

കൊച്ചി: ടി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയശിൽപ്പിയായ സഞ്ജു സാംസണിനെ അഭിനന്ദിച്ച് സംവിധായകൻ പ്രിയദർശൻ. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ കിരീടം നിലനിർത്താനിറങ്ങിയ ടീമിന് വിജയവഴി ഒരുക്കുന്നതിൽ നിർണായകമായത് നോക്കൗട്ട് മത്സരങ്ങളിലെ സഞ്ജു സാംസണിന്റെ പ്രകടനമാണ്. കേരളത്തിന്റെ പ്രതിഭാപാരമ്പര്യത്തിന്റെ തുടർച്ചയെന്നാണ് സഞ്ജുവിന്റെ നേട്ടത്തെ പ്രിയദർശൻ വിശേഷിപ്പിച്ചത്.
"മോഹൻലാലിന്റെ മാന്ത്രികത മുതൽ സഞ്ജു സാംസണിന്റെ ചാരുത വരെ, കേരളത്തിന്റെ പ്രതിഭാപാരമ്പര്യം തുടരുകയാണ്," എന്നാണ് പ്രിയദർശൻ ഫേസ്ബുക്കിൽ കുറിച്ചത്.
2026 ടി20 ലോകകപ്പ് കിരീട നേട്ടത്തിൽ സുപ്രധാന പങ്കുവഹിച്ച താരങ്ങളിൽ ഒരാൾ സഞ്ജു സാംസൺ ആണ്. ഫൈനലിൽ 96 റൺസിന് ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്. 46 പന്തില്‍ നിന്ന് 89 റണ്‍സെടുത്ത സഞ്ജുവിന്റെ പ്രകടനം ഇതിൽ നിർണായകമായി. നിരവധി റെക്കോർഡുകളും താരം സ്വന്തം പേരിലാക്കി.
ടി20 ലോകകപ്പ് ഫൈനലിലെ ഒരു താരത്തിന്റെ ഉയർന്ന സ്‌കോറാണ് സഞ്ജു അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നേടിയത്. ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (24 എണ്ണം) നേടുന്ന താരമായും സഞ്ജു മാറി. കൂടാതെ, തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ 80ന് മുകളിൽ റൺസ് നേടുന്ന രണ്ടാമത്തെ താരവുമാണ്. ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച പ്രകടനത്തോടെ സഞ്ജു സാംസൺ ടൂർണമെന്റിലെ താരവുമായി.