

ഇന്ത്യയില്‍ നിരോധനത്തിലാണെങ്കിലും ഇന്ന് ലോകത്തിന്‍റെ പ്രധാന ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്ഫോമാണ് ടിക്ടോക്. ഈ ആപ്പിന്‍റെ മാതൃകമ്പനിയായ ചൈനീസ് ടെക് ഭീമൻ ബൈറ്റ്ഡാൻസ് (ByteDance) പുറത്തിറക്കിയ സീഡാൻസ് 2.0 (Seedance 2.0) എന്ന എഐ വീഡിയോ ജനറേറ്ററിനെച്ചൊല്ലിയാണ് ഇപ്പോൾ ആഗോളതലത്തിൽ വലിയ വിവാദങ്ങൾ കത്തുന്നത്. ഹോളിവുഡ് താരങ്ങളെയും സ്റ്റുഡിയോകളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയ പുതിയ ടൂള്‍ ഭാവിയില്‍ വിനോദ വ്യവസായ ലോകത്തിന്‍റെ പുത്തന്‍ പ്രതീക്ഷയോ, അന്തകനോ എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്.
ഫെബ്രുവരി തുടക്കത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയാണ് എല്ലാത്തിന്‍റെയും തുടക്കം. ഹോളിവുഡ് സിനിമ രംഗത്തെ അതികയാന്മാരായ രണ്ട് നടന്മാര്‍ തമ്മില്‍ സംഘടനം നടത്തുന്ന ഒരു ക്ലിപ്പ്. ബ്രാഡ് പിറ്റും, ടോം ക്രൂയിസും. പലരും ശരിക്കും വിശ്വസിച്ചത് ഇത് ഒറിജിനല്‍ രംഗമാണെന്നാണ്. ഇപ്പോഴത്തെ കാലത്തെ ഏറ്റവും മുന്നേറിയ എഐ ടൂള്‍ ഉപയോഗിച്ചാലും അതില്‍ എഐ ആണ് വീഡിയോ എന്ന് പറയാന്‍ എന്തെങ്കിലും ബാക്കി കാണും. എന്നാല്‍ അത്തരം ലൂപ് ഹോള്‍ ഇല്ലാത്ത രീതിയില്‍ മുഖത്തെ എക്സ്പ്രഷന്‍ അടക്കം അത് പോലെ വന്നിരുന്നു വീഡിയോയില്‍. ശരിക്കും ഒറിജിനലിനെ വെല്ലുന്നത് എന്ന് പറയാറില്ലെ അതാണ് ഐറ്റം.
ഈ വീഡിയോയ്ക്ക് പിന്നാലെ ക്ലാസിക്ക് സിനിമകളുടെയും സീരിസുകളുടെയും ക്ലൈമാക്സ് പോലും തിരുത്തിയുള്ള വീഡിയോകളുടെ കുത്തൊഴുക്കായിരുന്നു. ടൈറ്റാനിക്കില്‍ ഒടുവില്‍ റോസും ജാക്കും ഒന്നിച്ചു, ഗെയിം ഓഫ് ത്രോണ്‍സിന്‍റെ ഹാപ്പി എന്‍റിംഗ് സംഭവം ഇങ്ങനെ വിവിധ തരത്തിലാണ് വൈറലായത്. എന്നാല്‍ ഇത് തമാശയ്ക്ക് അപ്പുറം ഗൗരവമേറിയ വിഷയമാണ് എന്നതാണ് ഇപ്പോള്‍ വിനോദ ലോകത്തെ വിഷയം.
ഇതിന് മുന്‍പ് വീഡിയോ ജനറേറ്റിംഗ് എഐ ടൂളുകള്‍ ജനപ്രിയമായിട്ടുണ്ട്. ഓപ്പൺ എഐയുടെ ഏറ്റവും പുതിയ മോഡലായ സോറ 2 നിലവിൽ ഈ രംഗത്തെ കരുത്തനാണ്. സീഡാൻസിനെ അപേക്ഷിച്ച് കൂടുതൽ 'സിനിമാറ്റിക്' ആയ ദൃശ്യങ്ങൾ സോറ നൽകുന്നു എന്നാണ് അനുഭവം. ക്ലിംഗ് എഐ എന്ന ചൈനയില്‍ നിന്നുള്ള മറ്റൊരു എഐ ടൂളും വീഡിയോ നിര്‍മ്മാണത്തില്‍ ശ്രദ്ധേയമായിട്ടുണ്ട്. വളരെ വേഗത്തിൽ വീഡിയോകൾ നിർമ്മിക്കാം എന്നതാണ് ക്ലിംഗിന്റെ പ്രത്യേകത. സീഡാൻസിനെ അപേക്ഷിച്ച് ഇതിന് ചിലവ് കുറവാണ്. 1080p റെസല്യൂഷനിൽ മികച്ച നിലവാരമുള്ള വീഡിയോകൾ ഇത് നൽകുന്നു എന്നാണ് ഉപയോക്താക്കളുടെ അഭിപ്രായം.
ഗൂഗിളിന്റെ ഏറ്റവും പുതിയ വീഡിയോ ജനറേറ്റർ Google Veo 3.1 പ്രൊഫഷണൽ സിനിമകൾക്ക് അനുയോജ്യമായ 24fps (Frames Per Second) ക്വാളിറ്റിയിൽ വീഡിയോകൾ നൽകുന്നു. ക്രിയേറ്റീവ് കൺട്രോൾ കൂടുതലായി ലഭിക്കുന്ന 'മൾട്ടി-മോഡൽ' ഇൻപുട്ടുകൾ വിയോയുടെ പ്രത്യേകതയാണ്. വേറെയും അനവധി ടൂളുകള്‍ ലഭ്യമാണ്. എന്നാല്‍ ഇതില്‍ നിന്നും പെട്ടെന്ന് സീഡാൻസ് 2.0യെ വ്യത്യസ്തമാക്കിയത് യഥാർത്ഥ സിനിമയെ വെല്ലുന്ന ദൃശ്യസൗകുമാര്യവും താരങ്ങളുടെ മുഖഭാവങ്ങളും ശബ്ദവും കൃത്യമായി അനുകരിക്കാൻ ഇതിന് കഴിഞ്ഞു എന്നതാണ്.
"കാര്യങ്ങൾ വളരെ വേഗത്തിലാണ് സംഭവിക്കുന്നത്"
സീഡാൻസ് ഉയർത്തുന്ന വെല്ലുവിളികൾ കേവലം സാങ്കേതികം മാത്രമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഡിസ്നി, വാർണർ ബ്രദേഴ്സ് തുടങ്ങിയ വലിയ സ്റ്റുഡിയോകളുടെ സിനിമകളും കഥാപാത്രങ്ങളും (ഉദാഹരണത്തിന് സ്പൈഡർമാൻ, അയേണ്‍ മാന്‍, സൂപ്പര്‍മാന്‍ ഒക്കെ) അവരുടെ അനുവാദം കൂടാതെ തങ്ങളുടെ പുതിയ എഐ ട്രെയിനിംഗിന് ഉപയോഗിച്ചു എന്നതാണ് പ്രധാന ആരോപണം. പ്രശസ്ത നടീനടന്മാരുടെ മുഖവും ശബ്ദവും അവരുടെ അനുവാദമില്ലാതെ വീഡിയോകളിൽ ഉപയോഗിക്കുന്നത് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ഇപ്പോള്‍ തന്നെ ലോകത്തെ പ്രമുഖരായ താരങ്ങള്‍ എല്ലാം കോടതിയില്‍ പോയി തങ്ങളുടെ ശബ്ദത്തിനും മറ്റും പകര്‍പ്പവകാശം നേടുന്നത് എന്നും വാര്‍ത്തയാണ്.
എഴുത്തുകാരും കലാകാരന്മാരും എഡിറ്റർമാരും വർഷങ്ങളെടുത്ത് ചെയ്യുന്ന പണികൾ നിമിഷങ്ങൾക്കുള്ളിൽ AI ചെയ്യുന്നതോടെ ലക്ഷക്കണക്കിന് ആളുകളുടെ തൊഴിൽ നഷ്ടപ്പെടുമെന്ന് ഹോളിവുഡ് യൂണിയനുകൾ ഭയപ്പെടുന്നു. 2025 ന്‍റെ തുടക്കത്തില്‍ അടക്കം ഹോളിവുഡ് കണ്ട ഏറ്റവും വലിയ തൊഴില്‍ സമരം നടന്നത് തന്നെ ക്രിയാത്മലോകത്ത് എഐ കടന്നുവരവ് തടയാനാണ് എന്ന് പറയുമ്പോള്‍ തന്നെ ഇതിന്‍റെ വ്യാപ്തി ആലോചിക്കാം. അതിനൊപ്പം തന്നെ ഡീപ്പ് ഫേക്ക് എന്ന ഭീതി ഒന്നുകൂടി ശക്തമാക്കും ഈ ടൂള്‍ എന്നാണ് ഒരു വാദം. ആരെയും ഏത് സാഹചര്യത്തിലും കാണിക്കാൻ കഴിയുന്ന ഈ സാങ്കേതികവിദ്യ വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനും തട്ടിപ്പുകൾക്കും ഉപയോഗപ്പെടുത്തിയേക്കാം എന്ന ആശങ്കയും വ്യാപകമാണ്.
തങ്ങള്‍ക്ക് പകർപ്പവകാശമുള്ള കഥാപാത്രങ്ങളെ ഉപയോഗിച്ചതിനെതിരെ ബൈറ്റ്ഡാൻസിന് ഡിസ്നി നോട്ടീസ് നൽകി കഴിഞ്ഞു. "സീഡാൻസ് വൻതോതിലുള്ള പകർപ്പവകാശ ലംഘനമാണ് നടത്തുന്നത്" എന്ന് മോഷന്‍ പിക്ചേര്‍സ് അസോസിയേഷന്‍ ചെയർമാൻ ചാൾസ് റിവ്കിൻ ഇതിനകം കുറ്റപ്പെടുത്തിയിട്ടുണ്ട്. താരങ്ങളുടെ ശബ്ദവും രൂപവും അനുവാദമില്ലാതെ ഉപയോഗിക്കുന്നത് കലാകാരന്മാരുടെ ഉപജീവനത്തെ തകർക്കുമെന്നാണ് ഹോളിവുഡിലെ അടക്കം അഭിനേതാക്കളുടെ സംഘടനയായ എസ്.ജി.എ- എ.എഫ്.ടി.ആര്‍. എ പ്രതികരിച്ചത്.
മാര്‍വലിന്‍റെ ചൈനീസ് ഹീറോ മൂവിയായ ഷാങ്-ചീയിലെ നായകന്‍ സിമു ലിയു സീഡാൻസ് വിമർശിച്ചുകൊണ്ട് രംഗത്തെത്തി. സാങ്കേതികമായി ഇത് മികച്ചതാണെങ്കിലും ഇതിന് വൈകാരികതയില്ലെന്നും മനുഷ്യന്റെ സർഗ്ഗാത്മകതയ്ക്ക് പകരമാവില്ലെന്നും ചൈനീസ് വംശജനായ അദ്ദേഹം പറഞ്ഞു. അതേ സമയം എക്സ് ഉടമയും വ്യവസായിയുമായ എലോണ്‍ മസ്ക്, ചില സീഡാൻസ് വീഡിയോകള്‍ പങ്കുവച്ച് "കാര്യങ്ങൾ വളരെ വേഗത്തിലാണ് സംഭവിക്കുന്നത്" എന്നാണ് എക്സില്‍ കുറിച്ചത്.
സിനിമയുടെ ജനാധിപത്യവൽക്കരണമോ?
അതേ സമയം പതിവ് ചൈനീസ് അനുകൂല കേന്ദ്രങ്ങള്‍ ഇത് ചൈനയില്‍ നിന്നും വന്ന ഒരു ഉത്പന്നം ആയതിനാലാണ് ഹോളിവുഡ് ഇത്രയും ആശങ്കപ്പെടുന്നത് എന്നാണ് പറയുന്നത്. ഇത് യുഎസ് പ്രൊഡക്ടാണെങ്കില്‍ തീര്‍ച്ചയായും ഇപ്പോള്‍ അവര്‍ സ്വീകരിക്കും എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്‍റെ ഒരു ലേഖനത്തില്‍ ഒരു ചൈനീസ് അനുകൂല കോളമിസ്റ്റ് പറയുന്നത്. അത് രാഷ്ട്രീയമായ ആരോപണമായി മാറ്റി നിര്‍ത്താം.
വലിയ ചിലവില്ലാതെ തന്നെ ആർക്കും മികച്ച നിലവാരമുള്ള സിനിമകൾ നിർമ്മിക്കാൻ ഇത്തരം ടൂളുകൾ സഹായിക്കുമെന്നും. സിനിമയുടെ ജനാധിപത്യവൽക്കരണമാണ് ഇതെന്നും പറയുന്ന വാദങ്ങള്‍ ഉയരുന്നുണ്ട്. മനുഷ്യർക്ക് ചിന്തിക്കാൻ പോലും കഴിയാത്ത പുതിയ ദൃശ്യവിസ്മയങ്ങൾ സൃഷ്ടിക്കാൻ എഐ സഹായിക്കും എന്നാണ് മറ്റൊരു വാദം. അതായത് സര്‍ഗാത്മകതയ്ക്ക് അതിരില്ലാതാക്കും എന്ന് ചുരുക്കം. ഇ-കോമേഴ്സ്, പരസ്യം തുടങ്ങിയ മേഖലകളിൽ വലിയ രീതിയിൽ പണം ലാഭിക്കാൻ ഇത് സഹായിക്കും എന്ന വാദവും ശക്തമാണ്.
ബൈറ്റ്ഡാൻസിന്റെ മറുപടി
ഹോളിവുഡ് സ്റ്റുഡിയോകളിൽ നിന്നും താരങ്ങളിൽ നിന്നും കടുത്ത എതിര്‍പ്പും, നിയമ നടപടി മുന്നറിയിപ്പും നേരിട്ടതോടെ ബൈറ്റ്ഡാൻസ് തങ്ങളുടെ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 10ന് ശേഷം ചില മാറ്റങ്ങള്‍ ഈ എഐ ടൂളില്‍ അവര്‍ വരുത്തിയിട്ടുണ്ട്.
തങ്ങൾ ബൗദ്ധിക സ്വത്തവകാശത്തെ (Intellectual Property) ബഹുമാനിക്കുന്നുവെന്നും, ഉപയോക്താക്കൾ അനധികൃതമായി ഇത്തരം ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നത് തടയാൻ സുരക്ഷാ സംവിധാനങ്ങൾ (Safeguards) ശക്തമാക്കുമെന്നും ബൈറ്റ്ഡാൻസ് അറിയിച്ചു. വിവാദമായ 'ഫേസ്-ടു-വോയ്‌സ്', യഥാർത്ഥ വ്യക്തികളുടെ ഫോട്ടോകൾ റഫറൻസായി ഉപയോഗിക്കുക എന്നീ ഫീച്ചറുകൾ കമ്പനി താൽക്കാലികമായി നിർത്തിവെച്ചു. "സര്‍ഗാത്മക ലോകത്തിന്‍റെ ആരോഗ്യകരമായ നിലനിൽപ്പിന്" വേണ്ടിയാണ് ഇതെന്നാണ് കമ്പനിയുടെ വിശദീകരണം.
മോഡലിനെ പരിശീലിപ്പിക്കാൻ പകർപ്പവകാശമുള്ള സിനിമകൾ ഉപയോഗിച്ചു എന്ന ആരോപണത്തിന് കൃത്യമായ മറുപടി കമ്പനി നൽകിയിട്ടില്ല. എങ്കിലും, നിയമപരമായി ലഭ്യമായ പൊതു സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളാണ് ഉപയോഗിച്ചതെന്നാണ് അവരുടെ പ്രാഥമിക വാദം. ഉപയോക്താക്കൾക്ക് ഇനി ഐഡന്റിറ്റി വെരിഫിക്കേഷൻ (Identity Verification), നിർബന്ധിത വാട്ടർമാർക്കുകൾ എന്നിവ ആവശ്യമായി വരുമെന്നും കമ്പനി സൂചിപ്പിച്ചു. അതേ സമയം മറ്റ് വീഡിയോ ജനറേറ്റിംഗ് ആപ്പുകളും സീഡാൻസ് വിവാദം കാരണം തങ്ങളുടെ ടൂളുകളിൽ 'കോപ്പിറൈറ്റ് ഫിൽട്ടറുകൾ' കർശനമാക്കിയിട്ടുണ്ടെന്നാണ് വിവരം. എന്തായാലും എഐ വീഡിയോ ജനറേഷന്‍ അതിന്‍റെ പുതിയ ഘട്ടത്തിലേക്ക് നീങ്ങുന്നു എന്നതാണ് ഈ വിവാദത്തിന്‍റെ പിന്‍വശം.