

ന്യൂ ഡൽഹി: നടി സമാന്ത രൂത്ത് പ്രഭുവിന്റെയും സംവിധായകൻ രാജ് നിദിമോരുവിന്റെയും വിവാഹത്തെ കുറിച്ചുള്ള ചർച്ചകൾ അവസാനിക്കുന്നില്ല. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. വിവാഹത്തിന് പിന്നാലെ രാജിന്റെ മുൻ പങ്കാളി ശ്യാമലി ഡേ തന്റെ അതൃപ്തി അറിയിക്കുന്ന തരത്തിൽ നിരവധി ഇൻസ്റ്റാഗ്രാം സ്റ്റോറികൾ പങ്കുവച്ചിരുന്നു. താൻ ആരുടെയും ശ്രദ്ധയോ സഹതാപമോ ആഗ്രഹിക്കുന്നില്ല എന്ന് പറയുന്ന ദീർഘമായ കുറിപ്പാണ് ശ്യാമലിയുടെ പുതിയ സ്റ്റോറി.
സമാന്ത-രാജ് പ്രണയമാണ് ശ്യാമലിയുടെ ജീവിതം തകർത്തതെന്നാണ് സമൂഹമാധ്യമങ്ങളിൽ ഒരു കൂട്ടം പ്രചരിപ്പിക്കുന്നത്. ഇതിനെ തുടർന്ന്, വലിയ തോതിലുള്ള സൈബർ ആക്രമണമാണ് സമാന്ത നേരിടുന്നത്. ആദ്യ വിവാഹബന്ധം നിയമപരമായി വേർപ്പെടുത്താതെയാണ് രാജ് നടിയെ വിവാഹം കഴിച്ചതെന്നും ആരോപണം ഉയരുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ശ്യാമലി പ്രതികരിച്ചിട്ടില്ല.
ശ്യാമലി ഡേയുടെ കുറിപ്പ്: "സ്നേഹത്തിനും ആശംസകൾക്കും, ഊഷ്മളമായ വാക്കുകൾക്കും, അനുഗ്രഹങ്ങൾക്കും നന്ദി. ഒന്നുമറിയാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒരു രാത്രി മുഴുവൻ ഉറക്കമില്ലാതെ ആലോചിച്ചു. എന്നിലേക്ക് വരുന്ന നല്ലതുകളെ തിരിച്ചറിയാതെ പോകുന്നത് നന്ദികേടും മര്യാദകേടുമാണ് എന്ന് ഞാൻ മനസ്സിലാക്കി. വർഷങ്ങളായി ഞാൻ മെഡിറ്റേഷൻ ഓൺ ട്വിൻ ഹാർട്ട്സ് പരിശീലിക്കുന്നു. ഭൂമി മാതാവിനും സകല ജീവജാലങ്ങൾക്കും സമാധാനം, സ്നേഹം, ക്ഷമ, പ്രത്യാശ, വെളിച്ചം, സന്തോഷം, വാത്സല്യം, നല്ല ചിന്തകൾ, നന്മ ചെയ്യാനുള്ള ഇച്ഛാശക്തി എന്നിവ നൽകി ആശിർവദിക്കുന്നതാണ് ഈ ധ്യാനം. ഒരു സുഹൃത്ത് എന്നെ ഓർമിപ്പിച്ചതുപോലെ, ഈ ഊർജം എന്നിലേക്ക് തിരികെ വരികയാണ് .
എനിക്കൊരു ടീമോ, പിആറോ, സ്റ്റാഫോ, പേജ് കൈകാര്യം ചെയ്യാൻ സഹായിക്കുന്നവരോ ഇല്ല. എന്റെ പൂർണമായ ശ്രദ്ധ ആവശ്യമുള്ള ഒരു കാര്യവുമായി പോരിടുമ്പോൾ തന്നെ ഞാൻ നേരിട്ട് പ്രതികരിക്കുകയാണ്. നവംബർ ഒൻപതിന് എന്റെ ജ്യോതിഷ് ഗുരുവിന് നാലാം ഘട്ട കാൻസർ സ്ഥിരീകരിച്ചു. നിർഭാഗ്യവശാൽ ഇത് തലച്ചോറുൾപ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. എന്റെ ശ്രദ്ധ ഇപ്പോൾ എവിടെയായിരിക്കുമെന്ന് നിങ്ങൾക്കെല്ലാവർക്കും മനസിലാക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട്, ഒരു വിനീതമായ അപേക്ഷ ഈ ഇടം വൃത്തിയായി സൂക്ഷിക്കുക. നന്ദി, നന്ദി, നന്ദി. ഓരോ വ്യക്തിയും, ഓരോ ജീവിയും നല്ല ആരോഗ്യത്തോടും, സന്തോഷത്തോടും, ഐശ്വര്യത്തോടും, ആത്മീയതയോടും കൂടി അനുഗ്രഹിക്കപ്പെടട്ടെ. ഡ്രാമ, ബ്രേക്കിങ് ന്യൂസ് നോക്കി വരുന്നവരോട്.നിങ്ങൾക്കത് ഇവിടെ കാണാൻ കഴിയില്ല. നിങ്ങളുടെ അറ്റൻഷൻ, മാധ്യമ കവറേജ്, എക്സ്ക്ലൂസീവ് ഇന്റർവ്യൂ, ബ്രാൻഡ് പ്രമോഷൻ, പെയ്ഡ് പാർട്ണർഷിപ്പ്, സഹതാപം എന്നിവ നേടാൻ ആഗ്രഹിക്കുന്നില്ല. ഇവിടെ ആർക്കും ഒന്നും വിൽക്കാൻ ശ്രമിക്കുന്നില്ല ".
അതേസമയം, സമാന്തയ്ക്ക് എതിരെ നടിയുടെ മുൻ മേക്കപ്പ് ആർടിസ്റ്റും സുഹൃത്തുമായ സദ്‌ന സിംഗും രംഗത്തെത്തിയിട്ടുണ്ട്. സമാന്തയുടെ ചിത്രത്തിനൊപ്പം ‘ഇരയായി അഭിനയിക്കുന്ന വില്ലന്‍’ എന്ന ക്യാപ്ഷനോടെ സദ്ന സ്റ്റോറി പങ്കുവച്ചിരുന്നു. ഇത് സൈബർ ഇടങ്ങളിലെ ആരോപണങ്ങളെ സംബന്ധിക്കുന്ന അഭ്യൂഹങ്ങൾ ബലപ്പെടുത്തി. ഇതോടെ നടിയുടെ ആരാധകർ വലിയ തോതിൽ സൈബർ ആക്രമണം നടത്തിയതായാണ് സദ്ന ആരോപിക്കുന്നത്. താനുമായി വളരെ അടുപ്പമുണ്ടായിരുന്ന സദ്നയെ ഒരു കാലത്ത് 'പാർട്ണർ ഇൻ ക്രൈം' എന്നാണ് സമാന്ത വിശേഷിപ്പിച്ചത്.
ഡിസംബർ ഒന്നിനാണ് സമാന്തയും രാജ് നിദിമോരുവും വിവാഹിതരായത്. കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിന് ഉള്ളിലുള്ള ലിംഗ ഭൈരവി ക്ഷേത്രത്തിലായിരുന്നു വിവാഹം. 30ഓളം പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.