ഒരേയൊരു കലാഭവൻ മണി; വേർപാടിന്റെ 10 വർഷം

നടനായും പാട്ടുകാരനായുമെല്ലാം നമ്മളെ ഇത്ര സന്തോഷിപ്പിച്ച, നമ്മൾ ഇത്രയും സ്നേഹിച്ചൊരാൾ വേറെയുണ്ടാകുമോ?
കലാഭവൻ മണി
കലാഭവൻ മണി
Published on
Updated on

മലയാളികളുടെ പ്രിയ കലാകാരൻ കലാഭവൻ മണി ഓർമയായിട്ട് ഇന്ന് 10 വർഷം പിന്നിടുകയാണ്. നടനായും പാട്ടുകാരനായുമെല്ലാം നമ്മളെ ഇത്ര സന്തോഷിപ്പിച്ച, നമ്മൾ ഇത്രയും സ്നേഹിച്ചൊരാൾ വേറെയുണ്ടാകുമോ? ഇല്ല, എന്ന് തന്നെയാണ് അതിന് ഉത്തരം.

മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമെന്ന പോലെ അടുത്ത് വന്ന് അധിക നേരമാകും മുൻപേ അകന്നു പോയൊരാൾ. ചിരിപ്പിച്ചും, കരയിപ്പിച്ചും, കൈയടിപ്പിച്ചും, ചടുലമായ താളത്തിനൊപ്പം ചുവടുവെപ്പിച്ചും ജനങ്ങളുടെ മനസിൽ ഇടം പിടിച്ച കലാകാരൻ. ഇന്നും ആ വേർപാട് മലയാളികളെ നൊമ്പരപ്പെടുത്തുന്നു.

ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ കുന്നശ്ശേരി രാമന്റെയും അമ്മിണിയുടെയും ഏഴാമത്തെ മകനായി 1971 ജനുവരി ഒന്നിനായിരുന്നു മണിയുടെ ജനനം. പഠിത്തത്തിൽ മിടുക്കനായിരുന്നില്ല മണി. എന്നാൽ, കലാ കായിക രംഗത്ത് ഒന്നാമൻ. 1987ൽ കൊല്ലത്ത് നടന്ന യുവജനോത്സവത്തിൽ മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയതായിരുന്നു മണിയുടെ ജീവിതത്തിലെ വഴിത്തിരിവ്. 10ാം ക്ലാസിൽ രണ്ടുവട്ടും തോറ്റപ്പോൾ പഠനം അവസാനിപ്പിച്ചു. മണൽ വാരിയും ഓട്ടോ ഓടിച്ചും തെങ്ങു കയറിയും അയാൾ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെട്ടു.

വിശപ്പ് പ്രാണൻ പൊട്ടിച്ചപ്പോഴും അയാൾ കല കൈവിട്ടില്ല. അത് അയാൾക്ക് വരുമാനമാർഗം കൂടിയായിരുന്നു. പലവക ജോലികൾക്കിടയിൽ ചെറിയ ട്രൂപ്പുകൾക്ക് വേണ്ടി രാത്രികളിൽ മിമിക്രി അവതരിപ്പിച്ചു. മിമിക്രിക്കാരൻ മണിയുടെ ഈ 'രാത്രിയോട്ടം' അവസാനിച്ചത് കലാഭവനിൽ ആബേലച്ചന്റെ അടുത്താണ്. സ്റ്റേജിലെ മണിയുടെ നമ്പറുകൾ കാണികൾ ഏറ്റെടുത്തു.

കലാഭവൻ മണി
മലയാളികൾ ഇന്നും ആഘോഷിക്കുന്ന പേര്; കലാഭവൻ മണി

സിനിമാമോഹം വന്ന മണി പല സംവിധായകരോടും അവസരം ചോദിച്ചു. ഒടുവിൽ, 1995ൽ അമ്പിളി സംവിധാനം ചെയ്ത 'സമുദായം' എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ലഭിച്ചു. പിന്നാലെ, സിബി മലയിൽ സംവിധാനം ചെയ്ത സുരേഷ് ഗോപി ചിത്രം 'അക്ഷര'ത്തിൽ ഓട്ടോക്കാരന്റെ വേഷം. ബോണസായി ഒന്നു രണ്ട് ഡയലോഗുകളും. ലോഹിതദാസിന്റെ തിരക്കഥയിൽ സുന്ദർദാസ് സംവിധാനം ചെയ്ത 'സല്ലാപം' ആയിരുന്നു മണിയുടെ ആദ്യ ബ്രേക്ക്. 'തങ്കഭസ്മ കുറിയിട്ട തമ്പുരാട്ടി' എന്ന് നീട്ടിപ്പാടുന്ന ചെത്തുകാരന്റെ വേഷം മണിയെ സിനിമാ പ്രേമികൾ ശ്രദ്ധിച്ചു. പതിയെ അയാൾ മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി. കോമഡി റോളുകളിലും സൂപ്പർ താരങ്ങളുടെ വില്ലനായും തിളങ്ങി.

വിനയന്റെ 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന ചിത്രത്തിലൂടെയാണ് കലാഭവൻ മണി നായകനായി അരങ്ങേറുന്നത്. സിനിമയിലെ അന്ധനായ രാമു കാണിയെ കരയിപ്പിച്ചു. ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ പ്രത്യേക ജൂറി പരാമർശം സ്വന്തമാക്കി. തുടർന്ന്, 'കരുമാടിക്കുട്ടൻ', 'ദി ഗ്യാങ്', 'ഗാർഡ്', 'ആകാശത്തിലെ പറവകൾ', 'വാൽക്കണ്ണാടി', 'ബെൻ ജോൺസൺ', 'ലോകനാഥൻ ഐഎഎസ്' എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ മണി നായകനായി.

ഹാസ്യ വേഷങ്ങളാണ് മണിക്ക് കാണികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിക്കൊടുത്തത്. പക്ഷേ, അയാൾ വില്ലന്റെ കുപ്പായം അണിഞ്ഞപ്പോഴൊക്കെ നമ്മൾ ഞെട്ടിത്തരിച്ചിരുന്നു. ഏത് ഇരട്ടച്ചങ്കൻ നായകനേയും വിറപ്പിക്കുന്ന വില്ലൻ. 'ഛോട്ടാ മുംബൈ'യിലും 'വല്ല്യേട്ട'നിലും തമിഴ് ചിത്രം 'ജെമിനി'യിലും മണിയിലെ വില്ലൻ തകർത്താടി. മലയാളത്തിന് പുറമേ തമിഴിലും മണിക്ക് പ്രത്യേക ഫാൻ ബേസ് ഉണ്ടായിരുന്നു. രജനീകാന്ത്, കമൽ ഹാസൻ, ഐശ്വര്യാ റായ്, വിക്രം, വിജയ്, സൂര്യ എന്നിങ്ങനെയുള്ള താരങ്ങൾക്കൊപ്പവും അഭിനയിച്ച മണിക്ക് വേണ്ടി തമിഴകം കട്ടൗട്ടുകൾ വരെ ഉയർത്തി.

വെള്ളിത്തിരയിൽ നിന്ന് താഴെ ഇറങ്ങിവരാൻ ഈ താരത്തിന് ഒരു മടിയും ഉണ്ടായിരുന്നില്ല. എല്ലാ തിരക്കുകൾക്കിടയിലും സുഹൃത്തുകൾക്കും ആരാധകർക്കും ഇടയിലേക്ക് മണിയെന്ന സൂപ്പർ താരം ഇറങ്ങിവന്നു. നാടൻ പാട്ടുകളും ഭക്തിഗാനങ്ങളും മാപ്പിളപ്പാട്ടുകളും പാടി സ്റ്റേജിന് തീപിടിപ്പിച്ചു. ഒരു തലമുറയുടെ വേടനും ഡബ്‌സിയും ഹനുമാൻകൈൻഡും എല്ലാം മണിയായിരുന്നു, കലാഭവൻ മണി.

ആ അതുല്യ കലാകാരൻ വിടവാങ്ങിയിട്ട് 10 വർഷമാകുന്നു. കാലം വേഗം ഒഴുകുന്നു. ആളുകൾ പാച്ചിലിലാണ്. പക്ഷേ, 'ഞാനും എന്റെ അളിയനും കൂടി...'എന്ന പാട്ട് മണിയുടെ ശബ്ദത്തിൽ എവിടെ നിന്നെങ്കിലും കേട്ടാൽ നമ്മൾ സഡൻ ബ്രേക്ക് ഇട്ടുപോകും. അതാണ് ഈ ചാലക്കുടിക്കാരന്റെ പവറ്!

Related Stories

No stories found.
News Malayalam 24x7
newsmalayalam.com