സര്‍ക്കാര്‍ ആശുപത്രിയില്‍ ജ്വാല ഗുട്ട ദാനം ചെയ്തത് 30 ലിറ്റര്‍ മുലപ്പാല്‍; ധീരമായ നടപടിയെന്ന് സോഷ്യല്‍ മീഡിയ

ഇതുവരെ 30 ലിറ്റര്‍ മുലപ്പാല്‍ ആണ് ക്യാംപയിനിന്റെ ഭാഗമായി ജ്വാല ആശുപത്രിക്ക് നല്‍കിയിരിക്കുന്നതെന്നാണ് വിവരം
സര്‍ക്കാര്‍ ആശുപത്രിയില്‍ ജ്വാല ഗുട്ട ദാനം ചെയ്തത് 30 ലിറ്റര്‍ മുലപ്പാല്‍; ധീരമായ നടപടിയെന്ന് സോഷ്യല്‍ മീഡിയ
Published on

ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരമായ ജ്വാല ഗുട്ടയും തമിഴ നടന്‍ വിഷ്ണു വിശാലും കഴിഞ്ഞ ഏപ്രിലിലാണ് തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ സന്തോഷത്തോടെ വരവേറ്റത്. ഇപ്പോഴിതാ സര്‍ക്കാര്‍ ആശുപത്രിയില്‍ നടക്കുന്ന ഒരു ക്യാംപയിനിന്റെ ഭാഗമായിരിക്കുകയാണ് ജ്വാല ഗുട്ട. ഇതുവരെ 30 ലിറ്റര്‍ മുലപ്പാല്‍ ആണ് ക്യാംപയിനിന്റെ ഭാഗമായി ജ്വാല ആശുപത്രിക്ക് നല്‍കിയിരിക്കുന്നതെന്നാണ് വിവരം.

ജനിച്ചു വീഴുന്ന കുഞ്ഞിന് മുലപ്പാല്‍ എത്ര പ്രധാനമാണെന്ന് അറിയിച്ചുകൊണ്ട് വിഷ്ണു വിശാല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഓഗസ്റ്റില്‍ ജ്വാല തന്റെ എക്‌സ് പോസ്റ്റിലും ഇതു സംബന്ധിച്ച് വാര്‍ത്ത പോസ്റ്റു ചെയ്തിരുന്നു. അമ്മമാരില്ലാത്തതോ, മാസം തികയാതെ ജനിച്ചതോ ആയ കുഞ്ഞുങ്ങളെ സഹായിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും താനും അതിന്റെ ഭാഗമാവുകയാണെന്നും അറിയിച്ചുകൊണ്ടായിരുന്നു ഓഗസ്റ്റില്‍ ജ്വാല എക്‌സില്‍ കുറിപ്പ് പങ്കുവെച്ചത്.

'മുലപ്പാല്‍ ജീവന്‍ രക്ഷിക്കുന്നു. മാസം തികയാതെ പ്രസവിക്കുന്നതോ, അസുഖബാധിതരായ കുഞ്ഞുങ്ങള്‍ക്കോ, മുലപ്പാല്‍ അവരുടെ ജീവിതം തന്നെ മാറ്റുന്ന ഒന്നായിരിക്കും. മുലപ്പാല്‍ ദാനം നല്‍കാന്‍ നിങ്ങള്‍ തയ്യാറാവുകയാണെങ്കില്‍ ഒരു കുടുംബത്തിന് തന്നെ നിങ്ങള്‍ ഹീറോ ആയി മാറുകയാണ്. കൂടുതല്‍ അറിയുക, ലോകത്തോട് പങ്കുവെക്കുക, മില്‍ക്ക് ബാങ്കുകളെ പിന്തുണയ്ക്കുക,' എന്നായിരുന്നു ജ്വാല ഗുട്ട പങ്കുവെച്ചത്.

കഴിഞ്ഞ നാല് മാസമായി ജ്വാല സ്ഥിരമായി മുലപ്പാല്‍ ദാനം ചെയ്യുന്നുണ്ട്. ഇതുവരെ 30 ലിറ്റര്‍ മുലപ്പാല്‍ ആണ് ജ്വാല നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ജ്വാലയെ പിന്തുണച്ച് നിരവധി പോരാണ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com