്റെ ആരോ​ഗ്യത്തെ സാരമായി ബാധിച്ചു.

ഈ പ്രശ്നം നടക്കുന്നതിന് ഇടയിലാണ് എനിക്കൊരു പുരസ്കാരം ലഭിക്കുന്നത്. അതൊരു വലിയ ചടങ്ങായിരുന്നു. ഞാൻ അവാർഡ് വാങ്ങാനായി സ്റ്റേജിലേക്ക് കയറിയപ്പോൾ ആളുകൾ മുഴുവൻ കൂവി. ജീവിതം മാറ്റിമറിച്ച അനുഭവം ആയിരുന്നു അത്. പതിനായിരങ്ങൾ ഇങ്ങനെ സംഘം ചേ‍ർന്ന് കൂവുമ്പോൾ ഒന്നുകിൽ നിങ്ങൾ വാടിപ്പോകും അല്ലെങ്കിൽ ശക്തരാകും. കയ്യടികൾക്ക് പകരം ആ കൂവലുകൾ കേട്ടപ്പോൾ തന്നെ എന്റെ ഉള്ളിൽ എല്ലാം 'പതുക്കെ' ആകുന്നതായി തോന്നി. 'പതുക്കെ നടക്കുക, കാല് തട്ടി വീഴരുത്, പ്രസംഗം കൃത്യമായി പൂർത്തിയാക്കുക' എന്ന് ഞാൻ എന്നെത്തന്നെ ഓർമിപ്പിച്ചു. ഞാൻ പ്രസംഗം പൂർത്തിയാക്കി. അവിടെ തട്ടി വീണില്ല, സുരക്ഷിതമായി തിരിച്ചിറങ്ങി. ആ ഏഴ് മിനിറ്റുകൾ എനിക്ക് ഏഴ് വർഷം പോലെയാണ് തോന്നിയത്. പിന്നീടങ്ങോട്ടുള്ള കുറച്ച് വർഷങ്ങളാണ് നിങ്ങൾ കാണുന്ന 'ഞാൻ' എന്ന വ്യക്തിയെ രൂപപ്പെടുത്തിയത്," പാർവതി പറഞ്ഞു.

പാർവതി തിരുവോത്ത്, മമ്മൂട്ടി
"ഞാൻ വാംപയർ ആകുന്നത് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?" 'സർപ്രൈസ്' പൊട്ടിച്ചതാണോ മമ്മൂട്ടി

അതേസമയം, ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’, പൃഥ്വിരാജ് നായകനാവുന്ന ‘ഐ നോബഡി’ എന്നീ ചിത്രങ്ങളാണ് പാർവതിയുടേതായി അണിയറയിൽ ഒരുങ്ങുന്ന മലയാളം പ്രോജക്ടുകൾ. നടി ആദ്യമായി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’. 'പ്രകാശൻ പറക്കട്ടെ', 'അനുരാഗം' എന്നീ ചിത്രങ്ങൾക്കു ശേഷം ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന ചിത്രം 11 ഐക്കൺസ് ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ അർജുൻ സെൽവയാണ് നിർമിക്കുന്നത്. ഹൃത്വിക് റോഷൻ നി‍ർമിക്കുന്ന 'സ്റ്റോം' എന്ന ഹിന്ദി വെബ് സീരീസിലും നടി ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com