

കൊച്ചി: തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായ പാൻ ഇന്ത്യൻ ചിത്രം 'പെദ്ധി'യുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം ജാൻവി കപൂർ ആണ് നായിക. ട്രെയ്‌ലറിലെ നടിയുടെ ഭാഗങ്ങൾക്ക് കടുത്ത വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്.
ശരീരപ്രദർശനത്തിന് മാത്രമാണ് സിനിമയിൽ സ്ത്രീ കഥാപാത്രങ്ങളെ ഉപയോഗിച്ചിരിക്കുന്നത് എന്നതാണ് പ്രധാന വിമർശനം. ജാൻവി മുൻപ് അഭിനയിച്ച ജൂനിയർ എൻടിആർ ചിത്രം 'ദേവര' ഉദാഹരിച്ചാണ് ചിലർ ആക്ഷേപം ഉന്നയിക്കുന്നത്. എത്രകാലം ഇങ്ങനെ അഭിനയ പ്രാധാന്യമില്ലാത്ത വേഷങ്ങൾ ചെയ്‌ത് സിനിമാ മേഖലയിൽ പിടിച്ചുനിൽക്കുമെന്നാണ് നടിക്ക് നേരെ ഉയരുന്ന ചോദ്യം. ഗ്ലാമറസ് രംഗങ്ങൾക്കായി മാത്രം നടിമാരെ ഉപയോഗിക്കുന്നതിനെ ട്രോളുന്നവരേയും സമൂഹമാധ്യമങ്ങളിൽ കാണാം.
ജൂൺ നാലിനാണ് 'പെദ്ധി' ആഗോള റിലീസായി തിയേറ്ററുകളിലേക്ക് എത്തുന്നത്. ടൈറ്റിൽ കഥാപാത്രമായ 'പെദ്ധി' ആയാണ് രാം ചരൺ വേഷമിട്ടിരിക്കുന്നത്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ഈ ചിത്രത്തിൽ ഒരു നിർണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാം ചരൺ- ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബോളിവുഡ് താരം ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എ.ആർ. റഹ്മാൻ ഈണം നൽകി പുറത്തുവന്ന, ചിത്രത്തിലെ 'ചികിരി ചികിരി' എന്ന ഗാനവും 'റായ് റായ് രാ രാ' എന്ന ഗാനവും ഇതിനോടകം ആഗോള തലത്തിൽ സൂപ്പർ ഹിറ്റുകളായി ട്രെൻഡ് സെറ്ററുകളായി മാറിയിട്ടുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ടൈറ്റിൽ ഗ്ലിംപ്സ് എന്നിവയും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
രചന, സംവിധാനം - ബുചി ബാബു സന, അവതരണം - മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്സ്, നിർമാണം - വെങ്കട സതീഷ് കിലാരു, ബാനർ - വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസർ - ഇഷാൻ സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം - രത്നവേലു, സംഗീതം - എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ - അവിനാഷ് കൊല്ല, മാർക്കറ്റിങ്- ഫസ്റ്റ് ഷോ, പിആർഒ - ശബരി.