
മുംബൈ: ബോളിവുഡില്‍ ‘രാമായണം’ എന്ന ചിത്രത്തിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ വന്‍ പ്രതീക്ഷയാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഇത് മാറും എന്നാണ് പുതിയ അപ്ഡേറ്റ് പുറത്തുവരുന്നത്. രൺബീർ കപൂർ, യാഷ്, സായ് പല്ലവി, സണ്ണി ഡിയോൾ എന്നിവർ അഭിനയിക്കുന്ന ഈ ബ്രാഹ്മാണ്ഡ ചിത്രം 4000 കോടി രൂപയുടെ (ഏകദേശം 500 മില്യൺ ഡോളർ) ബജറ്റിലാണ് നിര്‍മ്മിക്കുന്നത് എന്നാണ് നിർമാതാവ് നമിത് മൽഹോത്ര വെളിപ്പെടുത്തിയിരിക്കുന്നത്.
“ഞങ്ങൾ സ്വന്തം നിലയിൽ ഈ പദ്ധതി ഫിനാൻസ് ചെയ്യുകയാണ്,” അദ്ദേഹം പറഞ്ഞു.നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണം’ വാൽമീകിയുടെ ഇതിഹാസത്തെ അന്താരാഷ്ട്ര തലത്തിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമിക്കപ്പെടുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. രൺബീർ കപൂർ ശ്രീരാമനായും, യാഷ് രാവണനായും, സായ് പല്ലവി സീതയായും, സണ്ണി ഡിയോൾ ഹനുമാനായും, ടെലിവിഷൻ താരം രവി ദുബെ ലക്ഷ്മണനായും വേഷമിടുന്നു.
ഈ ചിത്രത്തിന്റെ ആദ്യ ഭാഗം 2026 ദീപാവലിക്കും, രണ്ടാം ഭാഗം 2027 ദീപാവലിക്കും തിയേറ്ററുകളിൽ എത്തും.നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ഈ വമ്പന്‍ ചിത്രം നിർമിക്കുന്നത്.
“ഇന്ത്യൻ സിനിമയിൽ ഇതുവരെ ഒരു ചിത്രവും ഇത്രയും വലിയ ബജറ്റിൽ നിർമിച്ചിട്ടില്ല” നിര്‍മ്മാതാവായ നമിത് ഒരു പോഡ്കാസ്റ്റിൽ വെളിപ്പെടുത്തി. 4000 കോടി രൂപയുടെ ബജറ്റ് എന്നത് ഹോളിവുഡ് ബ്ലോക്ബസ്റ്ററുകളായ ‘അവതാർ’, ‘ജുറാസിക് വേൾഡ് റീബർത്ത്’, ‘സൂപ്പർമാൻ’ എന്നിവയുടെ ബജറ്റിന് സമാനമാണ്.
ഉയർന്ന നിലവാരമുള്ള വിഷ്വൽ എഫക്ട്, എഐ ഡബ്ബിംഗ്, ഐമാക്സ് ഫോർമാറ്റിൽ റിലീസ് എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് ഈ ബജറ്റ് എന്നാണ് വിവരം. അന്താരാഷ്ട്ര നിലവാരത്തിൽ നിര്‍മ്മിക്കുന്ന ചിത്രം ‘ഇന്ത്യൻ സിനിമയുടെ ആഗോള തലത്തിലേക്കുള്ള ചുവടുവയ്പാണ്’ എന്നാണ് നമിത് മൽഹോത്ര പറയുന്നത്. ഓസ്കർ ജേതാവ് ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്, ഇത് ബോളിവുഡിൽ ഹാൻസ് സിമ്മറുടെ അരങ്ങേറ്റം കൂടിയാണ്.
ജനപ്രിയ ഹോളിവുഡ് ചിത്രങ്ങളായ ‘ഇൻസെപ്ഷൻ’, ‘ഇന്റർസ്റ്റെല്ലർ’, ‘ഡ്യൂൺ’ എന്നിവയിൽ പ്രവർത്തിച്ചിട്ടുള്ള നമിതിന്റെ പ്രൈം ഫോക്കസ്, ഈ ചിത്രത്തിന്റെ വിഷ്വൽ എഫക്ടുകൾക്ക് നേതൃത്വം നൽകുന്നു. ചിത്രത്തിന്റെ താരനിരയുടെ പ്രതിഫലവും വാർത്തകളിൽ ഇടംനേടിയിട്ടുണ്ട്. രൺബീർ കപൂർ ഒരു ഭാഗത്തിന് 75 കോടി രൂപ വാങ്ങുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് രണ്ട് ഭാഗങ്ങൾക്കായി 150 കോടി രൂപയാണ്. യാഷ് രാവണന്റെ വേഷത്തിന് ഓരോ ഭാഗത്തിനും 50 കോടി രൂപ വാങ്ങുന്നു, അതായത് മൊത്തം 100 കോടി.
സായ് പല്ലവി, സീതയുടെ വേഷത്തിന് ഓരോ ഭാഗത്തിനും 6 കോടി രൂപ അതായത് മൊത്തം 12 കോടി രൂപ. എന്നാൽ ഈ പ്രതിഫല വ്യത്യാസം സോഷ്യൽ മീഡിയയിൽ ലിംഗവിവേചന ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.ആഗോള പ്രേക്ഷകർക്കായി20-ലധികം ഭാഷകളിൽ റിലീസ് ചെയ്യാൻ പദ്ധതിയിടുന്നു എന്നാണ് വിവരം.
ജൂലൈ 3-ന് പുറത്തിറങ്ങിയ ‘രാമായണ: ദി ഇന്റ്രൊഡക്ഷൻ’ എന്ന ടീസർ, സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയിരുന്നു. ടീസർ റിലീസിന് ശേഷം, പ്രൈം ഫോക്കസിന്റെ മാർക്കറ്റ് മൂല്യം 1000 കോടി രൂപ ഉയർന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.