

ദൃശ്യം മൂന്നിൻ്റെ ഹിന്ദി പതിപ്പിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് അക്ഷയ് ഖന്നയ്ക്കെതിരെ നിയമനടപടിയുമായി നിര്‍മാതാവ്. പനോരമ സ്റ്റുഡിയോസാണ് നടനെതിരെ നിയമ നടപടിക്കൊരുങ്ങുന്നത്. ചിത്രത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന അക്ഷയ് ഖന്നയുടെ പിന്മാറ്റം. ചിത്രത്തിൽ നിന്നും പിന്മാറുന്ന വിവരം മെസേജിലൂടെയാണ് നടൻ അറിയിച്ചതെന്നും നിർമാതാവ് കുമാർ മങ്കത് പതക് വ്യക്തമാക്കി.
ദൃശ്യം ത്രീയിൽ അഭിനയിക്കാനായി കഴിഞ്ഞ മാസം കരാറിൽ ഒപ്പിട്ട് അഡ്വാൻസ് കൈപ്പറ്റിയ അക്ഷയ് ചിത്രത്തിൻ്റെ പ്രതിഫലത്തുകയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്നാണ് ചിത്രത്തിൽ നിന്നും പിന്മാറിയത്. കരാർ ഒപ്പിടുന്നതിന് മുമ്പ് തന്നെ രണ്ടാം ഭാഗത്തേക്കാൾ മൂന്നിരട്ടി പ്രതിഫലമാണ് അക്ഷയ് ഖന്ന ആവശ്യപ്പെട്ടത്. ഇത് സമ്മതിച്ചതോടെയാണ് കരാറിൽ ഒപ്പിട്ടതെന്നും മങ്കത് പറഞ്ഞു. എന്നാൽ പിന്നീട് പ്രതിഫലവുമായി ബന്ധപ്പെട്ട് മൂന്ന് തവണ ചർച്ച നടത്തിയതായും പിന്നാലെ ഫോൺ എടുക്കാൻ പോലും നടൻ തയ്യാറായില്ലെന്നും നിർമാതാവ് ആരോപിച്ചു. ഇതോടെയാണ് നിർമാതാക്കൾ നിയമനടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. ഛാവ,ധുരന്ദർ എന്നീ സിനിമകളുടെ വിജയത്തിന് പിന്നാലെ 21 കോടി രൂപയോളം പ്രതിഫലമായി ആവശ്യപ്പെട്ടതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രതിഫലത്തിന് പുറമേ ചിത്രത്തിലെ ലുക്കുമായി ബന്ധപ്പെട്ടും തർക്കം ഉണ്ടായിരുന്നതായി നിർമാതാവ് വ്യക്തമാക്കി. ചിത്രത്തിൽ വിഗ്ഗ് വേണമെന്ന് നടൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് കഥാപാത്രത്തെ ബാധിക്കുമെന്നതിനാൽ സമ്മതിക്കാതിരുന്നതും നടൻ്റെ പിന്മാറ്റത്തിന് കാരണമായതായി നിർമാതാവ് പറഞ്ഞു.
വക്കീൽ നോട്ടീസിനോടും നടൻ പ്രതികരിച്ചിട്ടില്ലെന്നും നിർമാതാവ് അറിയിച്ചു. ദൃശ്യം ത്രീയിൽ അക്ഷയ് ഖന്നയ്ക്ക് പകരം എത്തുന്നത് ജയ്ദീപ് അഹലാവത്താണ്. 2026 ഒക്ടോബര്‍ രണ്ടിനാണ് ദൃശ്യം ത്രീയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. തബു, ശ്രീയ ശരൺ, രജത് കപൂർ, ഇഷിത ദത്ത എന്നിവരാണ് മറ്റ് അഭിനേതാക്കൾ.