

സിനിമയിൽ പാടിയാൽ മാത്രമെ ഗായകർ ആവുകയുള്ളൂ എന്ന ചിന്ത മാറ്റണമെന്ന് ഗായിക ശ്വേതാ അശോക്. സിനിമ മാത്രമല്ല ഒരു സിംഗറെ അംഗീകരിക്കാനുള്ള മാനദണ്ഡമെന്നും സ്റ്റേജ് ഷോ തുടങ്ങി പല മേഖലകളിലും 'ഗായകർ' ഉണ്ടെന്നും ശ്വേത കുറിച്ചു. സിനിമയിൽ പാടുന്നതോടെ ഒരാൾ തനിയെ ഗായകരായി മാറുന്നതല്ല എന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ശ്വേതാ അശോക് ചൂണ്ടിക്കാട്ടി.
ഒരു ഉത്തരത്തിൽ ഒതുക്കാൻ കഴിയാത്തത് ആണ് എനിക്ക് “എന്ത് ചെയ്യുന്നു “എന്ന ചോദ്യം . മ്യൂസിഷ്യൻ എന്ന് ഉത്തരം പറഞ്ഞാൽ അതിൽ ഏത് വിഭാഗമാണ് എന്ന് അറിയണം, സിങ്ങർ എന്ന് അറിയുമ്പോ ഏറ്റവും ആദ്യത്തെ ചോദ്യം സിനിമയിൽ ഒക്കെ പാടിയിട്ടുണ്ടോ? എത്ര സിനിമ? എത്ര പാട്ടു? എത്ര എണ്ണം? . പറഞ്ഞ പാട്ടു അറിയില്ലെങ്കിൽ അപ്പുറത്തെ അവനോട് ചോദ്യം നിനക്ക് അറിയോ എന്ന്.
ഇനി മുതൽ കരിയർ ചോദിച്ചാൽ മറുചോദ്യം വരാത്ത ഒരു കള്ളം പറയാം. സിനിമയിൽ പാടിയാൽ മാത്രമെ സിങ്ങർ ആവു എന്നുള്ള ചിന്തകൾ മാറ്റുക. ഇൻഡിപെൻഡന്റ് മ്യൂസിക്ക്, സ്റ്റേജ് ഷോ തുടങ്ങി പല മേഖലകളിലും“സിംഗർ കൾ “ ഉണ്ട്. “സിനിമയിൽ “ പാടുമ്പോ ഓട്ടോമാറ്റിക് ആയിട്ട് സിങ്ങർ ആയി മാറുന്നതല്ല, അതിന് ഒക്കെ മുന്നേ ഒരു മനുഷ്യൻ പാടും ഹേ!! സിനിമ മാത്രമല്ല ഒരു സിംഗറിനെ അംഗീകരിക്കാനുള്ള മാനദണ്ഡം.
റിയാലിറ്റി ഷോകളിലൂടെയാണ് ശ്വേതാ അശോക് സിനിമാ പിന്നണി ഗാനരംഗത്തേക്ക് കടന്നുവന്നത്. ജനപ്രിയ റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകപ്രീതി നേടിയ ഗായികയുടെ കവർ സോങ്ങുകൾക്ക് വലിയ ആരാധകരുണ്ട്. 'ഷൈലോക്ക്' (കണ്ണേ കണ്ണേ വീശാതെ), 'ധമാക്ക', 'മിന്നൽ മുരളി' (എടുക്കാ കാശായി), 'ഹൃദയം' (നഗുമോ) തുടങ്ങിയ സിനിമകളിലെ ശ്വേതയുടെ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇൻഡിപെൻഡന്റ് മ്യൂസിക് മേഖലയിലും സജീവമാണ്.