

മുതിർന്ന പിന്നണി ഗായിക ആശാ ഭോസ്‌ലെ അതിവേഗം സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആശാ ഭോസ്‌ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം അറിഞ്ഞപ്പോൾ താൻ അങ്ങേയറ്റം ആശങ്കാകുലനായെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ശനിയാഴ്ച (ഏപ്രിൽ 11) രാത്രിയോടെയാണ് കടുത്ത ക്ഷീണവും നെഞ്ചിലെ അണുബാധയും കാരണം ആശാ ഭോസ്‌ലെയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആശാ ഭോസ്‌ലെയുടെ കൊച്ചുമകൾ സനായി ഭോസ്‌ലെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നിലവിൽ ചികിത്സകൾ തുടരുകയാണെന്നും ഈ സമയത്ത് കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും സനായി അഭ്യർഥിച്ചു. പ്രധാനമന്ത്രിക്ക് പുറമെ സിനിമാ-സംഗീത മേഖലയിലുള്ള നിരവധി പ്രമുഖരും തങ്ങളുടെ ഇഷ്ട ഗായികയ്ക്ക് വേണ്ടി പ്രാർഥനകൾ നേരുന്നുണ്ട്.
നിലവിൽ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ആശ ഭോസ്‌ലെ.
1943ൽ 'മാത്സ ബാൽ' എന്ന മറാത്തി ചിത്രത്തിലെ 'ചലാ ചലാ നവ് ബാല' എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ആശാ ഭോസ്‌ലെ പിന്നണി ഗാനരംഗത്തേക്ക് പ്രവേശിക്കുന്നത്. 10 വയസായിരുന്നു അപ്പോൾ പ്രായം. 1948ൽ 'ചുൻരിയ' എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 1949ൽ 'രാത് കി റാണി' എന്ന ചിത്രത്തിലാണ് ആദ്യ സോളോ ഗാനം ആലപിക്കുന്നത്. പിന്നീടങ്ങോട്ട് 20 ഭാഷകളിലായി 12,000ത്തിലധികം ഗാനങ്ങളിലൂടെ സംഗീത ആസ്വാദകരുടെ പ്രിയപ്പെട്ടവളായി ആശ മാറി.
2000ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും 2008ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു. രണ്ട് തവണ മികച്ച പിന്നണി ഗായികയ്‌ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്.