"സ്റ്റുഡിയോയിൽ വച്ച് ബലാത്സംഗം ചെയ്തു, ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി"; തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതര ആരോപണവുമായി ഗായിക

'മദ്രാസിലെ എപ്സ്റ്റീൻ' എന്ന് സംഗീത സംവിധായകനെ വിശേഷിപ്പിച്ച സ്വാഗത, അയാൾ ഒരു ‘സീരിയൽ അബ്യൂസർ’ ആണെന്നും നിരവധി പെൺകുട്ടികൾ അയാളുടെ കെണിയിൽ പെട്ടതായും വെളിപ്പെടുത്തി.
Swagatha S Krishnan
സ്വാഗത എസ്. കൃഷ്ണൻSource: Facebook/ Swagatha S Krishnan
Published on
Updated on

ചെന്നൈ: പ്രമുഖ സംഗീത സംവിധായകനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി തമിഴ് പിന്നണി ഗായികയും നടിയുമായ സ്വാഗത എസ്. കൃഷ്ണൻ രംഗത്ത്. ഏഴ് വർഷം മുമ്പ് താൻ കൂടെ ജോലി ചെയ്ത പ്രശസ്തനായ ഒരു തമിഴ് സംഗീത സംവിധായകൻ തന്നെ ലൈംഗികമായും സാമ്പത്തികമായും മാനിസികമായും പീഡിപ്പിച്ചെന്നാണ് ഗായികയുടെ പരാതി.

ആരോപണവിധേയനായ വ്യക്തിയുടെ യഥാർത്ഥ പേര് വെളിപ്പെടുത്താതെ 'മദ്രാസിലെ എപ്സ്റ്റീൻ' എന്ന് ഇയാളെ വിശേഷിപ്പിച്ച സ്വാഗത, അയാൾ ഒരു ‘സീരിയൽ അബ്യൂസർ’ ആണെന്നും നിരവധി പെൺകുട്ടികൾ അയാളുടെ കെണിയിൽ പെട്ടെന്നും അഭിമുഖത്തിൽ വെളിപ്പെടുത്തി.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സ്വാഗത താൻ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തിയത്. സംഗീത സംവിധായകൻ സ്റ്റുഡിയോയിൽ വച്ച് തന്നെ ബലാത്സംഗം ചെയ്തെന്നും പിന്നീട് സിസിടിവി ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും ഗായിക ആരോപിച്ചു. മറ്റു പെൺകുട്ടികളുടെ അടുക്കൽ ഇന്നും ഇതൊക്കെ തുടരുന്നുണ്ടെന്നും സ്വാഗത കൃഷ്ണൻ ആരോപിച്ചു.

ചെന്നൈയിലെ സംഗീത സംവിധായകന്റെ സ്റ്റുഡിയോയിൽ വച്ചാണ് ഈ നടക്കുന്ന സംഭവങ്ങൾ നടന്നത്. സുരക്ഷിതമെന്ന് കരുതിയ ഈ സ്റ്റുഡിയോയിലെ സൗണ്ട് പ്രൂഫ് മുറിയിൽ രഹസ്യ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും, പീഡിപ്പിക്കുന്ന പെൺകുട്ടികളെ ഭീഷണിപ്പെടുത്താൻ ഇവയിലെ ദൃശ്യങ്ങൾ സംഗീത സംവിധായകൻ ഉപയോഗിച്ചിരുന്നതായും സ്വാഗത ആരോപിച്ചു.

സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയ മറ്റ് സ്ത്രീകളും തനിക്ക് മെസജ് അയച്ചതായി ഗായിക പറഞ്ഞു. പീഡനം നടന്ന സമയത്ത് അഭിഭാഷകരേയും മുതിർന്ന ഉദ്യോഗസ്ഥരേയും സമീപിച്ചെങ്കിലും ഭയം കാരണം ഔദ്യോഗികമായി പരാതി നൽകിയില്ല.

Swagatha S Krishnan
Source: Facebook/ Swagatha S Krishnan

ഒമ്പത് വർഷം നീണ്ട പ്രണയബന്ധം തകർന്ന് താൻ മാനസികമായി തകർന്നിരുന്ന സമയത്താണ് ഇയാൾ അടുക്കുന്നത്. ആദ്യം ഒരു വഴികാട്ടിയെപ്പോലെ വിശ്വാസം നേടിയെടുക്കുകയും പിന്നീട് വൈകാരികമായി അടിമയാക്കി പീഡിപ്പിക്കുകയുമായിരുന്നു. ജോലി ചെയ്തതിന് ശമ്പളം നൽകിയിരുന്നില്ല. തൻ്റെ വസ്തു വിറ്റു കിട്ടിയ പണം പല ആവശ്യങ്ങൾക്കായി കൈവശപ്പെടുത്തി. ഭാര്യയ്ക്ക് ഐഫോൺ വാങ്ങിക്കൊടുത്തത് പോലും തന്റെ പണം ഉപയോഗിച്ചാണ്.

തനിക്കു വേണ്ടി പാടാൻ വരുന്ന ചെറിയ പെൺകുട്ടികളെ ദുരുദ്ദേശ്യത്തോടെയാണ് ഇയാൾ നോക്കാറുണ്ടായിരുന്നതെന്നും, സ്വതന്ത്ര സംഗീതജ്ഞരെയും മറ്റ് ദുർബലരായ സ്ത്രീകളെയും ലക്ഷ്യമിട്ടാണ് ഇയാൾ പ്രവർത്തിക്കുന്നതെന്നും സ്വാഗത ആരോപിക്കുന്നു.

സ്റ്റുഡിയോയ്ക്കുള്ളിൽ താൻ നേരിട്ട അനുഭവത്തിൻ്റെ ആഘാതം വലുതായിരുന്നു. സിനിമാ-സംഗീത കരിയർ തന്നെ അവസാനിപ്പിക്കാൻ താൻ തീരുമാനിച്ചത് അതുകൊണ്ടാണ്. ഇതേ തുടർന്നാണ് ചെന്നൈ വിട്ട് ഋഷികേശിലേക്ക് താമസം മാറിയതെന്നും അവർ പറഞ്ഞു.

Swagatha S Krishnan
Source: Facebook/ Swagatha S Krishnan

താൻ മാത്രമല്ല ഇയാളുടെ ഇരയെന്നും കൂടുതൽ സ്ത്രീകൾ പരാതിയുമായി മുന്നോട്ട് വന്നാൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും സ്വാഗത വ്യക്തമാക്കി. അതേസമയം, ജി.വി. പ്രകാശ് കുമാർ, ജിബ്രാൻ, ഡി. ഇമ്മൻ, അനിരുദ്ധ് രവിചന്ദർ എന്നിവരെല്ലാം താൻ ആരാധിക്കുന്നവരാണെന്നും സ്വാഗത പ്രശംസിച്ചു.

'ശിവശങ്കരി ടോക്‌സ്' എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗായിക ഈ വെളിപ്പെടുത്തൽ നടത്തിയത്. സ്റ്റുഡിയോയിൽ വരുന്ന കുട്ടികളുടെ ദൃശ്യങ്ങൾ രഹസ്യമായി റിക്കോർഡ് ചെയ്ത് കാണുന്നത് അയാൾക്കൊരു ഹോബി പോലെയായിരുന്നു. സ്വതന്ത്രരായ സ്ത്രീകളെയാണ് അയാൾ ലക്ഷ്യമിടുന്നതെന്നും അവരെ സാമ്പത്തികമായി ചൂഷണം ചെയ്യുമെന്നതടക്കം ഗുരുതരമായ വെളിപ്പെടുത്തലുകളാണ് സ്വാ​ഗത നടത്തിയത്.

15 വർഷം സിനിമ മേഖലയിൽ സജീവമായിരുന്ന താരമാണ് സ്വാഗത കൃഷ്ണൻ. സൗണ്ട് എൻജിനീയറായി ജോലി ചെയ്തിരുന്ന സ്വാഗത തമിഴിൽ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 2021ൽ പുറത്തിറങ്ങിയ 'ബാച്ചിലർ' എന്ന സിനിമയിലെ 'കാതൽ കൺമണി', 'കാട്രിൻ മൊഴി’ എന്ന സിനിമയിലെ 'ഡേർട്ടി പൊണ്ടാട്ടി' തുടങ്ങി നിരവധി ഗാനങ്ങൾ സ്വാഗത കൃഷ്ണൻ ആലപിച്ചിട്ടുണ്ട്. പിന്നണി ഗാനരംഗം വിട്ട സ്വാഗത കൃഷ്ണ കുറച്ചു വർഷങ്ങളായി ഋഷികേശിൽ ബിസിനസ് ചെയ്യുകയാണ്.

News Malayalam 24x7
newsmalayalam.com