വിഷമമുണ്ട്, ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റുന്നതിൽ ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ല: പ്രേംകുമാർ

ചലച്ചിത്ര അക്കാദമി ചെയർമാന്‍ സ്ഥാനം തീരുമാനിക്കുന്നത് സർക്കാർ ആണെന്ന് പ്രേംകുമാർ
പ്രേംകുമാർ
പ്രേംകുമാർ
Published on

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാന്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നതിൽ ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ലെന്ന് നടന്‍ പ്രേംകുമാർ. അതിൽ വിഷമമുണ്ടെന്ന് പ്രേംകുമാർ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു. വിവാദങ്ങളെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത്ത് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ ശേഷം വൈസ് ചെയര്‍മാന്‍ പ്രേംകുമാറിനായിരുന്നു അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല. എന്നാൽ അക്കാദമിക്ക് ഒരു സ്ഥിരം ചെയര്‍മാന്‍ വേണമെന്ന ആവശ്യം കൂടി പരിഗണിച്ചായിരുന്നു പുതിയ നിയമനം. ഓസ്കാർ ജേതാവായ പ്രശസ്ത ശബ്ദലേഖകന്‍ റസൂല്‍ പൂക്കുട്ടി ആണ് പുതിയ ചെയർമാന്‍.

ചലച്ചിത്ര അക്കാദമി ചെയർമാന്‍ സ്ഥാനം തീരുമാനിക്കുന്നത് സർക്കാർ ആണെന്നും അതില്‍ അഭിപ്രായം പറയാനില്ലെന്നും പ്രേംകുമാർ വ്യക്തമാക്കി. എല്ലാവരും അഭിമാനത്തോടെ കാണുന്ന മഹാപ്രതിഭയാണ് ഇപ്പോൾ ആ സ്ഥാനത്ത് എത്തിയിരിക്കുന്നതെന്നും പ്രേംകുമാർ പറഞ്ഞു.

റസൂല്‍ പൂക്കുട്ടി സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിലെ പ്രേംകുമാറിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍, സ്ഥാനമേൽക്കുന്ന ചടങ്ങിൽ ഉണ്ടാകണമെന്ന വലിയ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അതിനുള്ള അവസരം ലഭിച്ചില്ലെന്ന് പ്രേമംകുമാർ വിശദീകരിച്ചു.

പ്രേംകുമാർ
"ഇറാനിയൻ ചിത്രങ്ങൾ പോലെ മലയാള സിനിമകളും ശ്രദ്ധിക്കപ്പെടാം, അക്കാദമിക സമീപനമാകും സ്വീകരിക്കുക"; ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി

ആശ സമരത്തോട് അനൂകൂല നിലപാട് എടുത്തത് ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളാണ് തിരിച്ചടിയായത് എന്ന നിലയിലുള്ള അഭ്യൂഹങ്ങള്‍ പ്രേംകുമാർ തള്ളി. ആശാ സമരത്തെ പിന്തുണച്ചിട്ടില്ല. സമരം അവസാനിപ്പിക്കാൻ ശ്രമിക്കണം എന്നാണ് പറഞ്ഞത്. കലാകാരനെന്ന നിലയ്ക്കുള്ള അഭിപ്രായം പ്രകടിപ്പിക്കുകയാണ് ചെയ്തതെന്നും അത് സർക്കാരിന് ദോഷകരമായതല്ലെന്നും പ്രേംകുമാർ വ്യക്തമാക്കി.

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സംഘാടക സമിതി രൂപീകരിക്കുന്ന ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. ചെയർമാന്‍ എന്ന നിലയിലായിരുന്നു ക്ഷണക്കത്ത്. ടാഗോർ തിയേറ്ററില്‍ നടന്ന ആ പരിപാടിയില്‍ പങ്കെടുത്തിരുന്നു. സാംസ്കാരിക വകുപ്പ് മന്ത്രി സ്റ്റേജിലേക്ക് വിളിച്ചെന്നും തന്നെക്കുറിച്ച് തന്റെ പ്രവർത്തനങ്ങളെക്കുറിച്ച് നല്ല കുറേ വാക്കുകള്‍ പറഞ്ഞതായും പ്രേംകുമാർ അറിയിച്ചു.

പ്രേംകുമാർ
ആ പൂച്ചയെ അയച്ചത് ആരാകും? 'സമ്മർ ഇൻ ബത്ലഹേം' റീ റിലീസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കഴിഞ്ഞ ദിവസമാണ് ചലച്ചിത്ര അക്കാദമി ചെയർമാന്‍ ആയി റസൂല്‍ പൂക്കുട്ടി ചുമലതലയേറ്റെടുത്തത്. നടി കുക്കു പരമേശ്വരനാണ് ചലച്ചിത്ര അക്കാദമിയുടെ പുതിയ വൈസ് ചെയർപേഴ്സണ്‍. സി. അജോയ് ആണ് സെക്രട്ടറി. 26 അംഗങ്ങളാണ് ഭരണസമിതിയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ടത്. നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിച്ചതോടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ജനറൽ കൗൺസിൽ അംഗങ്ങളായി സന്തോഷ് കീഴാറ്റൂർ, നിഖിലാ വിമൽ, സുധീർ കരമന, സിത്താര കൃഷ്ണകുമാർ, സോഹൻ സിനു ലാൽ, ജി.എസ്. വിജയൻ, ശ്യാം പുഷ്കരൻ, അമൽ നീരദ്, സാജു നവോദയ, പൂജപ്പുര രാധാകൃഷ്ണൻ എന്നിവരെയും നിയമിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com