കൊച്ചി: ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട വിവാദ പോസ്റ്റുകളിൽ വിശദീകരണവുമായി നടിയും അവതാരികയുമായ പേളി മാണി. വാർത്തകളിൽ നിന്നും റീൽസും നിന്നും തനിക്ക് മനസിലായ കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് പോസ്റ്റിട്ടതെന്നും ആരെയും വേദനിപ്പിക്കാനും, വേദനിക്കുന്നത് കാണാനും താൽപ്പര്യമില്ലാത്തതിനാലാണ് ആ കുറിപ്പ് എഴുതിയതെന്നും പേളി പറഞ്ഞു. യൂട്യൂബ് ചാനലിൽ പങ്കുവച്ച 21 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് താരത്തിന്റെ വിശദീകരണം.
താൻ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത പ്രതികരണങ്ങളാണ് പോസ്റ്റിന് പിന്നാലെ ഉണ്ടായതെന്ന് പേളി മാണി വീഡിയോയിൽ പറയുന്നു. പോസ്റ്റിലെ നിറത്തിലടക്കം തെറ്റായ വ്യാഖ്യാനങ്ങൾ വന്നു. വിദ്യാർഥികളോട് പ്രതിഷേധം അവസാനിപ്പിച്ച് വീട്ടിൽ പോകാൻ പറയാൻ താനാരുമല്ല. സുതാര്യവും തുല്യതയും ഉറപ്പാക്കുന്ന വിദ്യാഭ്യാസ സംവിധാനം കുട്ടികളുടെ അവകാശമാണെന്നാണ് താൻ ഉദ്ദേശിച്ചതെന്നും താരം പറഞ്ഞു. എന്നാൽ, തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്ന പോലെയാണ് പോസ്റ്റെന്ന് പ്രചരിപ്പിക്കപ്പെട്ടതിൽ തനിക്ക് അതിയായ വിഷമമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. വിവാദമായ ഇംഗ്ലീഷ് പോസ്റ്റ് മലയാളത്തിൽ തർജമ ചെയ്തും താനെന്താണ് മനസിൽ ഉദ്ദേശിച്ചതെന്നും വ്യക്തമാക്കിയാണ് പേളിയുടെ വിശദീകരണം.
സംവിധായകന്‍ സിബി മലയിലെ അപമാനിച്ചുവെന്നെ ആരോപണത്തോടും പേളി പ്രതികരിച്ചു. സിബി മലയിലിന്റെ മകന്‍ ജോ സിബി മലയില്‍ ആണ് ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിച്ചത്. സിബിയെ പേളി 'പരാജയപ്പെട്ട സംവിധായകന്‍' എന്ന് വിളിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ താന്‍ സിബി മലയിലിനെ അപമാനിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ ആരാധികയാണെന്നും പേളി വ്യക്തമാക്കി.
പേളിയുടെ വാക്കുകൾ: ഞാന്‍ ആത്മാര്‍ത്ഥമായി, മനസില്‍ തട്ടിയെഴുതിയ ഒരു കാര്യം ഇത്രയും നെഗറ്റീവായി വ്യാഖ്യാനിച്ചത് ഭയങ്കര വിഷമമായി. ആദ്യം പ്രതികരിക്കണ്ട, വിട്ടു കളയാം എന്ന് വിചാരിച്ചു. പക്ഷെ ഇത്തരത്തിൽ കമന്റ്‌സില്‍ വന്നതോടെ എനിക്ക് വേദനിച്ചു. രാത്രി 11 മണി ആയതോടെ എനിക്ക് പറ്റാതായി. ദേഷ്യം വന്നു. ഞാനും മനുഷ്യനാണ്. ഞാൻ ഒരു വിശദീകരണം എഴുതി. ആ സ്‌റ്റോറിയാണ് പിന്നീട് നിങ്ങളുടെ മുന്നില്‍ വന്നത്. കുറച്ചു നിമിഷങ്ങൾക്ക് ശേഷം ഞാനത് ഡിലീറ്റും ചെയ്തു. കാരണം അതില്‍ ഞാന്‍ എഴുതിയ ഒരു കാര്യം വലിയ തെറ്റായിരുന്നു. സ്‌ക്രീന്‍ ഷോട്ട് പോകുമെന്നും എനിക്കറിയാമായിരുന്നു. അതില്‍ ഞാന്‍ ആ പോസ്റ്റിട്ടയാളെ 'പരാജയപ്പെട്ട സംവിധായകന്‍' എന്ന് വിളിച്ചിരുന്നു. അത് വളരെ വലിയ തെറ്റാണ്. നമ്മള്‍ ആരേയും അങ്ങനെ വിളിക്കാന്‍ പാടില്ല. നമ്മളാരും അല്ല. അങ്ങനെ അല്ല എന്റെ മാതാപിതാക്കള്‍ എന്നെ വളര്‍ത്തിയത്. അദ്ദേഹത്തോട് ഈ അവസരത്തില്‍ ഞാന്‍ മാപ്പ് ചോദിക്കുകയാണ്. നിങ്ങളെ അങ്ങനെ വിളിക്കാന്‍ പാടില്ലായിരുന്നു. ക്ഷമിക്കണം.
നോട്ട്പാഡിൽ എഴുതിയ പോസ്റ്റ് കാന്‍വയില്‍ ഇട്ട ശേഷമാണ് ഞാന്‍ ഇൻസ്റ്റഗ്രാം പോസ്റ്റാക്കി പങ്കുവച്ചത്. ഒന്നും ആലോചിക്കാതെ ആദ്യം വന്ന ഫോർമാറ്റിലാണ് ഞാൻ ആ പോസ്റ്റ് ചെയ്തത്. അതിലെ കളറിന് അദ്ദേഹം ഒരു വ്യഖ്യാനം നല്‍കിയിരുന്നു. എന്നെ ഒരു പാര്‍ട്ടിയുടെ ഭാഗമാക്കി കാണിക്കുന്ന രീതിയിൽ. അതെ, എനിക്ക് കാവി നിറം ഇഷ്ടമാണ്. ഇന്ത്യന്‍ പതാകയിലാണ് കൂടുതലിഷ്ടം എന്നാണ് എഴുതിയത്. പിന്നെയത് ഡിലീറ്റും ചെയ്തു. പക്ഷെ എല്ലാവരും അപ്പോഴേക്കും സ്‌ക്രീന്‍ഷോട്ട് എടുത്തു.അത് അദ്ദേഹത്തിനുള്ള മറുപടിയായിരുന്നു.
ഞാന്‍ നിങ്ങളുടെ മുന്നിലാണ് വളര്‍ന്നത്. 18 വയസ് മുതല്‍ തുടങ്ങിയതാണ് എന്റെ കരിയര്‍. നിങ്ങളുടെ മുൻപിലാണ് ഞാന്‍ ജീവിച്ചത്. ഇതുവരെ എല്ലാ കാര്യങ്ങളും നിങ്ങളുമായി പങ്കുവയ്ക്കാറുണ്ട്. നിങ്ങള്‍ എല്ലാവരേയും പോലെ ഞാനും ഒരു മനുഷ്യനാണ്. ഞാന്‍ ചെയ്തത് തെറ്റ് തന്നെയാണ്. എങ്കിലും ഒരു കാര്യം ക്ലാരിഫൈ ചെയ്യണം. ഇവിടെയുള്ള എല്ലാ പാര്‍ട്ടിയിലും എനിക്ക് സുഹൃത്തുക്കളുണ്ട്. എനിക്ക് എല്ലാ പാര്‍ട്ടിയും വേണ്ടപ്പെട്ടതാണ്. എല്ലാ പാര്‍ട്ടിയും എനിക്കിഷ്ടമാണ്. അതിലെല്ലാം എനിക്ക് വേണ്ടപ്പെട്ടവരുണ്ട്.
ഈ പോസ്റ്റ് ഇട്ട സമയത്ത് അദ്ദേഹം വേറൊരു സ്‌റ്റോറിയില്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അച്ഛനെയാണ് ഞാന്‍ പറഞ്ഞതെന്നാണ്. അദ്ദേഹത്തിന്റെ അച്ഛന്‍ വൺ ആൻഡ് ഒൺലി സിബി മലയിലാണ്. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ഫാൻ ആണ്. മലയാളികളെല്ലാം. ഇതാണ് എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത്. ഞാന്‍ സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത കാര്യമായിരുന്നു എഴുതിയത്. വാര്‍ത്താ മാധ്യമങ്ങള്‍ അത് ക്ലാരിഫൈ ചെയ്യാതെ എടുത്തിടുകയും ചെയ്തു. ഞാന്‍ പോസ്റ്റിട്ടത് എന്നെക്കുറിച്ച് പത്ത് പേജ് എഴുതിയ ആള്‍ക്കെതിരെയാണ്. അതില്‍ സിബി മലയില്‍ സാര്‍ എങ്ങനെ വന്നു? ഇത് ഞാന്‍ എങ്ങനെ തിരുത്തുമെന്ന് എനിക്ക് മനസിലാകുന്നില്ല. ഞാന്‍ ഇനി ഒന്നും ഇടുന്നില്ലെന്ന് കരുതി മിണ്ടാതിരുന്നു. സത്യം അറിയിക്കാനാണ് ഈ വീഡിയോ.
ഞാന്‍ ഒരിക്കലും സിബി മലയില്‍ സാറിനെ അങ്ങനെ പറയില്ല. കാരണം അദ്ദേഹം മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ്. അദ്ദേഹം ഇത് കാണുന്നുണ്ടെങ്കില്‍, ഐ ലവ് യു. ഞാന്‍ നിങ്ങളുടെ വലിയൊരു ഫാൻ ആണ്. ഈ വീഡിയോ ഇടുമ്പോള്‍ എല്ലാവരും എന്നെ വിമര്‍ശിക്കുന്നത് നിര്‍ത്തണം എന്ന് ഞാന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ എന്നെ വിമര്‍ശിക്കണം. സോഷ്യല്‍ മീഡിയ പബ്ലിക് പ്ലാറ്റ്‌ഫോമാണ്. അവതരാകയായി കരിയര്‍ ആരംഭിക്കുന്ന ദിവസം രാവിലെ ഡാഡി എന്നോട് പറഞ്ഞു: "പേളി ഇനി നീയൊരു പബ്ലിക് പ്രോപ്പര്‍ട്ടിയാണ്. ഇനി നിന്നെ വന്ന് രക്ഷിക്കാന്‍ എനിക്ക് സാധിക്കില്ല. എന്തെങ്കിലും പ്രശ്‌നത്തില്‍ ചാടിയില്‍ നീ തന്നെ ഡീല്‍ ചെയ്യണം."
ഡാഡി പറഞ്ഞതിന്റെ അര്‍ഥം അന്നെനിക്ക് അത്ര മനസിലായില്ല. പക്ഷെ ഇന്ന് ഞാനത് മനസിലാക്കുന്നു. എനിക്ക് ഉത്തരവാദിത്തമുണ്ട്. ഞാന്‍ പറയുന്ന ഓരോ വാക്കിനും പ്രവൃത്തിക്കും. മെച്ചപ്പെട്ട ഒരു മനുഷ്യനാകാന്‍ ഞാന്‍ ശ്രമിക്കും. എന്റെ പോസ്റ്റ് വായിച്ച ആർക്കെങ്കിലും ഇപ്പോഴും വിഷമമുണ്ടെങ്കിൽ നിങ്ങള്‍ എന്നോട് ക്ഷമിക്കുമെന്ന് കരുതുന്നു.