

അന്തരിച്ച പ്രശസ്ത സംഗീതസംവിധായകൻ ദേവയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് വീഡിയോ പങ്കുവച്ച് നടൻ രജനികാന്ത്. രജനി നായകനായ 'അണ്ണാമലൈ', 'ബാഷ', 'അരുണാചലം' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് സംഗീത ഒരുക്കിയത് ദേവയായിരുന്നു. മൂന്ന് വമ്പൻ ഹിറ്റുകൾ സമ്മാനിച്ചിട്ടും 'പടയപ്പ' സിനിമയിൽ ദേവയ്ക്ക് പകരം എ.ആർ. റഹ്മാനെയാണ് സംഗീത സംവിധായകനായി തീരുമാനിച്ചത്. ഇതിനെപ്പറ്റി ദേവയോട് സംസാരിച്ച സന്ദർഭത്തെപ്പറ്റി അനുസ്മരണ വീഡിയോയിൽ രജനികാന്ത് പറയുന്നു.
“അണ്ണാമലൈ, ബാഷ, അരുണാചലം എന്നിങ്ങനെ എന്റെ മൂന്ന് ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. മൂന്നും ഗംഭീര വിജയങ്ങളായിരുന്നു. അതിനുശേഷം 'പടയപ്പ' സമയത്ത്, ഈ ചിത്രത്തിന് എ.ആർ. റഹ്മാനാണ് സംഗീതം എന്ന് എനിക്ക് അദ്ദേഹത്തോട് പറയേണ്ടിവന്നു. 'ഇതിൽ വിഷമമൊന്നും തോന്നരുത്' എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അപ്പോൾ അദ്ദേഹം എഴുന്നേറ്റ് എന്റെ കയ്യിൽ പിടിച്ച് വളരെ സന്തോഷത്തോടെ പറഞ്ഞു, 'അവൻ (റഹ്മാൻ) കഴിവുള്ള പുതിയ സംഗീതസംവിധായകനാണ്. തീർച്ചയായും നിങ്ങൾ അദ്ദേഹത്തോടൊപ്പം ചെയ്യണം. 'നിങ്ങൾക്ക് വേണ്ടി മൂന്ന് സിനിമകൾ ചെയ്യാൻ കഴിഞ്ഞത് തന്നെ ഞാൻ വലിയ ഭാഗ്യമായി കാണുന്നു' എന്നും അദ്ദേഹം പറഞ്ഞു,” രജനിയുടെ വാക്കുകൾ.
ദേവയുടെ നിഷ്കളങ്കതയാണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നതെന്ന് രജനികാന്ത് പറഞ്ഞു. ഒരുവിധ ദുഷ്ടലാക്കുമില്ലാത്ത, സ്വർണം പോലുള്ള മനസിനു ഉടമയാണ് ദേവയെന്നും രജനി കൂട്ടിച്ചേർത്തു.
ഒക്ടോബർ 17 ശനിയാഴ്ചയാണ് ദേവ (76) അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ 400ൽ അധികം സിനിമകൾക്കാണ് അദ്ദേഹം സംഗീതം നൽകിയത്. രജനികാന്ത്, വിജയകാന്ത്, കമൽ ഹാസൻ, വിജയ്, അജിത് കുമാർ തുടങ്ങിയവരുടെ വിജയ ചിത്രങ്ങൾക്ക് പിന്നിൽ ദേവയുടെ സംഗീതമുണ്ടായിരുന്നു. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം, മികച്ച സംഗീത സംവിധായകനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. 'സൂപ്പർ സ്റ്റാർ രജനി' എന്ന ടൈറ്റിൽ കാർഡിന് ഇന്നും ഉപയോഗിക്കുന്നത് അദ്ദേഹം ചിട്ടപ്പെടുത്തിയ പശ്ചാത്തല സംഗീതമാണ്.