"ഇനി ഞങ്ങൾ മൂന്ന് പേർ"; പുതിയ അതിഥിയെ പരിചയപ്പെടുത്തി രശ്മിക മന്ദാന, വീഡിയോ വൈറൽ

ഒരു ആനിമേഷൻ വീഡിയോയിലൂടെയാണ് തങ്ങളുടെ ലോകത്തേക്ക് പുതിയ അതിഥിയെ രശ്മിക സ്വാഗതം ചെയ്തത്
രശ്‌മിക മന്ദാന -വിജയ് ദേവരകൊണ്ട്
രശ്‌മിക മന്ദാന -വിജയ് ദേവരകൊണ്ട്
Published on
Updated on

നടി രശ്മിക മന്ദാന സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുതിയ വീഡിയോ ആരാധകർക്കിടയിൽ വലിയ ചർച്ചയാകുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് രശ്മികയും നടൻ വിജയ് ദേവരകൊണ്ടയും വിവാഹിതരായത്. ഇതിന് പിന്നാലെ ഇരുവരും പങ്കുവച്ച ചിത്രങ്ങൾ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, നടിയുടെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ സംസാരവിഷയം.

വിജയ്‌ക്കൊപ്പമുള്ള ഒരു ആനിമേഷൻ വീഡിയോ ആണ് നടി പങ്കുവച്ചത്. ഇതിൽ അവർക്കൊപ്പം ഒരു സൂര്യകാന്തിപ്പൂവ് കൂടി കാണാം. ഈ വീഡിയോയ്‌ക്ക് നടി നൽകിയ ക്യാപ്‌ഷനാണ് ആരാധകരെ ചിന്താക്കുഴപ്പത്തിലാക്കിയത്. "ഇപ്പോൾ ഞങ്ങൾ മൂന്നുപേരായി," എന്നാണ് വീഡിയോയ്‌ക്ക് നടി നൽകിയ ക്യാപ്ഷൻ.

ഇതോടെ നടി ഗർഭിണിയാണെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചകളുണ്ടായി. താരം ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണോ എന്ന് ആരാധകർ ചോദിച്ചും തുടങ്ങി. ആശംസകൾ കൊണ്ട് കമന്റ് സെക്ഷൻ നിറഞ്ഞു. എന്നാൽ, ഈ പോസ്റ്റിന് മേൽപ്പറഞ്ഞ ഒരു അർഥവുമില്ല എന്നതാണ് വാസ്തവം.

വീഡിയോയിൽ കാണുന്ന സൂര്യകാന്തി 'റൂ' (RU) എന്ന ആനിമേറ്റഡ് കഥാപാത്രമാണ്. നടിയുടെ ആനിമേറ്റഡ് ബെസ്റ്റി! 'റൂ' വരുന്ന നിരവധി പോസ്റ്റുകൾ, 'രശ്മിക & റൂ' എന്ന ഇൻസ്റ്റഗ്രാം പേജിൽ നടി ഇതിന് മുൻപും ഷെയർ ചെയ്തിട്ടുണ്ട്. 'ടെറിബിളി ടൈനി ടെയിസ്' എന്ന സ്റ്റോറിടെല്ലിങ് പ്ലാറ്റ്‌ഫോമുമായി ചേർന്നാണ് 'റൂ ആനിമേറ്റഡ് സീരീസി'ന് നടി തുടക്കം കുറിച്ചത്. കോമിക് സ്ട്രിപ്പുകളിലൂടെയും ചെറിയ വീഡിയോകളിലൂടെയും പോസിറ്റിവിറ്റി നിറഞ്ഞ കഥകൾ അവതരിപ്പിക്കുകയാണ് ഇതുവഴി ഇവർ ലക്ഷ്യമിടുന്നത്.

ഇപ്പോൾ വൈറൽ ആയിരിക്കുന്ന വീഡിയോയും നടി ഈ പേജുകളുമായി ടാഗ് ചെയ്തിട്ടുണ്ട്. അപ്പോൾ വീഡിയോയുടെ ക്യാപ്ഷനിൽ പറയുന്ന മൂന്നാമത്തെ ആളോ? അത് മറ്റാരുമല്ല, വിജയ് ആണ്. പങ്കാളിയെ കൂടി റൂവിന്റെയും തന്റെയും ലോകത്തിലേക്ക് സ്വാഗതം ചെയ്യുകയാണ് വീഡിയോയിൽ രശ്മിക.

ഫെബ്രുവരി 26ന് രാജസ്ഥാനിലെ ഉദയ്പൂരിലുള്ള 'ഐടിസി മെമെന്റോസ്' റിസോർട്ടിൽ വച്ചായിരുന്നു വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങുകളിൽ പങ്കെടുത്തത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com