മലയാളത്തിന്റെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാടിന് ഇന്ന് 71ാം ജന്മദിനം. മലയാളിയുടെ പൾസ് അറിഞ്ഞ ചലച്ചിത്രകാരനാണ് സത്യൻ അന്തിക്കാട്. മലയാളിയെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും സത്യന്റെ സിനിമകൾക്ക് സാധിച്ചു. മലയാളിയുടെ കുശുമ്പും കുറുമ്പും കുന്നായ്മയും സഹജമായ 'ഉരുളയ്ക്ക് ഉപ്പേരി' മറുപടിയും തനിമ ചോരാതെ സംവിധായകൻ വെള്ളിത്തിരയിലേക്ക് എത്തിച്ചപ്പോൾ സിനിമകൾ തിയേറ്ററുകളിൽ വമ്പൻ ഹിറ്റുകളായി.
ഗ്രാമീണ ജീവിതങ്ങളാണ് സത്യൻ അന്തിക്കാട് എന്ന 'രസ'തന്ത്രജ്ഞന്റെ പ്രധാന മൂലിക. കാരിക്കേച്ചർ സ്വഭാവമുള്ള എന്നാൽ ആഴമേറിയ രാഷ്ട്രീയ, സാമൂഹിക മാനങ്ങൾ ഉൾക്കൊള്ളുന്നവരാണ് സത്യൻ കഥാപാത്രങ്ങൾ. 1974ല്‍ 'കോളജ്‌ഗേള്‍' എന്ന സിനിമയില്‍ സഹസംവിധായകനായിട്ടാണ് തൃശൂർ ജില്ലയിലെ അന്തിക്കാട് ഗ്രാമത്തിൽ ജനിച്ച സത്യന്റെ സിനിമാ പ്രവേശം.
1981ൽ ജോണ്‍ പോളിന്റെ തിരക്കഥയില്‍ 'ചമയം' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. എന്നാൽ, ഒരാഴ്ച പിന്നിട്ടപ്പോൾ നിർമാതാവ് അതിദാരുണമായി കൊല്ലപ്പെട്ടു. അതോടെ സിനിമ മുടങ്ങി. പലരും രാശിയില്ലാത്തവനായി അദ്ദേഹത്തെ മുദ്രകുത്തി. വമ്പന്‍ ബാനറുകളില്‍ പലതും ഉപേക്ഷിച്ചുപോയി. സത്യൻ ആത്മവിശ്വാസം നഷ്ടപ്പെട്ട് തളർന്നിരുന്നില്ല. ഒരു വര്‍ഷത്തിനു ശേഷം തിരിച്ചെത്തി. 'കുറുക്കന്റെ കല്യാണം' എന്ന ചിത്രത്തിലൂടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച സത്യൻ എന്ന സംവിധായകൻ അന്തിക്കാടൻ വൈബുമായി മലയാളിയുടെ സിനിമാജീവിതം സമ്പന്നമാക്കി.
ശ്രീനിവാസൻ, രഘുനാഥ് പലേരി, സി.വി. ബാലകൃഷ്ണൻ, ഇഖ്ബാൽ കുറ്റിപ്പുറം, രഞ്ജൻ പ്രമോദ് എന്നിങ്ങനെയുള്ള കഥയുടെ മർമം അറിഞ്ഞ പലരും സത്യന് വേണ്ടി തിരക്കഥ എഴുതി. എന്തിനേറെ പറയുന്നു സാക്ഷാൽ ശ്രീമാൻ വികെഎന്നിനെ കൊണ്ട് 'അപ്പുണ്ണി'യുടെ സ്‌ക്രിപ്റ്റ് എഴുതിക്കാൻ കൂടി അദ്ദേഹത്തിന് സാധിച്ചു. ഇത്തിരി പഞ്ചസാരയിട്ട് കാച്ചിക്കുറിക്കിയ പാലുപോലെ ആ സിനിമകൾ അനുവാചകർക്ക് മധുരമായി.
സത്യൻ സംവിധാനം ചെയ്ത 58 ചിത്രങ്ങളിൽ 16 എണ്ണത്തിന് ശ്രീനിവാസൻ ആണ് തിരക്കഥ രചിച്ചത്. പ്രിയപ്പെട്ട ആ സുഹൃത്ത് വിടവാങ്ങിയപ്പോൾ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ചിതയിലേക്ക് വച്ച പേപ്പറിൽ സത്യൻ എഴുതിയത് ഇങ്ങനെയാണ്: ‘‘എന്നും എല്ലാവർക്കും നന്മകൾമാത്രം വരട്ടെ.’’ ഈ സ്നേഹത്തിന്റെ പേര് കൂടിയാണ് സത്യൻ അന്തിക്കാട്. ആ മനുഷ്യന്റെ കൈകൾ ചേർത്തുപിടിച്ച് മലയാളി തങ്ങളുടെ അന്തിക്കാടൻ കഥ തുടരുകയാണ്...