

നടൻ ശ്രീനിവാസൻ്റെ വിയോഗത്തിൽ വികാരാധീനനായി പ്രതികരിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. 'രണ്ടാഴ്ചയിൽ ഒരിക്കൽ ശ്രീനിവാസനെ പോയി കാണുമായിരുന്നു. സംസാരിച്ച് ചാർജ് ചെയ്യാൻ ശ്രമിക്കുമായിരുന്നു. ഇത്ര പെട്ടെന്ന് പോകുമെന്ന് കരുതിയിരുന്നില്ല'.തെരഞ്ഞെടുപ്പ് സമയത്ത് പോലും സന്ദേശം സിനിമയെ കുറിച്ച് സംസാരിച്ചിരുന്നുവെന്ന് പറഞ്ഞ സത്യൻ അന്തിക്കാട് വാക്കുകൾ മുഴുമിക്കാനാവാതെ വിതുമ്പി.
ബുദ്ധിയും മനസ്സും എല്ലാക്കാലത്തും ഷാർപ്പായി സൂക്ഷിച്ചിരുന്നയാളാണ് ശ്രീനിവാസൻ. കഴിഞ്ഞ ദിവസം സംസാരിച്ചപ്പോൾ എനിക്ക് മതിയായി എന്നു പറഞ്ഞിരുന്നു. വേഗം തിരിച്ചു വരും എന്നാണ് അപ്പോൾ മറുപടി പറഞ്ഞതെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. ഒന്നും പ്രതികരിക്കാൻ പറ്റാത്ത സാഹചര്യത്തിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനിവാസൻ പകരക്കാരനില്ലാത്ത ആളാണെന്നും ശ്രീനിക്ക് പകരം ശ്രീനി മാത്രമേ ഉള്ളുവെന്നും സംവിധായകൻ വിനയൻ പ്രതികരിച്ചു. പെട്ടെന്നുള്ള വേർപാട് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനിവാസൻ ഏറ്റവും സൗഹൃദം ഉണ്ടായിരുന്നവരിലൊരാളാണെന്ന് സംവിധായകൻ കമൽ പറഞ്ഞു. സിനിമയിൽ ഓരോ കാലഘട്ടത്തേയും അദ്ദേഹം അടയാളപ്പെടുത്തി. അത്ഭുതപ്പെടുത്തുന്ന മനുഷ്യനാണ് ശ്രീനിവാസനെന്നും അദ്ദേഹം പറഞ്ഞു.