

മതിമാരൻ പുകഴേന്തി സംവിധാനം ചെയ്ത് സൂരി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'മണ്ടാടി' തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കാർത്തി നായകനായ 'സർദാർ 2' എന്ന സ്പൈ ആക്ഷൻ ചിത്രത്തിനൊപ്പമാണ് സൂരിയുടെ 'മണ്ടാടി' തിയേറ്ററുകളിലെത്തിയത്. ഏറെ പ്രതീക്ഷയോടെ എത്തിയ 'സർദാർ' സീക്വലിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ, ‘സർദാർ 2’ന് ആശംസയും ‘മണ്ടാടി’ക്ക് പ്രശംസയുമായി നടൻ ശിവകാർത്തികേയൻ പങ്കുവച്ച പോസ്റ്റുകൾ ചർച്ചയാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ.
'സർദാർ' സിനിമയ്‌ക്ക് ഒറ്റ വരിയിൽ 'ബെസ്റ്റ് വിഷസ്' പറഞ്ഞ ശിവകാർത്തികേയൻ തൊട്ടടുത്ത പോസ്റ്റിൽ 'മണ്ടാടി'യെപ്പറ്റി വാചാലനായി. ക്ലാഷ് റിലീസിൽ സൂരി ചിത്രമാണ് വിജയിയെന്ന് സൂചിപ്പിക്കുന്നതായിരുന്നു ഈ പോസ്റ്റ്.
"മണ്ടാടി എന്ന ചിത്രത്തിന് ഗംഭീര റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. സൂരി അണ്ണന്റെ കഠിനാധ്വാനത്തിനും സ്ഥിരോത്സാഹത്തിനും സമർപ്പണത്തിനും ഫലം ലഭിച്ചിരിക്കുന്നു. നല്ല ഉള്ളടക്കങ്ങൾ എപ്പോഴും വിജയിക്കും. വലിയ ബ്ലോക്ക്ബസ്റ്റർ വിജയം നേടാൻ എന്റെ പ്രിയപ്പെട്ട സൂരി അണ്ണനും മുഴുവൻ ടീമിനും ആശംസകൾ," എന്നാണ് നടൻ എക്സിൽ കുറിച്ചത്.
2022ൽ ശിവകാർത്തികേയൻ നായകനായ 'പ്രിൻസും', കാർത്തിയുടെ 'സർദാറും' സമാനമായ രീതിയിൽ ക്ലാഷ് റിലീസ് ചെയ്തപ്പോൾ നടൻ സൂര്യ പങ്കുവച്ച ഒരു എക്സ് പോസ്റ്റിനുള്ള മറുപടിയാണിതെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നത്.
അന്ന്, സൂര്യ 'പ്രിൻസ്' സിനിമയ്‌ക്കും അണിയറപ്രവർത്തകർക്കും ഒറ്റ വരിയിൽ ആശംസ നേരുകയായിരുന്നു. എന്നാൽ, തൊട്ടടുത്ത പോസ്റ്റിൽ അനുജൻ കാർത്തിയുടെ ചിത്രത്തിന് ആശംസ നേരുന്നതിനൊപ്പം സിനിമയ്ക്ക് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നതെന്നും "നല്ല ഉള്ളടക്കങ്ങൾ എപ്പോഴും വിജയിക്കും" എന്നും കൂട്ടിച്ചേർത്തു. ഇത് 'പ്രിൻസി'നെ ലക്ഷ്യം വച്ചാണെന്ന് അന്നുതന്നെ വ്യാഖ്യാനിക്കപ്പെട്ടിരുന്നു.
സൂര്യ 'സർദാറി'നെപ്പറ്റി കുറിച്ചത് ഇങ്ങനെ: "നല്ല ഉള്ളടക്കങ്ങൾ എപ്പോഴും വലിയ വിജയം നേടും! സർദാർ ടീമിനെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് കേൾക്കുന്നത്. കാർത്തി, പി.എസ്. മിത്രൻ, ജി.വി. പ്രകാശ് കുമാർ, ജോർജ്ജ് സി. വില്ല്യംസ്, ആന്റണി എൽ. റൂബൻ, ലക്ഷ്മൺ കുമാർ, ഉദയനിധി സ്റ്റാലിൻ... സിനിമയ്ക്ക് ലഭിക്കുന്ന ഈ മികച്ച പ്രതികരണത്തിൽ വളരെയധികം സന്തോഷം, ആശംസകൾ!," എന്നാണ് നടൻ എക്സിൽ കുറിച്ചത്. 'മണ്ടാടി', 'സർദാർ 2' സിനിമകളുടെ റിലീസിന് പിന്നാലെ ശിവകാർത്തികേയൻ പങ്കുവച്ച പോസ്റ്റുകളിൽ സൂര്യ അന്ന് ഉപയോഗിച്ച അതേ വാചകങ്ങൾ കാണാം. ഇതിൽ തന്നെ - "മികച്ച ഉള്ളടക്കങ്ങൾ എപ്പോഴും വലിയ വിജയം നേടും" എന്ന ഭാഗം സോഷ്യൽ മീഡിയ ആഘോഷമാക്കുകയാണ്.
'വെണ്ണില കബഡി കുഴു' എന്ന ചിത്രത്തിലെ ഹാസ്യ വേഷത്തിലൂടെയാണ് സൂരി ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് 'ജില്ല', 'വേതാളം', 'അണ്ണാത്തെ', 'രജനിമുരുകൻ' തുടങ്ങി നിരവധി ചിത്രങ്ങളിൽ ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അദ്ദേഹം ജനപ്രിയനായി. വെട്രിമാരൻ സംവിധാനം ചെയ്ത 'വിടുതലൈ' എന്ന ചിത്രത്തിലൂടെയാണ് സൂരി നായകനായി അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം 'ഗരുഡൻ', 'കൊട്ടുക്കാളി', 'മാമൻ' തുടങ്ങിയ ചിത്രങ്ങളിലും നായകനായി തിളങ്ങി.
കടലോര പശ്ചാത്തലത്തിൽ കഥ പറയുന്ന ആക്ഷൻ ഡ്രാമയാണ് സൂരിയുടെ പുതിയ ചിത്രം 'മണ്ടാടി'. സെയിലിങ് ബോട്ട് റേസ് ആസ്പദമാക്കിയാണ് സിനിമയുടെ കഥ മുന്നേറുന്നത്. സൂരിയെ ഏറെ മാസ് ആയി അവതരിപ്പിക്കുന്ന ഒരു ചിത്രം കൂടിയാണിത്. മലയാളി താരം മഹിമ നമ്പ്യാർ ആണ് നായിക വേഷത്തിൽ എത്തുന്നത്. തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിലെ വില്ലൻ.