

കൊച്ചി: മമ്മൂട്ടിയെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ തിലകൻ ആഗ്രഹിച്ചിരുന്നതായി നടനും മകനുമായ ഷമ്മി തിലകൻ. പുലയൻ തമ്പ്രാൻ എന്ന നാടകമാണ് സിനിമ ആക്കാൻ ആഗ്രഹിച്ചിരുന്നത്. ചാലക്കുടി സാരഥിക്ക് വേണ്ടി കൈനകരി തങ്കരാജിനെ നായകനാക്കി ഈ നാടകം സംവിധാനം ചെയ്തതും തിലകൻ ആയിരുന്നു.
"സിനിമ സംവിധാനം ചെയ്യണം എന്നത് മാത്രമായിരുന്നു അച്ഛന്റെ നടക്കാതെപോയ ആഗ്രഹം. സോക്രട്ടീസ് എന്നൊരു നാടകമുണ്ട്. അത് സിനിമയാക്കണമെന്നും സോക്രട്ടീസ് ആയി അഭിനയിക്കണമെന്നും അച്ഛന് ആഗ്രഹമുണ്ടായിരുന്നു. അതുപോലെ മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യണമെന്നും ആഗ്രഹിച്ചിരുന്നു. ജോസ് പെല്ലിശ്ശേരിയുടെ ചാലക്കുടി സാരഥിക്ക് വേണ്ടി കൈനകരി തങ്കരാജിനെ നായകനാക്കി അച്ഛൻ സംവിധാനം ചെയ്ത പുലയൻ തമ്പ്രാൻ ആകുന്ന നാടകമാണ് സിനിമയാക്കാൻ ആഗ്രഹിച്ചിരുന്നത്. ആ നാടകത്തിൽ സഹസംവിധാനം ഞാനായിരുന്നു. ഇത് മമ്മൂക്കയോട് പറഞ്ഞതാണ്. കാരണം നാടകത്തിലെ ഹിറ്റ് ആയ കഥാപാത്രമാണത്. നാടകം സിനിമയാക്കിയപ്പോൾ പല സിനിമകളും പൊളിഞ്ഞിട്ടേയുള്ളൂ. അതിൽ വിരുദ്ധമായിട്ടുള്ളത് കാട്ടുകുതിര മാത്രമാണ്. മമ്മൂക്കയ്ക്ക് ഭയമുണ്ടായിരുന്നു. അതുകൊണ്ടാണ് ആ സിനിമ അച്ഛൻ വേണ്ടെന്ന് വച്ചത്," ഷമ്മി തിലകൻ പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് ഷമ്മി ഈക്കാര്യങ്ങളെപ്പറ്റി സംസാരിച്ചത്.
അതേസമയം, 'വിലായത്ത് ബുദ്ധ'യിലെ ഷമ്മി തിലകന്റെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കേന്ദ്ര കഥാപാത്രങ്ങളിൽ ഒന്നായ ഭാസ്കരൻ മാഷായാണ് സിനിമയിൽ ഷമ്മി എത്തുന്നത്. ഭാസ്കരൻ മാഷിന്റെ ജീവിതത്തിൽ ആകസ്മികമായുണ്ടാകുന്ന വലിയൊരു സംഭവവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. പൃഥ്വിരാജിനൊപ്പമുള്ള ഷമ്മിയുടെ സീനുകൾ കയ്യടികളോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഷമ്മി തിലകന്റെ കരിയറിലേ തന്നെ ഏറെ വേറിട്ട വേഷമാണ് ഭാസ്കരൻ മാഷ് എന്ന് നിസംശയം പറയാം. അതിശക്തമായ ഡയലോഗ് ഡെലിവറിയും ശരീരഭാഷയുമായി ഭാസ്കരൻ മാഷായി നടൻ ജീവിക്കുകയായിരുന്നു.
ജി.ആർ. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ' അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായികയായി എത്തിയിരിക്കുന്നത്. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ', 'സൗദി വെള്ളക്ക' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവശി തിയറ്റേഴ്സിൻ്റെ ബാനറിൽ ഒരുക്കിയിരിക്കുന്ന ബ്രഹ്മാണ്ഡ സിനിമയാണ് 'വിലായത്ത് ബുദ്ധ'. എവിഎ പ്രൊഡക്ഷൻസിനുവേണ്ടി എ.വി അനൂപുമായി ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് 'വിലായത്ത് ബുദ്ധ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനു മോഹൻ, രാജശ്രീ നായർ, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്.