

കൊച്ചി: സിനിമാ പ്രേമികളെ ഒറ്റ ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോ കൊണ്ട് ആകാംക്ഷയുടെ പരകോടിയിൽ എത്തിച്ച ചിത്രമാണ് ബ്രഹ്‌മാണ്ഡ സംവിധായകന്‍ എസ്.എസ്. രാജമൗലി ഒരുക്കുന്ന 'വാരണാസി'. ചിത്രത്തിൽ മഹേഷ് ബാബുവിന്റെ വില്ലനായി എത്തുന്നത് മലയാളി താരം പൃഥ്വിരാജ് സുകുമാരൻ ആണ്. കുംഭ എന്ന വില്ലൻ വേഷത്തിലാണ് 'വാരണാസി'യിൽ പൃഥ്വിരാജ് എത്തുന്നത്. ഇപ്പോഴിതാ പൃഥ്വിരാജ് പങ്കുവച്ച ഫോട്ടോ ആണ് സമൂഹമാധ്യമങ്ങളിൽ സംസാര വിഷയം. കുംഭയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പാണോ ഇതെന്നാണ് ആരാധകരുടെ ചോദ്യം.
ജിമ്മിൽ നിന്നുള്ള വർക്കൗട്ടിന് ശേഷമുള്ള ചിത്രമാണ് പൃഥ്വിരാജ് പങ്കുവച്ചത്. 'വർക്ക് ഇൻ പ്രോഗ്രസ്' എന്നും നടൻ കുറിച്ചു. നേരത്തെ, പുറത്തുവന്ന 'വാരണാസി'യിലെ ക്യാരക്ടർ പോസ്റ്ററിൽ കുംഭ എന്ന പൃഥ്വിരാജിന്റെ കഥാപാത്രത്തെ ഒരു വീൽച്ചെയറിൽ ഇരിക്കുന്ന വിധത്തിലാണ് അവതരിപ്പിച്ചിരുന്നത്. ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോയിലും പല ഭാഗങ്ങളിൽ വീൽച്ചെയറിൽ നീങ്ങുന്ന കുംഭയെ കാണാം. എന്നാൽ, പൃഥ്വി ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ, 'കുംഭയുടെ ട്രാൻസ്ഫോർമേഷൻ കണ്ട് ഞെട്ടാൻ റെഡി ആയിക്കോ' എന്നാണ് ആരാധകർ കമന്റ് സെക്ഷനിൽ കുറിക്കുന്നത്.
പല കാലങ്ങളില്‍ പല ദേശങ്ങളിലൂടെ സഞ്ചരിക്കുന്ന ടൈം ട്രാവൽ അഡ്വഞ്ചർ മൂവിയായിരിക്കും 'വാരണാസി' എന്നാണ് ടൈറ്റിൽ അനൗണ്‍സ്മെന്റ് വീഡിയോ നൽകുന്ന സൂചന. ഐമാക്‌സിൽ ഉൾപ്പെടെ ഫുൾ സ്‌ക്രീൻ ഫോർമാറ്റിൽ ആകും ചിത്രം ഇറങ്ങുക എന്നാണ് രാജമൗലി അറിയിച്ചിരിക്കുന്നത്. രാജമൗലിയുടെ പിതാവും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് 'വാരണാസി'ക്ക് തിരക്കഥ ഒരുക്കുന്നത്. 2027 ഏപ്രിലിൽ സിനിമ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. പ്രിയങ്ക ചോപ്രയാണ് സിനിമയിലെ നായിക.