

കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിക്ക് ഒപ്പമുള്ള ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. 'ഒറ്റ ഫ്രെയിമിൽ രണ്ട് ഇതിഹാസങ്ങൾ' എന്നാണ് ആരാധകർ ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിക്കുന്നത്. ഷാരുഖ് തനിച്ചായിരുന്നില്ല, മെസിക്കൊപ്പം ഫോട്ടോയെടുക്കാൻ മറ്റൊരു സെലിബ്രറ്റി ആരാധകൻ കൂടിയുണ്ടായിരുന്നു. മറ്റാരുമല്ല, ഷാരുഖ് ഖാന്റെ ഇളയ മകൻ അബ്രാം ഖാൻ.
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായി കൊൽക്കത്തയിലെത്തിയതാണ് മെസി. ശ്രീഭൂമി സ്പോര്‍ട്ടിങ് ക്ലബ് കൊല്‍ക്കത്ത ലേക്ക് ടൗണ്‍ ഏരിയയില്‍ നിര്‍മിച്ച മെസിയുടെ 70 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്യുന്ന പരിപാടിക്കിടെയാണ് ഷാരൂഖും മെസിയും കണ്ടുമുട്ടിയത്. വിർച്വലായാണ് മെസി പ്രതിമ അനാച്ഛാദനം ചെയ്തത്. പരിപാടിയിൽ ഷാരൂഖ് ഖാനൊപ്പം പശ്ചിമ ബംഗാൾ മന്ത്രി സുജിത് ബോസും പങ്കെടുത്തു.
പിടിഐ എക്സിൽ പങ്കുവച്ച ഒരു വീഡിയോയിൽ ഷാരൂഖ് ഖാനും മകൻ അബ്രാം ഖാനും ലയണൽ മെസിയെ വേദിയിൽ കണ്ടുമുട്ടുന്നത് കാണാം. കൂൾ ലുക്കിലാണ് ഷാരൂഖും മകനും മെസിയെ കാണാൻ എത്തിയത്.
പുലര്‍ച്ചെ 2.26 ഓടെയാണ് മെസി കൊൽക്കത്തയിലെ വിമാനത്താവളത്തില്‍ എത്തിയത്. നിരവധി ആരാധകരാണ് മെസിയെ കാണാന്‍ കടുത്ത തണുപ്പ് അവഗണിച്ചും വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നത്. മെസിക്കൊപ്പം അര്‍ജന്റീന താരം റോഡ്രിഗോ ഡി പോളും യുറുഗ്വേനിയന്‍ താരം ലൂയിസ് സുവാരസുമുണ്ടായിരുന്നു.
അതേസമയം, വിവേകാനന്ദ യുവഭാരതി സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ പരിപാടി സംഘാടനത്തിലെ പിഴവുകൾ കാരണം അലങ്കോലമായി. മെസി വളരെ കുറച്ച് സമയം മാത്രമേ ഫീൽഡിൽ ഉണ്ടാകൂ എന്ന് അറിഞ്ഞപ്പോഴേ ആരാധകർ അസ്വസ്ഥരായിരുന്നു. അര മണിക്കൂറിൽ താഴെ മാത്രമാണ് മെസി ഗ്രൗഡിൽ ചെലവിട്ടത്. താരം ഗ്രൗണ്ട് വിട്ടതോടെ ആരാധകരുടെ നിരാശ പാരമ്യത്തിലായി. അവർ സ്റ്റേഡിയത്തിനുള്ളിൽ പ്രതിഷേധിക്കുകയും ഹോർഡിങ്ങുകൾ നശിപ്പിക്കുകയും കുപ്പികളും മറ്റും ഗ്രൗണ്ടിലേക്ക് വലിച്ചെറിയുകയും ചെയ്തു. പ്രീമിയം ടിക്കറ്റ് എടുത്ത പലർക്കും മെസിയുടെ മുഖം പോലും ശരിക്ക് കാണാൻ സാധിച്ചില്ലെന്നാണ് ആരോപണം.
കൊല്‍ക്കത്തയില്‍ മെസിയുടെ രണ്ടാം സന്ദര്‍ശനമാണിത്. 2011 ല്‍ വെനസ്വേലയ്ക്കെതിരായ സൗഹൃദമത്സരത്തിനായാണ് ആദ്യമെത്തിയത്. ഇക്കുറി ഔദ്യോഗിക മത്സരമില്ല. പ്രതിമാ അനാച്ഛാദന ചടങ്ങിന് ശേഷം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, സ്റ്റേഡിയത്തിലെ സ്ഥിതിഗതികൾ വഷളായതിനെ തുടർന്ന് കൂടിക്കാഴ്ച ഒഴിവാക്കി. വരും ദിവസങ്ങളിൽ ഹൈദരാബാദ്, മുംബൈ, ഡല്‍ഹി എന്നീ നഗരങ്ങളിലെ വിവിധ പരിപാടികളില്‍ 'ഗോട്ട് ടൂറിന്റെ' ഭാഗമായി മെസി പങ്കെടുക്കും.