

ഹൈദരാബാദ്: ഇന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രശാന്ത് നീൽ – ജൂനിയർ എൻടിആർ ചിത്രമാണ് ‘ഡ്രാഗൺ’. സിനിമയ്ക്കായി വമ്പൻ ബോഡി ട്രാൻസ്ഫോർമേഷൻ ആണ് നടൻ നടത്തിയത്. ഏകദേശം 15 കിലോഗ്രാം ശരീരഭാരമാണ് കഥാപാത്രത്തിന്റെ പൂർണതയ്ക്കായി ജൂനിയർ എൻടിആർ കുറച്ചത്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് നീൽ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നതിന് ഏകദേശം ഒന്നര വർഷം മുൻപ് 'ഡ്രാഗൺ' ടീം ഒരു ലുക്ക് ടെസ്റ്റ് നടത്തിയിരുന്നു. അത് അവലോകനം ചെയ്ത ശേഷം, കുറച്ച് ശരീരഭാരം കുറച്ചാൽ നന്നാകുമെന്ന് നടനോട് സൂചിപ്പിച്ചതായി പ്രശാന്ത് നീൽ ഓർക്കുന്നു. എന്നാൽ, ഞെട്ടിക്കുന്ന രീതിയിലുള്ള മാറ്റമാണ് നടൻ ശരീരത്തിൽ വരുത്തിയതെന്ന് സംവിധായകൻ പറയുന്നു.
"അടുത്ത നാല് മാസം അദ്ദേഹം ഷൂട്ടിങ്ങുകളിൽ നിന്ന് വിട്ടുനിന്നു. ഒരു ഘട്ടത്തിൽ 15 കിലോഗ്രാം വരെ ഭാരം കുറഞ്ഞു. അദ്ദേഹം ക്ഷീണിക്കുന്നതായി എനിക്കു തോന്നി. പലതവണ ഞാൻ അദ്ദേഹത്തെ തടഞ്ഞുനോക്കി. പക്ഷേ അദ്ദേഹം നിർത്താൻ കൂട്ടാക്കിയില്ല," പ്രശാന്ത് നീൽ പറഞ്ഞു.
ജൂനിയർ എൻടിആറിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് മെയ് 20നാണ് 'ഡ്രാഗൺ' സിനിമയുടെ ഗ്ലിംപ്‌സ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ജൂനിയർ എൻടിആറിന്റെ മാസ് ലുക്ക് തന്നെയായിരുന്നു സിനിമയുടെ ഹൈലൈറ്റ്. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ ഗ്ലിംപ്‌സ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. 2027 ജൂൺ 11നാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്.
രുക്മിണി വസന്ത് നായികയായെത്തുന്ന ചിത്രത്തിൽ അനിൽ കപൂർ, ബിജു മേനോൻ, ഖുശ്ബു സുന്ദർ, ഗുരു സോമസുന്ദരം, രാജീവ് കനകല, ആശുതോഷ് റാണ, അൻഷുമാൻ പുഷ്കർ, സിദ്ധാന്ത് ഗുപ്ത, പ്രഭാസ് ശ്രീനു, ശത്രു, ശിവ, ഭിമൽ ജീത് ഒബറോയ്, എൻതുതുസെലോ പ്രിൻസ് ഗ്രൂട്ട്‌ബൂം, അലക്സാണ്ടർ മിസെവ്, ബെനഡിക്ട് പോൾ ഗാരറ്റ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഫ്ഗാൻ ട്രേഡിങ് കമ്പനി, ഗോൾഡൻ ട്രേഡിങ് കമ്പനികളുടെ പശ്ചാത്തലത്തിൽ ആക്ഷൻ, രാഷ്ട്രീയം, ക്രൈം ഘടകങ്ങൾ കോർത്തിണക്കി വമ്പൻ പാൻ ഇന്ത്യൻ സിനിമയായാണ് ‘ഡ്രാഗൺ’ ഒരുങ്ങുന്നത്.