

തൃശൂർ: 'സർവം മായ' എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് റിയ ഷിബു. സിനിമയിലെ റിയയുടെ 'ഡെലുലു' എന്ന കഥാപാത്രം വലിയ തോതിൽ പ്രശംസിക്കപ്പെട്ടിരുന്നു. സിനിമയിൽ എന്ന പോലെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ 'സൂര്യകാന്തി'യിലും ജെൻ സികളുടെ 'ഡെലുലു' ആയിരുന്നു താരം. ഉദ്ഘാടന സമ്മേളനത്തിൽ അതിഥിയായി എത്തിയ റിയയെ കയ്യടികളോടെയാണ് കാണികൾ എതിരേറ്റത്.
മത്സരാവേശത്തിൽ നിൽക്കുന്ന കുട്ടികൾക്ക് പ്രചോദനം നൽകുന്നതായിരുന്നു റിയ ഷിബുവിന്റെ ചെറിയ പ്രസംഗം. കടുകട്ടി വാക്കുകൾ ഉപയോഗിക്കാതെ, തെളിച്ചതോടെ, പുതിയ കാലത്തിന് മനസിലാകും വിധം കുട്ടികളോട് റിയ 'അടിച്ചുപൊളിക്കാൻ' പറഞ്ഞു.
"ഇവിടെ പലരും എന്നെ ഡെലുലു എന്നായിരിക്കും അറിയുക. എനിക്ക് ശരിക്കും ഒരു പേരുണ്ട്, റിയ ഷിബു. പക്ഷേ, നിങ്ങൾക്ക് എന്നെ ഡെലുലു എന്ന് വിളിക്കാം. അത് ക്യൂട്ട് ആണ്...," എന്ന് പറഞ്ഞാണ് റിയ തുടങ്ങിയത്. 'സർവം മായ' എന്ന ചിത്രത്തിലെ കഥാപാത്രം കാരണമാണ് തനിക്ക് ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവ വേദിയിൽ പ്രശസ്തർക്കൊപ്പം പങ്കെടുക്കാൻ സാധിച്ചതെന്ന് പറഞ്ഞ നടി സിനിമയുടെ അണിയറപ്രവർത്തകർക്ക് നന്ദിയും അറിയിച്ചു. പിന്നങ്ങോട്ട് വാശിയേറിയ കലാ മാമാങ്കത്തിന് തയ്യാറെടുക്കുന്ന കുട്ടികളോട് ചെറിയ ഒരു ഓർമപ്പെടുത്തൽ - "കല എന്ന് പറയുന്നത് മത്സരം മാത്രമല്ല. നിങ്ങൾ ജയിച്ചില്ലെങ്കിലും നിങ്ങൾ വിജയികളാണ്. കാരണം നിങ്ങൾ പങ്കെടുത്തു, നിങ്ങളിൽ വിശ്വാസം അർപ്പിച്ചു. അതാണ് ഏറ്റവും വലിയ സമ്മാനം. ജയിച്ചാലും തോറ്റാലും മുന്നോട്ട് പോകുക."
കലോത്സവത്തിൽ പങ്കെടുക്കാൻ താനും ആഗ്രഹിച്ചിരുന്നെന്നും എന്നാൽ ആത്മവിശ്വാസം ഇല്ലാതിരുന്നതിനാൽ അതിന് സാധിച്ചില്ല എന്നും റിയ പറഞ്ഞു. 'സർവം മായ'യ്ക്ക് മുൻപ് താൻ നേരിട്ട കളിയാക്കലുകളേക്കുറിച്ചും നടി മനസുതുറന്നു.
"സർവം മായയ്ക്ക് മുൻപ് ഒരുപാട് റിജക്ഷനുകൾ ഞാൻ നേരിട്ടിട്ടുണ്ട്. ഡാൻസ് കളിക്കാൻ അറിയില്ലെന്ന് പറഞ്ഞ് പലരും കളിയാക്കിയിട്ടുണ്ട്. അങ്ങനെ ആത്മവിശ്വാസം പോയ സമയമുണ്ടായിരുന്നു. അത് വിശ്വസിച്ചിരുന്നെങ്കിൽ ഞാൻ ഇന്ന് ഡെലുലു ആകില്ലായിരുന്നു. ഇങ്ങനെ ആഘോഷിക്കപ്പെടില്ലായിരുന്നു. എന്തൊക്കെ പരാജയം ഉണ്ടായാലും അതൊന്നും നിങ്ങളെ നിർവചിക്കാൻ അനുവദിക്കരുത്. മുന്നോട്ട് പോകുക. നിങ്ങൾ പെർഫോം ചെയ്യുമ്പോൾ ഉള്ളിലെ കഴിവ് ലോകത്തിന് കാണിച്ചുകൊടുക്കാനായി പെർഫോം ചെയ്യുക," എന്ന് പറഞ്ഞ റിയ എല്ലാ മത്സരാർഥികൾക്കും ആശംസകളും നേർന്നു.
ജനുവരി 18 വരെ നീണ്ടുനില്‍ക്കുന്ന 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 15,000ത്തിലധികം വിദ്യാര്‍ഥി പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. 24 വേദികളിലായി ഇനിയുള്ള അഞ്ച് ദിവസം കേരളത്തിലെ കൗമാര പ്രതിഭകളുടെ മത്സരാവേശം കാണാം. പൂക്കളുടെ പേരുകളുള്ള 25 വേദികളിലായാണ് വിവിധ ഇനങ്ങളിൽ മത്സരങ്ങള്‍ നടക്കുന്നത്.