ചെക്ക് കേസിൽ ജയിലിൽ കഴിയുന്ന നടന് പ്രിയദർശന്റെ സഹായം; രാജ്‌പാൽ യാദവിന്റെ പ്രതിഫലം ഉയർത്തി

രാജ്‌പാലിനെ ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും പ്രിയദർശൻ
പ്രിയദർശൻ, രാജ്‌പാൽ യാദവ്
പ്രിയദർശൻ, രാജ്‌പാൽ യാദവ്Source: X
Published on
Updated on

ന്യൂ ഡൽഹി: ചെക്ക് കേസിൽ തിഹാർ ജയിലിൽ കഴിയുന്ന നടൻ രാജ്‌പാൽ യാദവിന് സഹായവുമായി സംവിധായകൻ പ്രിയദർശൻ. നടൻ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് തന്റെ പുതിയ ചിത്രത്തിൽ അദ്ദേഹത്തിന് നൽകേണ്ട പ്രതിഫലം വർധിപ്പിക്കാൻ പ്രിയദർശൻ നിർമാതാക്കളോട് ആവശ്യപ്പെട്ടു. രാജ്‌പാലിനെ ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും പ്രിയദർശൻ വ്യക്തമാക്കി.

'മിഡ് ഡേ'യ്‌ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രിയദർശൻ. "എനിക്ക് 20 വർഷമായി അദ്ദേഹത്തെ അറിയാം. 'ജംഗിൾ' എന്ന ചിത്രത്തിലാണ് ആദ്യമായി അദ്ദേഹത്തെ കാണുന്നത്. അദ്ദേഹത്തിന്റെ പ്രകടനം കണ്ട് ഞാൻ അതിശയിച്ചുപോയി. 'മലാമൽ വീക്കിലി' ആണ് ഞാൻ അദ്ദേഹവുമായി ചെയ്യുന്ന ആദ്യ ചിത്രം. അതിന് ശേഷം എന്റെ പല സിനിമകളിലും അദ്ദേഹം അഭിനയിച്ചു. എന്റെ അടുത്ത ചിത്രത്തിന്റെ നിർമാതാക്കളോട് (ജൂബിലി ഫിലിംസ്) അദ്ദേഹത്തിന്റെ സാഹചര്യം കണക്കിലെടുത്ത് അധികം പ്രതിഫലം നൽകണമെന്ന് ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തെ നമുക്ക് രക്ഷിക്കണം. നിർമാതാക്കൾ സമ്മതിച്ചിട്ടുണ്ട്. വില്ലൻ വേഷത്തിലാണ് ഈ ചിത്രത്തിൽ രാജ്‌പാൽ എത്തുന്നത്," പ്രിയദർശൻ പറയുന്നു.

"എനിക്ക് അദ്ദേഹത്തിന്റെ പ്രശ്നം അറിയാം. അതുകൊണ്ടാണ് എല്ലാ ചിത്രങ്ങളിലും ഞാൻ അദ്ദേഹവുമായി സഹകരിക്കുന്നത്. പരസ്യ ചിത്രങ്ങളിലും ഞാൻ അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. മതിയായ വിദ്യാഭ്യാസം ഇല്ലാത്തതിനാലാണ് പാവം മനുഷ്യന് ഈ അബദ്ധം പറ്റിയത്. രാജ്‌പാൽ ഒരു നല്ല മനുഷ്യനാണ്," എന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു.

പ്രിയദർശൻ, രാജ്‌പാൽ യാദവ്
"എന്റെ സുഹൃത്തും നമ്മുടെ എല്ലാം ലാലേട്ടനും ഹൃദയം നിറഞ്ഞ ആദരങ്ങൾ"; മമ്മൂട്ടിയുടെ വാക്കുകൾ വൈറൽ

ഫെബ്രുവരി അഞ്ചിനാണ്, ചെക്ക് കേസിൽ ആറ് മാസത്തെ തടവ് അനുഭവിക്കുന്നതിനായി തിഹാർ ജയിൽ അധികൃതർക്ക് മുന്നിൽ രാജ്‌പാൽ കീഴടങ്ങിയത്. പിന്നാലെ സിനിമാ മേഖലയിലെ നിരവധി പ്രമുഖർ നടന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. സൽമാൻ ഖാൻ, അജയ് ദേവ്ഗൺ, വരുൺ ധവാൻ എന്നിവർ സഹായം വാഗ്ദാനം ചെയ്തതായി നടന്റെ മാനേജർ ഗോൾഡി ജെയിൻ അറിയിച്ചിരുന്നു.

2010ൽ 'അട്ടാ പട്ടാ ലാപ്പതാ' എന്ന ആദ്യ സംവിധാന സംരഭം നിർമിക്കുന്നതിനായാണ് ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മുരളി പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും രാജ്പാൽ യാദവ് അഞ്ച് കോടി രൂപ വായ്പ എടുത്തത്. ഈ കടം പലിശയും പിഴയും ചേർന്ന് ഇപ്പോൾ ഒൻപത് കോടി രൂപയായി മാറി. ഇതിനെത്തുടർന്നുള്ള, ചെക്ക് മടങ്ങിയ കേസിലാണ് രാജ്പാൽ യാദവിനേയും ഭാര്യയേയും ആറ് മാസത്തെ തടവിന് കോടതി ശിക്ഷിച്ചത്.

പ്രിയദർശൻ, രാജ്‌പാൽ യാദവ്
'ജന നായകൻ' തെരഞ്ഞെടുപ്പ് കഴിയാതെ എത്തില്ല; ടിക്കറ്റ് എടുത്തവർ പണം തിരികെ വാങ്ങണമെന്ന് വിതരണക്കാർ

2024 ജൂണിൽ കടം തീർക്കാൻ സമയം അനുവദിച്ച ഡൽഹി ഹൈക്കോടതി രാജ്പാലിന് എതിരായ തടവ് ശിക്ഷ താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. പക്ഷേ, സമയത്തിന് ബാധ്യത തീർക്കാൻ നടന് സാധിച്ചില്ല. ഇതോടെ, ജയിൽ അധികൃതർക്ക് മുന്നിൽ രാജ്പാൽ യാദവ് കീഴടങ്ങണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. കഴിഞ്ഞ ദിവസം, ജാമ്യത്തിനായി ഹൈക്കോടതിയെ രാജ്‌‌പാൽ യാദവ് സമീപിച്ചെങ്കിലും ലഭിച്ചില്ല. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com