

പനാജി: ഗോവയിൽ നടന്ന 56ാമത് അന്താരാഷ്ട്ര ചലചിത്രമേളയിലെ ബോളിവുഡ് താരം റൺവീർ സിംഗിന്റെ പെരുമാറ്റത്തിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം. 'കാന്താര' സിനിമ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടിയുമായുള്ള രൺവീർ സിംഗിന്റെ സംസാരമാണ് പ്രതിഷേധത്തിന് കാരണമായത്. സിനിമയിൽ ഋക്ഷഭ് അവതരിപ്പിച്ച 'ദൈവ ചാമുണ്ഡിയെ ' ഫീമെയിൽ ഗോസ്റ്റ്' എന്ന് വിശേഷിപ്പിക്കുകയും വേദിയിൽ കഥാപാത്രത്തെ അനുകരിക്കുകയുമായിരുന്നു. ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ ആയിരുന്നു സംഭവം.
തീരദേശ കർണാടകയിലെ ദൈവസങ്കൽപ്പമാണ് 'ദൈവ ചാമുണ്ഡി'. ബോളിവുഡ് നടൻ ഈ മതവികാരത്തെയാണ് വ്രണപ്പെടുത്തിയത് എന്നാണ് ആരോപണം. ഇന്ത്യൻ സിനിമയെ 'കാന്താര' ഫ്രാഞ്ചൈസി സ്വാധീനിച്ചത് എങ്ങനെയെന്ന് വിശദീകരിക്കുകയാണ് ബോളിവുഡ് താരം. ചാമുണ്ടിയെ 'പെൺ പ്രേതം' എന്ന് വിശേഷിപ്പിച്ച രൺവീർ കഥാപാത്രത്തെ അവതരിപ്പിച്ചതാണ് വിഷയം കൂടുതൽ വഷളാകാൻ ഇടയാക്കിയത്. കണ്ണുകൾ വക്രീകരിച്ച്, നാവ് പുറത്തിട്ട് വിചിത്രമായ ശബ്ദം പുറപ്പെടുവിച്ചുകൊണ്ടായിരുന്നു രൺവീറിന്റെ പ്രകടനം. ഇത് കണ്ട് സദസിൽ ഇരിക്കുന്ന ഋഷഭ് ഷെട്ടി ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
സമൂഹ മാധ്യമങ്ങളിൽ വലിയ തോതിലുള്ള വിമർശനങ്ങളാണ് രൺവീർ സിംഗ് നേരിടുന്നത്. സാംസ്കാരികമായ വിശ്വാസങ്ങളെ അപമാനിക്കരുത് എന്നാണ് ഭൂരിപക്ഷവും ചൂണ്ടിക്കാട്ടുന്നത്. ഋഷഭ് എന്തിനാണ് ഈ കോമാളിത്തരം കണ്ട് ആസ്വദിക്കുന്നത് എന്നും ചിലർ ചോദിക്കുന്നു. എന്നാൽ, സ്റ്റേജിൽ നിന്നിറങ്ങി ഋഷഭിന് കൈകൊടുക്കുന്നതിന് ഇടയിൽ ചാമുണ്ഡിയെ അനുകരിച്ച രൺവീറിനെ ഋഷഭ് വിലക്കിയിരുന്നെന്നും അത് വകവയ്ക്കാതെയായിരുന്നു നടന്റെ വേദിയിലെ പ്രകടനം എന്നും റിപ്പോർട്ടുകളുണ്ട്. രൺവീറോ ഋഷഭോ വിമർശനങ്ങളിൽ പ്രതികരിച്ചിട്ടില്ല.
'കാന്താര ചാപ്റ്റർ 1' വലിയ തോതിൽ പ്രേക്ഷക-നിരൂപക പ്രശംസ നേടിയാണ് തിയേറ്റർ റൺ അവസാനിപ്പിച്ചത്. ഒക്ടോബർ രണ്ടിനാണ് 'കാന്താര ചാപ്റ്റർ 1' വേൾഡ് വൈഡ് റിലീസ് ആയത്. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഋഷഭ് ഷെട്ടിയാണ് സിനിമയുടെ രചനയും സംവിധാനവും. 2022ൽ ഇറങ്ങിയ 'കാന്താര'യുടെ രണ്ടാം ഭാഗമായാണ് സിനിമ ഇറങ്ങിയത്. 'കാന്താര'യിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ഈ ചിത്രം നേടി.