ഹൈദരാബാദ്: ടോളിവുഡ് മാസ് മഹാരാജ രവി തേജയുടെ കരിയറിലെ എഴുപത്തിയെട്ടാമത്തെ ചിത്രത്തിന്റെ ഔദ്യോഗിക ടൈറ്റിൽ പ്രഖ്യാപിച്ചു. 'തുലാഭാരം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മലയാളി താരം അനശ്വര രാജനും തെന്നിന്ത്യൻ നായിക പ്രിയങ്ക മോഹനും പ്രധാന വേഷങ്ങളിൽ എത്തുന്നു. വിവേക് ആത്രേയ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒരു മുഴുനീള ഹൊറർ കോമഡി എന്റർടെയ്‌നറായാണ് ഒരുങ്ങുന്നത് എന്നാണ് വിവരം. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനത്തോടൊപ്പം നടന്ന ഔദ്യോഗിക പൂജാ ചടങ്ങിൽ രവി തേജ, അനശ്വര രാജൻ ഉൾപ്പെടെയുള്ള അഭിനേതാക്കളും അണിയറപ്രവർത്തകരും പങ്കെടുത്തു. പ്രശസ്ത സംവിധായകനും നടനുമായ തരുൺ ഭാസ്‌കർ, മുതിർന്ന താരം ജെഡി ചക്രവർത്തി എന്നിവരും ചിത്രത്തിൽ സുപ്രധാന കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ബ്രിഡ്ജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ലക്ഷ്മണും ശ്രീനി രാവും ചേർന്നാണ് 'തുലാഭാരം' നിർമിക്കുന്നത്. വിവേക് സാഗറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. 2027-ലെ വേനലവധിക്ക് ചിത്രം തിയറ്ററുകളിൽ വമ്പൻ റിലീസായി എത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. ഹൊററും കോമഡിയും സമന്വയിക്കുന്ന ചിത്രത്തിലെ താരങ്ങളുടെ കഥാപാത്രങ്ങളെക്കുറിച്ചും മറ്റ് അണിയറപ്രവർത്തകരെക്കുറിച്ചുമുള്ള കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി.
അതേസമയം, തിയറ്ററുകളിൽ വലിയ പ്രേക്ഷക നിരൂപക പ്രശംസ സ്വന്തമാക്കിയ 'ഇരുമുടി'യാണ് രവി തേജയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഒരച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെയും വൈകാരികതയുടെയും കഥ ഒരു ത്രില്ലറായാണ് ഈ പടത്തില്‍ ചിത്രീകരിച്ചത്.തീയറ്റര്‍ വിജയത്തിന് ശേഷം നെറ്റ്ഫ്ലിക്സിൽ വിജയകരമായി സ്ട്രീമിംഗ് തുടരുകയാണ്. ശിവ നിർവാണ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് സംവിധാനം ചെയ്ത 'ഇരുമുടി' നിർമ്മിച്ചത് മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ്.
അനശ്വര രാജന്റേതായി ഏറ്റവും ഒടുവിൽ തിയറ്ററുകളിലെത്തിയ മലയാള ചിത്രം വ്യസനസമേതം ബന്ധുമിത്രാദികളാണ്.2025-ൽ അനശ്വരയുടേതായി മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ, പൈങ്കിളി, എന്ന് സ്വന്തം പുണ്യാളൻ, രേഖാചിത്രം എന്നീ മലയാള ചിത്രങ്ങളും പുറത്തിറങ്ങിയിരുന്നു. ജയരാജ് സംവിധാനം ചെയ്യുന്ന 'ഒരു പെരുങ്കളിയാട്ടം' ആണ് റിലീസിനായി തയ്യാറെടുക്കുന്ന അനശ്വരയുടെ പുതിയ മലയാള ചിത്രം.അബിഷൻ ജീവിന്ത് നായകനായ തമിഴ് റൊമാന്റിക് കോമഡി ചിത്രം വിത്ത് ലൗ എന്ന ചിത്രമാണ് അവസാനമായി അനശ്വരയുടെ റിലീസായ ചിത്രം. മോനിഷ എന്ന നായിക കഥാപാത്രത്തെയാണ് അനശ്വര ഇതിൽ അവതരിപ്പിച്ചത്.