
ബിഗ് ബോസ് സീസൺ 7 ആരംഭിച്ച് മൂന്ന് ദിവസമേ ആയിട്ടുള്ളൂ. എന്നാൽ, പൊട്ടലും ചീറ്റലുമൊക്കെ ആദ്യ ദിവസം മുതൽക്കേ ഹൗസിനകത്ത് ആരംഭിച്ച് കഴിഞ്ഞു. ഇന്നത്തെ ബിഗ് ബോസിൻ്റെ ടാസ്ക്കിനിടയിൽ ഏറ്റവും വെറുക്കപ്പെട്ടവരുടേയും ഇഷ്ടപ്പെട്ടവരുടേയും പേരുകൾ പറഞ്ഞ് കാരണം വിശദീകരിക്കാനുള്ള ടാസ്ക്കാണ് മത്സരാർഥികൾക്ക് ലഭിച്ചത്.
ഇതിൽ ഏറ്റവും മാനഹാനി നേരിട്ടത് ആദ്യ വാരത്തിലെ ക്യാപ്റ്റനായ അനീഷ് തന്നെയായിരുന്നു. എട്ട് പേരാണ് അനീഷിൻ്റെ പെരുമാറ്റം ഇഷ്ടപ്പെട്ടില്ലെന്നും അനാവശ്യമായി വാക്കുകൾ വളച്ചൊടിച്ച് ബിഗ് ബോസ് ഹൗസിൽ പ്രശ്നക്കാരനാകുന്നതാണ് ക്യാപ്ടൻ്റെ ശീലമെന്നും പറഞ്ഞുവെച്ചു. മുള്ളൻ പന്നി എന്നൊരു പേരാണ് അപ്പാനി ശരത്ത് ക്യാപ്ടന് ചാർത്തിക്കൊടുത്തത്.
പിന്നീട് ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയായ റെനിയുമായുള്ള ശരത്തിൻ്റെ സംഭാഷണത്തിനിടയിൽ ക്യാപ്റ്റൻ വലിഞ്ഞുകേറി വന്ന് ഇടപെട്ടതും അപ്പാനിയെ ചൊടിപ്പിച്ചു. "നിനക്കെൻ്റെ തനിക്കൊണം അറിയത്തില്ലെടാ" എന്നും "നീയൊന്നും എന്നെ താങ്ങത്തില്ലെടാ" എന്നുമായിരുന്നു ശരത്തിൻ്റെ ശബ്ദമുയർത്തിയുള്ള മറുപടി. എന്നാൽ ഇതൊക്കെ ഒരുപാട് കണ്ടതാ എന്ന തരത്തിലായിരുന്നു ക്യാപ്റ്റൻ്റെ പ്രതികരണം. ഒച്ചയിട്ട് ക്ഷീണിച്ചതോടെ ഉച്ചയ്ക്ക് ശേഷം അപ്പാനി ശരത്ത് കുറേ നേരം വിശ്രമിക്കുന്നതും കാണാനായി.
അതേസമയം, നേരത്തെ പറഞ്ഞ ടാസ്കിനിടെ വീടിനകത്ത് രേണുവിനെ ലക്ഷ്യം വെച്ച് മൈൻഡ് ഗെയിം കളിക്കുകയായിരുന്നു ഗായകനായ അക്ബർ ഖാൻ. സഹ മത്സരാർഥികൾക്ക് ഓമനപ്പേരുകൾ നിർദേശിക്കാൻ ബിഗ് ബോസ് അവസരം നൽകിയപ്പോൾ, രേണുവിനെ 'സെപ്റ്റിക് ടാങ്ക്' എന്നാണ് അക്ബർ വിളിച്ചത്. ഇതേച്ചൊല്ലി മാനസികമായി തളർന്ന രീതിയിലാണ് രേണുവിനെ പിന്നീട് ഹൗസിൽ കാണാനായത്.
അക്ബറിൻ്റെ ഈ നിലവാരം കുറഞ്ഞ പരാമർശം രേണുവിനെയും ഹൗസിലെ പല മത്സരാർത്ഥികളെയും ഞെട്ടിച്ചു. അക്ബർ ഖാൻ രേണുവിനോട് മാപ്പ് പറയണം എന്നാണ് സോഷ്യൽ മീഡിയയിലെ ബിഗ് ബോസ് ആരാധകർ ആവശ്യപ്പെടുന്നത്.
"സെപ്റ്റിക് ടാങ്ക് എന്ന ഇരട്ടപ്പേര് കേൾക്കുന്നത് എന്റെ ലൈഫിൽ ആദ്യമായിട്ടാണ്. അതെന്നെ വേദനിപ്പിച്ചു. ഞാൻ ഇല്ലാണ്ടായി പോയി. ഒരിക്കലും കരയുന്നതല്ല, കരഞ്ഞ് ഒരു അടവും കാണിക്കുന്നില്ല. ലോകം മുഴുവൻ കേട്ടുകൊണ്ടിരിക്കുകയല്ലേ" എന്നൊക്കെ അടുത്തു കിടക്കുന്ന സഹമത്സരാർഥിയോട് പരാതി പറയുകയും ചെയ്തു.