

കൊച്ചി: മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ്. രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'വാരണാസി'. പ്രിയങ്ക ചോപ്ര ആറ് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രത്തിൽ വില്ലനാകുന്നത് മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് സുകുമാരൻ ആണ്. 'കുംഭ' എന്ന കഥാപാത്രമായാണ് 'വാരണാസി'യിൽ പൃഥ്വിരാജ് എത്തുന്നത്.
പൃഥ്വിരാജിന്റെ കുംഭയെ അവതരിപ്പിക്കുന്ന പോസ്റ്റർ സിനിമയുടെ അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. റോബോട്ടിക് വീൽ ചെയറിൽ ഇരിക്കുന്ന കുംഭയുടെ പോസ്റ്റർ വലിയ തോതിൽ ആകാംക്ഷ ഉയർത്തിയിരുന്നു. 'ദുഷ്ടനും, ക്രൂരനും, ശക്തനുമായ വില്ലന്‍' എന്നാണ് ഈ കഥാപാത്രത്തിന് സംവിധായകന്‍ രാജമൗലി നൽകിയ വിശേഷണം. അപ്പോൾ മുതൽ ഈ കഥാപാത്രത്തെയും വീൽ ചെയറിനെയും ചുറ്റിപ്പറ്റി നിരവധി ഫാൻ തിയറികൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ കുംഭയെന്ന കഥാപാത്രത്തിന് ഈ വീൽ ചെയർ എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ.
"നിങ്ങൾ പോസ്റ്ററിൽ കണ്ടതിലും അപ്പുറമാണ് ആ വീൽ ചെയർ. അത് അയാളുടെ (കുംഭ) ചിന്തകളുമായി നേരിട്ട് ബന്ധിക്കപ്പെട്ടിരിക്കുന്നു. ആ വീൽ ചെയർ അയാളുടെ വ്യക്തിത്വത്തിന്റെയും ചിന്തകളുടെയും ഒരു ഭാഗം തന്നെയാണ്. അയാൾ വളരെ അപകടകാരിയാണ്. ശാരീരിക പരിമിതി ഉണ്ടെന്നെയുള്ളൂ. അപകടകരവും അപ്രതീക്ഷിതവുമായി വഴികളിലാണ് അയാളുടെ ചിന്തകൾ പോകുന്നത്. വീൽ ചെയർ അയാളുടെ ചിന്തകളുമായി നേരിട്ട് ബന്ധിപ്പിക്കുന്ന വിധത്തിലാണ് വരുന്നത്. കൂടുതൽ ഇപ്പോൾ വിശദീകരിക്കുന്നില്ല. വീൽ ചെയർ ഒരു പ്രോപ്പർട്ടി മാത്രമല്ല, അത് കുംഭ ആരാണെന്നതിന്റെ ഭാഗമാണ്," എന്നായിരുന്നു പൃഥ്വിരാജിന്റെ വാക്കുകൾ. ഷൂട്ടിങ് സമയത്ത് അബദ്ധവശാൽ പോലും തന്റെ കൈകാലുകൾ ചലിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അവ പ്രത്യേക മെക്കാനിസം ഉപയോഗിച്ച് വീൽ ചെയറുമായി ലോക്ക് ചെയ്തിരിക്കുകയായിരുന്നു എന്നും നടൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം നവംബർ 15ന് ഹൈദരാബാദിൽ നടന്ന ബ്രഹ്‌മാണ്ഡ പരിപാടിയിലാണ് സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചത്. തുടർന്ന് സിനിമയുടെ ടീസറും പുറത്തുവിട്ടിരുന്നു. പല കാലങ്ങളില്‍ പല ദേശങ്ങളിലൂടെ സഞ്ചരിക്കുന്ന ടൈം ട്രാവൽ അഡ്വഞ്ചർ മൂവിയായിരിക്കും 'വാരണാസി' എന്നാണ് ടൈറ്റിൽ റിവീൽ ടീസർ നൽകിയ സൂചന. ഐമാക്‌സിൽ ഉൾപ്പെടെ ഫുൾ സ്‌ക്രീൻ ഫോർമാറ്റിൽ ആകും ചിത്രം ഇറങ്ങുക എന്നാണ് രാജമൗലി അറിയിച്ചിരിക്കുന്നത്.
ശ്രീ ദുർഗ ആർട്ട്സ്, ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ.എൽ. നാരായണ, എസ്.എസ്. കർത്തികേയ എന്നിവരാണ് 'വാരണാസി' നിർമിക്കുന്നത്. ഓസ്കാർ ജേതാവ് എം.എം. കീരവാണിയാണ് 'വാരണാസി'യുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. രാജമൗലിയുടെ പിതാവും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് തിരക്കഥ ഒരുക്കുന്നത്.