"മോശം ഇന്റർനെറ്റ് കണക്ഷനിൽ, ഫോൺ സ്ക്രീനിൽ കണ്ടിട്ടാണ് വിഎഫ്എക്സ് പോരെന്ന വിമർശനം"; 'രാമായണ' നിർമാതാവ്

ഐമാക്സ് 3ഡിയിൽ 'രാമായണ' ട്രെയ്‌ലർ കണ്ടാൽ പ്രതികരണം മറ്റൊന്നാകുമെന്ന് നമിത് മൽഹോത്ര
'രാമായണ' നിർമാതാവ് നമിത് മൽഹോത്ര
'രാമായണ' നിർമാതാവ് നമിത് മൽഹോത്ര
Published on
Updated on

'രാമായണ' ട്രെയ്‌ലർ റിലീസിന് പിന്നാലെ സിനിമയുടെ വിഎഫ്‌എക്സ് നിലവാരത്തെപ്പറ്റി പ്രേക്ഷകരിൽ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി അണിയറപ്രവർത്തകർ. സിനിമയുടെ വിഎഫ്എക്സ് ജോലികൾ പൂർത്തിയായിട്ടില്ലെന്നും മതിയായ ഇന്റർനെറ്റ് കണക്ഷനില്ലാത്ത ഫോണിൽ കണ്ടിട്ടാണ് പലരും അഭിപ്രായം പറയുന്നതെന്നുമാണ് നിർമാതാവ് നമിത് മൽഹോത്രയുടേയും സംവിധായകൻ നിതേഷ് തിവാരിയുടേയും പ്രതികരണം . ഐമാക്സ് 3ഡിയിൽ കണ്ടാൽ ഇവരുടെ പ്രതികരണം മറ്റൊന്നാകുമെന്നും ഇവർ ചൂണ്ടിക്കാട്ടി.

"അത്ര നല്ല സാഹചര്യങ്ങളിലല്ല ആളുകൾ ഈ സിനിമയെ വിലയിരുത്തുന്നത്. പ്രേക്ഷകർക്ക് ബിഗ് സ്ക്രീൻ അനുഭവം നൽകാനായി ക്ഷമയോടെ കാത്തിരുന്ന്, കോടിക്കണക്കിന് ഡോളർ ചെലവാക്കി ഒരുക്കുന്ന ഒന്നാണ് ഈ ചിത്രം. എന്നിട്ട് നിങ്ങളിത് ക്വാളിറ്റിയില്ലാത്ത ഇന്റർനെറ്റ് കണക്ഷനിൽ, ഒരു ചെറിയ ഫോൺ സ്ക്രീനിൽ കണ്ടിട്ട് 'ഇത് പോരാ' എന്ന് പറയുകയാണ്," നമിത് പറഞ്ഞു.

'രാമായണ' നിർമാതാവ് നമിത് മൽഹോത്ര
"സിജി ക്രിട്ടിക്സ്, വിഎഫ്‌എക്സിനെപ്പറ്റി അറിയാത്തവർ"; 'രാമായണ' ട്രെയ്‌ലർ വിമർശനങ്ങൾക്ക് മറുപടിയുമായി രൺബീർ കപൂർ

വിഎഫ്എക്സിനെക്കുറിച്ച് നടക്കുന്ന ചർച്ചകളെ 'ശബ്ദകോലാഹലങ്ങൾ' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. "ഒരു സിനിമ അത് ഏത് രീതിയിലാണോ കാണേണ്ടത്, അങ്ങനെ കണ്ടുവേണം വിലയിരുത്താൻ" ക്രിയേറ്റർമാരെയും ഇൻഫ്ലുവൻസർമാരെയും ബോധവൽക്കരിക്കാൻ ടീം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിസ്റ്റഫർ നോളന്റെ 'ദ ഒഡീസി' 70എംഎം ഐമാക്സ് സ്ക്രീനിൽ കാണാൻ ഉദ്ദേശിച്ച് നിർമിച്ചതാണെന്ന ഉദാഹരണ സഹിതമായിരുന്നു നമിത്തിന്റെ വിശദീകരണം.

സിനിമയുടെ വിഎഫ്എക്സ് ജോലികൾ അവസാനഘട്ടത്തിലാണെന്ന് സംവിധായകൻ നിതേഷ് തിവാരി വ്യക്തമാക്കി. മൂന്ന് വർഷത്തോളമെടുത്താണ് ചില വിഎഫ്എക്സ് സീക്വൻസുകൾ ചെയ്തിരിക്കുന്നതെന്നും ചെറിയ തെറ്റുകൾ വലുതാക്കി കാട്ടുന്നതിൽ സങ്കടമുണ്ടെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

'രാമായണ' നിർമാതാവ് നമിത് മൽഹോത്ര
"ഇന്ന് 'റെമോ' ആണെങ്കിൽ, നാളെ അയാൾ 'അന്യൻ' ആയിരിക്കും"; നാർസിസിസ്റ്റിക് അബ്യൂസ് നേരിട്ടതിനെപ്പറ്റി അനുപമ പരമേശ്വരൻ

ഓസ്കാർ ജേതാക്കളായ ഡിനെഗറ്റീവ് (DNEG) ആണ് രാമായണ വിഎഫ്‌‌എക്സിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ഡിഎൻഇജി ഇതുവരെ ഏറ്റെടുത്തിട്ടുള്ളതിൽ വച്ച് ഏറ്റവും കഠിനമായ പ്രോജക്ടുകളിൽ ഒന്നാണ് 'രാമായണ' എന്ന് നമിത് മൽഹോത്ര പറഞ്ഞു. നമിത്തിന്റെ പ്രൈം ഫോക്കസിന് കീഴിലുള്ള ബ്രിട്ടീഷ് വിഷ്വൽ ഇഫക്ട്സ് കമ്പനിയായ ഡിഎൻഇജി, മികച്ച വിഷ്വൽ ഇഫക്ട്സിനുള്ള എട്ട് അക്കാദമി അവാർഡുകൾ (ഓസ്കാർ) നേടിയിട്ടുണ്ട്. 'ഇൻസെപ്ഷൻ', 'ഇന്റർസ്റ്റെല്ലാർ', 'ടെനറ്റ്', 'എക്സ് മാഷീന', 'ബ്ലേഡ് റണ്ണർ 2049', 'ഫസ്റ്റ് മാൻ', 'ഡ്യൂൺ' സിനിമയുടെ ആദ്യ രണ്ട് ഭാഗങ്ങൾ എന്നിവയാണ് പുരസ്കാരങ്ങൾ നേടിയ ചിത്രങ്ങൾ.

ഏകദേശം 4,000 കോടി രൂപയുടെ ബ്രഹ്മാണ്ഡ ബജറ്റിലാണ് 'രാമായണ' ഒരുങ്ങുന്നത്. പ്രൈം ഫോക്കസ് സ്റ്റുഡിയോസും യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായാണ് 'രാമായണ' നിർമിക്കുന്നത്. സോണി പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണം ഏറ്റെടുത്തിരിക്കുന്നത്. വടക്കേ ഇന്ത്യയിൽ ധർമ പ്രൊഡക്ഷൻസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ താരനിരയാണ് ഈ ഇതിഹാസ സിനിമയ്ക്കായി അണിനിരക്കുന്നത്. രൺബീർ കപൂർ (രാമൻ), സായ് പല്ലവി (സീത), യഷ് (രാവണൻ), ശോഭന (കൈകസി), അരുൺ ഗോവിൽ (ദശരഥൻ), രവി ദുബെ (ലക്ഷ്മണൻ), അജിങ്ക്യ ദേവ് (വിശ്വാമിത്ര മഹർഷി), കുനാൽ കപൂർ (ഇന്ദ്രദേവൻ), രാകുൽ പ്രീത് സിംഗ് (ശൂർപ്പണഖ) എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

News Malayalam 24x7
newsmalayalam.com