മലയാളികളുടെ ക്രിക്കറ്റ് കാർണിവലായ കേരള ക്രിക്കറ്റ് ലീഗിന് കൊടിയേറാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണുള്ളത്. കെസിഎൽ സീസൺ - 3യുടെ ഔദ്യോഗിക ടീം ലോഞ്ച് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്നിരുന്നു. ഇതിനു പിന്നാലെ കളിയാവേശത്തിന്റെ ഭാഗമാകാൻ ക്രിക്കറ്റ് പ്രേമികളെ ക്ഷണിച്ചുകൊണ്ട് വേറിട്ട ഒരു പരസ്യം പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ.
മലയാളികളുടെ അഭിമാനമായ സഞ്ജു സാംസണും മോഹൻലാലുമാണ് ക്രിക്കറ്റ് ലീഗിന്റെ പരസ്യചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. രസകരമായ സംഭാഷങ്ങളോടെയാണ് ഈ പരസ്യം ഒരുക്കിയിരിക്കുന്നത്. വെള്ളിത്തിരയിലെ നായകനൊപ്പം തകർത്തഭിനയിക്കുന്ന സഞ്ജുവിനെയാണ് പരസ്യത്തിൽ കാണാൻ സാധിക്കുന്നത്. പരസ്യം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
കഴിഞ്ഞ ദിവസം, ടീം സാംസൺ എന്ന ഇൻസ്റ്റഗ്രാം പേജ് മോഹൻലാലിനൊപ്പമുള്ള സഞ്ജുവിന്റെ സെൽഫി പങ്കുവച്ചിരുന്നു. 'സവിശേഷമായ എന്തൊ ഒന്ന് വരുന്നു' എന്നാണ് ഇതിന് ഇവർ നൽകിയ അടിക്കുറിപ്പ്. അതിന് അടിവരയിടുന്നതാണ് കെസിഎൽ പരസ്യം.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഈ മാസം 20ന് കെസിഎൽ മൂന്നാം സീസണിന് തുടക്കമാകും. 17 ദിവസം നീളുന്ന ക്രിക്കറ്റ് പോരാട്ടത്തിന്റെ ഫൈനൽ സെപ്റ്റംബർ അഞ്ചിനാണ്. ട്രിവാൻഡ്രം റോയൽസ്, ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്, ആലപ്പി റിപ്പിൾസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് എന്നീ ആറ് ടീമുകളാണ് ടൂർണമെന്റിൽ ഏറ്റുമുട്ടുന്നത്. 20ന് ഉച്ചയ്ക്ക് 2.30-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തൃശൂർ ടൈറ്റൻസും തമ്മിലാണ് ആദ്യ പോരാട്ടം. അന്ന് രാത്രി 7.30-ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സാണ് എതിരാളികൾ. സ്റ്റാർ സ്പോർട്‌സിലും ജിയോ ഹോട്ട്സ്റ്റാറിലും മത്സരങ്ങൾ ലൈവ് ആയി കാണാം.