

കൊച്ചി: ലോകം മിനിമൽ രീതിയിലുള്ള വിവാഹങ്ങളിലേക്ക് വഴിമാറുമ്പോൾ രശ്മിക മന്ദാനയുടേയും വിജയ് ദേവരകൊണ്ടയുടേയും കല്യാണത്തിന്റെ മുഖ്യ ആകർഷണം വരനും വധുവും ധരിച്ച കിലോ കണക്കിന് വരുന്ന സ്വർണാഭരണങ്ങളായിരുന്നു. രാജകീയ പ്രഭയിലാണ് താരങ്ങൾ വിവാഹ വേദിയിലേക്ക് എത്തിയത്.
രണ്ട് വ്യത്യസ്ത സംസ്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും സംഗമമായിരുന്നു ഈ താര വിവാഹം. അത് അവർ ധരിച്ചിരുന്ന ആഭരണങ്ങളിലും പ്രകടമായിരുന്നു. സാധാരണയിൽ നിന്ന് വ്യത്യസ്തമായി വരനും ആകർഷകവും സവിശേഷവുമായ ആഭരണങ്ങൾ ധരിച്ചിരുന്നു. അതും പ്രത്യേകം രൂപകൽപ്പന ചെയ്തവ. തെലങ്കാനയിലെ കോകാപേട്ടിലെ ശ്രീ ജ്വല്ലേഴ്സാണ് ഇവ നിർമിച്ചത്. ഏകദേശം 10 മാസമെടുത്ത് കിലോ കണക്കിന് സ്വർണം ഉപയോഗിച്ചാണ് ഇവർ ഈ ആഭരണങ്ങൾ നിർമിച്ചെടുത്തതെന്ന് എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു.
ദക്ഷിണേന്ത്യൻ ടെംപിൾ ജ്വല്ലറികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ആഭരണങ്ങൾ നിർമിച്ചിരിക്കുന്നത്. പുരാതനമായ 'നക്ഷി' (Nakshi) കൊത്തുപണികളും 'രവ' (Rava) ഗ്രാനുലേഷൻ വിദ്യകളും ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. തിളക്കം കുറഞ്ഞ, പഴമ തോന്നിക്കുന്ന 'ആന്റിക് മാറ്റ്' ഫിനിഷിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്.
സാധാരണ ഇന്ത്യൻ വിവാഹങ്ങളിൽ കണ്ടുവരുന്നതിൽ നിന്ന് വിപരീതമായി ആഭരണങ്ങൾക്ക് പ്രാധാന്യം നൽകുന്ന 'രാജകീയ' ലുക്കാണ് വിജയ് തെരഞ്ഞെടുത്തത്. വിജയ്‌യുടെ കൈയിലും കഴുത്തിലും ചെവിയിലുമെല്ലാം ആഭരണങ്ങളുണ്ടായിരുന്നു. ജ്ഞാനത്തിന്റെ പ്രതീകമായ ആനയുടെയും കരുത്തിന്റെ പ്രതീകമായ കടുവയുടെയും രൂപങ്ങൾ ഈ ആഭരണങ്ങളിൽ കൊത്തിവെച്ചിട്ടുണ്ട്. ഒരു സ്നേക്ക് ചെയിൻ നെക്ലേസും ഒപ്പം നീളമുള്ള ടെംപിൾ ജ്വല്ലറികൾക്ക് സമാനമായ ഹാരവും വിജയ് ധരിച്ചിരുന്നു. സ്വർണത്തിന്റെ വലിയ കടുക്കൻ, കൈത്തണ്ടയിൽ ധരിക്കുന്ന പ്രത്യേക തരം കഫ്, സ്വർണ ഒഡ്യാണം (അരപ്പട്ട), കാലിൽ ധരിക്കുന്ന കഡ എന്നിവയായിരുന്നു വിജയ്‌യുടെ ആഭരണങ്ങളിലെ പ്രധാന ആകർഷണങ്ങൾ.
11 തരം ആഭരണങ്ങൾ ധരിച്ചാണ് രശ്മിക വിവാഹ മണ്ഡപത്തിലേക്ക് എത്തിയത്. കഴുത്തിനോട് ചേർന്നുനിൽക്കുന്ന വലിയ ചോക്കറും അതിന് താഴെയായി നീളമുള്ള കാശുമാലകളും മാങ്ങാ മാലകളും അടുക്കുകളായി നടി ധരിച്ചിരുന്നു. കൂടാതെ, വലിയ ജിമുക്കകൾ, നെറ്റിച്ചുട്ടി, മൂക്കുത്തി, അരപ്പട്ട , ബാജുബന്ധ് (തോളിൽ ധരിക്കുന്നത്), കൈവളകൾ, ഹാത്ഫൂൽ, പാദസരം, തലമുടിയിൽ പാരമ്പര്യ രീതിയിൽ വയ്ക്കുന്ന സ്വർണാഭരണങ്ങൾ എന്നിവയും നടി അണിഞ്ഞിരുന്നു.
ഫെബ്രുവരി 26 വ്യാഴാഴ്ച രാജസ്ഥാനിലെ ഉദയ്പൂരിലുള്ള 'ഐടിസി മെമെന്റോസ്' റിസോർട്ടിൽ വച്ചായിരുന്നു സ്വപ്നതുല്യമായ ഈ വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങുകളിൽ പങ്കെടുത്തത്. വ്യാഴാഴ്ച രാവിലെ 10:10ന് വിജയ്‌യുടെ കുടുംബ പാരമ്പര്യമനുസരിച്ച് തെലുങ്ക് ആചാരപ്രകാരമുള്ള വിവാഹം നടന്നു. വൈകുന്നേരം രശ്മികയുടെ ജന്മനാടായ കൂർഗിലെ (കൊടഗു) കൊടവ ആചാരപ്രകാരം രണ്ടാമത്തെ ചടങ്ങും.