

ബോളിവുഡിനെ 90കളിൽ നിയന്ത്രിച്ചിരുന്നത് ചെറുതും വലുതുമായ അധോലോക സംഘങ്ങളായിരുന്നു. സിനിമാ ചിത്രീകരണം തടസങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ ഇവർക്ക് വലിയ തുക നൽകി ഉറപ്പ് വാങ്ങേണ്ടിയിരുന്നു. പലപ്പോഴും സിനിമകളുടെ കഥയും കാസ്റ്റിങ്ങും ഇവരുടെ തീരുമാനത്തിന് അനുസരിച്ച് മാറിമറിഞ്ഞു. ഇതിൽ പ്രബലമായ ഗ്രൂപ്പിന് നേതൃത്വം കൊടുത്തിരുന്നത് ദാവൂദ് ഇബ്രാഹിമായിരുന്നു. ഈ സമയത്താണ് ഗ്യാങ്സ്റ്റർ സിനിമകളുമായി രാം ഗോപാൽ വർമയുടെ രംഗപ്രവേശം.
ബോളിവുഡിനെ അധോലോകം കയ്യടക്കിവച്ചിരുന്ന സമയത്തും തനിക്ക് ഇത്തരം അനുഭവങ്ങൾ നേരിട്ടിട്ടില്ലെന്നാണ് ആർജിവി പറയുന്നത്. മാത്രമല്ല, സിനിമാ ജീവിതത്തിലെ തന്റെ വിജയങ്ങൾക്ക് ദാവൂദ് ഇബ്രാഹിമിനോടാണ് കടപ്പെട്ടിരിക്കുന്നതെന്നും സംവിധായകൻ വെളിപ്പെടുത്തുന്നു. ഫിലിംഫെയറുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
തന്റെ സിനിമകൾ അധോലോകത്തുള്ളവർക്ക് ഇഷ്ടപ്പെട്ടതുകൊണ്ട് തനിക്ക് ഒരിക്കലും ഭീഷണി കോളുകൾ വന്നിട്ടില്ലെന്നും താൻ അവരുടെ ഒരു 'സോൾമേറ്റ്' പോലെയായിരുന്നുവെന്നുമാണ് സംവിധായകൻ അവകാശപ്പെടുന്നത്. ദാവൂദ് ഇബ്രാഹിം ഇല്ലായിരുന്നെങ്കിൽ താൻ 'സത്യ', 'കമ്പനി' എന്നീ രണ്ട് പ്രശസ്ത സിനിമകൾ നിർമിക്കില്ലായിരുന്നുവെന്നും ദാവൂദിന്റെ കഥകളായിരുന്നു തന്റെ ഉപജീവനമാർഗം എന്നും ആർജിവി പറഞ്ഞു.
തന്റെ ആത്മകഥയായ 'ഗൺസ് ആൻഡ് തൈസ്' ദാവൂദ് ഇബ്രാഹിമിന് സമർപ്പിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും പബ്ലിഷർമാർ ആ പേര് നീക്കം ചെയ്യുകയായിരുന്നുവെന്നും രാം ഗോപാൽ വർമ വെളിപ്പെടുത്തി."എന്റെ ആത്മകഥ ഞാൻ ദാവൂദ് ഇബ്രാഹിമിനും സമർപ്പിച്ചിരുന്നു. പക്ഷേ പ്രസാധകർ അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്തു. ദാവൂദ് ഇബ്രാഹിം ഇല്ലായിരുന്നുവെങ്കിൽ സത്യ, കമ്പനി എന്നിങ്ങനെ രണ്ട് ഐക്കോണിക് ചിത്രങ്ങൾ ഞാൻ ചെയ്യുമായിരുന്നില്ല. അങ്ങനെയുള്ളപ്പോൾ എനിക്ക് അദ്ദേഹത്തിന് സമർപ്പിക്കാതിരിക്കാൻ ആകുമോ? ഞാൻ എന്റെ ഉപജീവനമാർഗം കണ്ടെത്താൻ കാരണം അദ്ദേഹമാണ്," എന്നാണ് രാം ഗോപാൽ വർമ പറഞ്ഞത്.
1998ൽ പുറത്തിറങ്ങിയ 'സത്യ'യിൽ ജെ.ഡി. ചക്രവർത്തി, ഊർമിള മണ്ഡോദ്കർ, മനോജ് ബാജ്‌പേയി, ഷെഫാലി ഷാ, സൗരഭ് ശുക്ല എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അനുരാഗ് കശ്യപ് ആയിരുന്നു തിരക്കഥ. ജോലി തേടി മുംബൈയിലെത്തിയ സത്യ എന്ന യുവാവ് അധോലോകവുമായി ബന്ധപ്പെടേണ്ടി വരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
2002ൽ പുറത്തിറങ്ങിയ 'കമ്പനി'യിൽ അജയ് ദേവ്ഗൺ, വിവേക് ഒബ്‌റോയ്, മോഹൻലാൽ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. ദാവൂദ് ഇബ്രാഹിമും ഛോട്ടാ രാജനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ആർജിവി ഈ ചിത്രം നിർമിച്ചത്.
നേരത്തെ അധ്യാപക ദിനത്തിൽ അമിതാഭ് ബച്ചൻ, സ്റ്റീവൻ സ്പീൽബർഗ്, ശ്രീദേവി എന്നിവരോടൊപ്പം ദാവൂദ് ഇബ്രാഹിമിനെയും തന്റെ ഗുരുക്കന്മാരുടെ പട്ടികയിൽ ഉൾപ്പെടുത്തി വർമ പോസ്റ്റ് ചെയ്തിരുന്നത് വലിയ വിവാദമായിരുന്നു. നിലവിൽ 'സർക്കാർ 4', 'സിൻഡിക്കേറ്റ്' എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് അദ്ദേഹം.