'ജുറാസിക് പാർക്ക്' താരം സാം നീൽ അന്തരിച്ചു

പ്രാദേശിക സമയം ഇന്നലെയാണ് ഓസ്ട്രേലിയയിലെ സിഡ്നിയിൽ വച്ച് സാം നീലിന്റെ മരണം സ്ഥിരീകരിച്ചതായി കുടുംബാംഗങ്ങൾ സമൂഹ മാധ്യമത്തിലൂടെ അറിയിക്കുന്നത്
sam neill
sam neill
Published on
Updated on

വിഖ്യാത ജുറാസിക് പാർക്ക് ചലച്ചിത്ര പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ സാം നീൽ അന്തരിച്ചു. അർബുദത്തിൽ നിന്ന് മുക്തനായതിന് ശേഷമായിരുന്നു അപ്രതീക്ഷിത വിയോഗം. 1993 ൽ പുറത്തിറങ്ങിയ ജുറാസിക് പാർക്കിലെ 'ഡോ. അലൻ ഗ്രാൻഡ്' എന്ന കഥാപാത്രത്തിന് ജീവൻ നൽകിയ ആ അതുല്യ പ്രതിഭ ആഗോള തലത്തിൽ വൻ ഹിറ്റായ പീക്കി ബ്ലൈൻഡേഴ്സിലും തിളങ്ങിയിരുന്നു.

പ്രാദേശിക സമയം ഇന്നലെയാണ് ഓസ്ട്രേലിയയിലെ സിഡ്നിയിൽ വച്ച് സാം നീലിന്റെ മരണം സ്ഥിരീകരിച്ചതായി കുടുംബാംഗങ്ങൾ സമൂഹ മാധ്യമത്തിലൂടെ അറിയിക്കുന്നത്. 2022 ലാണ് സ്റ്റേജ്- ത്രീ ലിംഫോമ രക്താർബുദം ബാധിച്ചെന്ന വിവരം സാം നീൽ ലോകത്തെ അറിയിക്കുന്നത്. എന്നാൽ 2026 ഏപ്രിലിൽ രോഗമുക്തനായെന്ന് സ്ഥിരീകരിച്ചിരുന്നു. ചലചിത്ര ലേകത്തേക്ക് തിരികെയെത്തുമെന്ന പ്രതീക്ഷകൾക്ക് ഒടുവിലാണ് താരത്തിന്റെ വിയോഗ വാർത്ത.

1977 ൽ റോജർ ഡോണൾഡ്സന്റെ 'സ്ലീപ്പിംഗ് ഡോഗ്സ്' എന്ന ന്യൂസീലൻഡ് ആക്ഷൻ ത്രില്ലറിലൂടെയാണ് സാം നീൽ എന്ന താരോദയം സാധ്യമാകുന്നത്. 1985 ൽ 'റെയ്‌ലി: എയ്സ് ഓഫ് സ്പൈസസ്' എന്ന ചിത്രത്തിലെ പ്രകടനം നിരൂപക പ്രശംസ നേടി. ഇതേ തുടർന്ന് മികച്ച നടൻ വിഭാഗത്തിൽ ആദ്യ ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശം ലഭിച്ചു. 1992 ലെ 'വൺ എഗെയ്ൻസ്റ്റ് ദ വിൻഡ്' 1999 ലെ 'മെർലിൻ' എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് രണ്ട് തവണ ഗോൾഡൻ ഗ്ലോബ് നാമനിർദേശവും സ്വന്തമാക്കി. രണ്ട് തവണ പ്രൈംടൈം എമ്മി അവാർഡിനു സാം നാമനിർദേശം ചെയ്യപ്പെട്ടു.

1993 ലെ സ്റ്റീവൻ സ്പിൽബർഗ്ഗിന്റെ ജുറാസിക് പാർക്ക് ഫ്രാഞ്ചൈസിയാണ് സാം നീലിനെ വീണ്ടും ഹോളിവുഡിൽ ഉറപ്പിക്കുന്നത്. ജുറാസിക് പാർക്ക് ഫ്രാഞ്ചൈസിയുടെ തുടർന്നുള്ള ചിത്രങ്ങളായ ജോ ജോൺസ്റ്റന്റെ 'ജുറാസിക് പാർക്ക് 3' , കോളിൻ ട്രെവറോയുടെ 'ജുറാസിക് വേൾഡ് ഡൊമിനിയൻ' എന്നിവയിലും ഡോ. അലൻ ഗ്രാൻറായി സാം നീൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. സ്റ്റീവൻ നൈറ്റിന്റെ പീരിയഡ് ക്രൈം ഡ്രാമയായ 'പീക്കി ബ്ലൈൻഡേഴ്സിലെ മേജർ ചെസ്റ്റർ കാംബെൽ എന്ന കഥാപാത്രം ആഗോള തലത്തിൽ വീണ്ടും സാം നീലിനെ ശ്രദ്ധേയനാക്കി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്സ് ക്രൈം ഷോ അൺറ്റെയിംഡിലെ പോൾ സൗട്ടർ എന്ന കഥാപാത്രവും ശ്രദ്ധയാകർഷിച്ചു.

അഞ്ച് പതിറ്റാണ്ട് പിന്നിട്ട കരിയറില്‍ സാം നീൽ 150 ല്‍ പരം സിനിമകളില്‍ അഭിനയിച്ചു. അഭിനയരംഗത്തെ സംഭാവനകൾ പരിഗണിച്ച് 1991-ൽ ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ പദവി നൽകപ്പെട്ടിരുന്നു. 2007-ൽ ഡിസ്റ്റിംഗ്വിഷ്ഡ് കമ്പാനിയൻ ഓഫ് ദ ന്യൂസീലൻഡ് ഓർഡർ ഓഫ് മെറിറ്റ്, 'സർ' പദവികളും ലഭിച്ചു. ഡോണൾഡ് പീറ്ററിയുടെ ദി ലാസ്റ്റ് റിസോർട്ടാണ് അവസാനമായി അഭിനയിച്ച ചിത്രം. ഡിഡ് ഐ എവർ ടെൽ യൂ ദിസ് എന്ന ഓർമ്മക്കുറിപ്പും രചിച്ചിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com