ഇനി ഫൗസി! ഏഴ് വർഷത്തിന് ശേഷം ഇൻസ്റ്റഗ്രാമിലെ 'ബാഹുബലി' ഡിപി മാറ്റി പ്രഭാസ്

2026 ഡിസംബർ മൂന്നിനാണ് ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന 'ഫൗസി'യുടെ ആഗോള റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്
 'ഫൗസി' സിനിമ പോസ്റ്റർ
'ഫൗസി' സിനിമ പോസ്റ്റർ
Published on
Updated on

കഴിഞ്ഞ ഏഴ് വർഷമായി തെലുങ്ക് സൂപ്പർ താരം പ്രഭാസിന്റെ ഇൻസ്റ്റഗ്രാം ഡിപി 'ബാഹുബലി'യിലെ കഥാപാത്രത്തിന്റെ ചിത്രമായിരുന്നു. അതായത് നടൻ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയ അന്നു മുതൽ ഈ ചിത്രമാണ് പ്രൊഫൈലിലുള്ളത്. ഇപ്പോഴിതാ നടൻ തന്റെ ഡിപി മാറ്റിയിരിക്കുന്നു. പുതിയ ചിത്രം 'ഫൗസി'യിലെ ക്യാരക്ടറാണ് ഇത്തവണ ഡിപിയായി ഇടംപിടിച്ചിരിക്കുന്നത്. നടൻ പ്രൊഫൈൽ പിക്ചർ മാറ്റിയ വിവരം സിനിമയുടെ അണിയറപ്രവർത്തകർ തന്നെ വലിയ ഒരു അപ്ഡേറ്റായാണ് അവതരിപ്പിച്ചിരിക്കുന്നത്. സിനിമയിലുള്ള താരത്തിന്റെ ആത്മവിശ്വാസത്തിന്റെ സൂചനയായിട്ടാണ് ഈ ചെറിയ മാറ്റത്തെ ആരാധകർ കാണുന്നത്.

2026 ഡിസംബർ മൂന്നിനാണ് ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന 'ഫൗസി'യുടെ ആഗോള റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുക്കുന്ന ഈ വമ്പൻ പാൻ ഇന്ത്യൻ ചിത്രം നിർമിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സാണ്. പ്രഭാസും ഹനു രാഘവപുഡിയും മൈത്രി മൂവി മേക്കേഴ്‌സും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം ടി സീരീസ് ഫിലിംസ് ബാനറിൽ ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. 'എ ബറ്റാലിയൻ ഹു ഫൈറ്റ്സ് എലോൺ' എന്നതാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്‌ലൈൻ. 'സീതാ രാമം' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഹനു രാഘവപുടി രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

 'ഫൗസി' സിനിമ പോസ്റ്റർ
'ഖലീഫ' സെൻസറിങ് പൂർത്തിയായി; പൃഥ്വിരാജ്- വൈശാഖ് ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ്

1940-കളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ബിഗ് ബജറ്റ് ചരിത്ര ചിത്രമായാണ് 'ഫൗസി' ഒരുങ്ങുന്നത്. കൊളോണിയൽ കാലഘട്ടത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഓപ്പറേഷൻ Z എന്ന സൈനിക നീക്കത്തിനും പ്രാധാന്യമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. 1932 മുതൽ തേടപ്പെടുന്ന ഒരു മോസ്റ്റ് വാണ്ടഡ് കഥാപാത്രം ആയാണ് പ്രഭാസ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് സൂചന.

ഇമാൻവി ആണ് ചിത്രത്തിലെ നായികാവേഷം ചെയ്യുന്നത്. ബോളിവുഡ് താരം അനുപം ഖേർ, മിഥുൻ ചക്രവർത്തി, ജയപ്രദ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. അന്താരാഷ്ട്ര സാങ്കേതിക നിലവാരത്തിൽ ഒരുക്കുന്ന ചിത്രത്തിന്റെ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഉൾപ്പെടെ ആറു ഭാഷകളിൽ ആണ് ചിത്രം പ്രദർശനത്തിന് എത്തുക.

നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം- സുദീപ് ചാറ്റർജി ഐ.എസ്.സി, സംഗീതം- വിശാൽ ചന്ദ്രശേഖർ, എഡിറ്റിംഗ്- കോട്ടഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ- അനിൽ വിലാസ് ജാദവ്, വരികൾ- കൃഷ്ണകാന്ത്, കൺസെപ്റ്റ് ഡിസൈനർ- പ്രേം രക്ഷിത്, വസ്ത്രാലങ്കാരം- ശീതൾ ഇഖ്ബാൽ ശർമ, ടി വിജയ് ഭാസ്കർ, വിഎഫ്എക്സ്- ആർ സി കമല കണ്ണൻ, സൗണ്ട് ഡിസൈനർ- കെ ജയ് ഗണേഷ്, സൗണ്ട് മിക്സ്- എ എം റഹ്മത്തുള്ള, പബ്ലിസിറ്റി ഡിസൈനർമാർ- അനിൽ-ഭാനു, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

News Malayalam 24x7
newsmalayalam.com